പാലക്കാട്: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയാണ് ഒരുമാസം മുമ്പ് തൃശ്ശൂർ കല്ലുപുറത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. 2016 ഒക്ടോബറിലായിരുന്നു സെബീനയും സൈനുൽ ആബിദീനും തമ്മിലുള്ള വിവാഹം.

വിവാഹസമയത്ത് വീട്ടുകാർ സ്ത്രീധനമോ മറ്റോ ചോദിച്ചിരുന്നില്ല. 100 പവനെങ്കിലും സ്ത്രീധനം തങ്ങൾ പ്രതീക്ഷിച്ചിരുന്നതായി വിവാഹശേഷം സൈനുൽ ആബിദീന്റെ വീട്ടുകാർ പറഞ്ഞിരുന്നുവെന്ന് സെബീനയുടെ കുടുംബം ആരോപിച്ചു. പിന്നീട് പലതവണയായി സെബീനയുടെ കുടുംബത്തിൽ നിന്ന് പണംവാങ്ങി.

ചെറിയ ആവശ്യങ്ങൾക്കു പോലും വലിയ തുക വാങ്ങിയിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. പലതവണ വീട്ടുകാരുമായി പ്രശ്‌നങ്ങളുണ്ടായി. 45 തവണ പള്ളിക്കമ്മിറ്റിയടക്കം ഇരുവീട്ടുകാർക്കുമിടയിൽ മധ്യസ്ഥ ചർച്ചകൾ നടന്നിട്ടുണ്ടെന്നും സെബീനയുടെ കുടുംബം പറയുന്നു.

ഭാര്യവീട്ടിൽ നിന്ന് ലഭിക്കുന്ന പണമുപയോഗിച്ച് ജീവിക്കുകയായിരുന്നുവത്രെ സൈനുൽ ആബിദീന്റെ ലക്ഷ്യം. പലതവണ ഇയാളെ ഗൾഫിലേക്ക് കൊണ്ടുപോയിട്ടും ജോലി ചെയ്യാൻ തയാറായില്ലെന്നും പരാതിയിലുണ്ട്. ജ്യേഷ്ഠന്റെ ഭാര്യയടക്കം സെബീനയെ ഉപദ്രവിച്ചിരുന്നു. നിലവിൽ സൈനുൽ ആബിദീനും കുടുംബവും ഒളിവിലാണെന്നാണ് കുന്നംകുളം പൊലീസ് പറയുന്നത്.

അതേസമയം മരിക്കുന്നത് മുമ്പ് സെബീന മാതാവിന് അയച്ച ശബ്ദസന്ദേശവും പുറത്തു വന്നിട്ടുണ്ട്. 'എന്നോടിവിടെ നിൽക്കാൻ നാണമില്ലേന്ന് ചോദിച്ച് ബുദ്ധിമുട്ടിക്കാണ്. എന്താ ഞാൻ ചെയ്യേണ്ടേ... എനിക്കറിയില്ല'. തൃശ്ശൂർ കല്ലുംപുറത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ സെബീന മരിക്കുന്നതിന് മുമ്പ് മാതാവിന് അയച്ച ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം ഇതായിരുന്നു.