- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുഷാർ വെള്ളാപ്പള്ളിയെ അഴിക്കുള്ളിൽ ആക്കാൻ ഉറച്ച് തെലുങ്കാന പൊലീസിന്റെ നീക്കം; ഓപ്പറേഷൻ താമരയിൽ തുഷാർ വെള്ളാപ്പള്ളിയെ പ്രതി ചേർത്തു; പ്രത്യേക കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ടു സമർപ്പിച്ചു; ബി എൽ സന്തോഷും ജഗ്ഗു സ്വാമിയും പ്രതികൾ; ഒളിവിൽ പോകാതെ മറ്റു മാർഗ്ഗങ്ങളില്ലാതെ തുഷാർ
ഹൈദരാബാദ്: ബിജെപിക്കായി തെലങ്കാന എംഎൽഎമാരെ വിലയ്ക്കെടുത്ത് കൂറുമാറ്റാൻ ശ്രമിച്ച സംഭവത്തിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ നീക്കങ്ങളുമായി തെലുങ്കാന പൊലീസ് രംഗത്തെത്തി. നേരത്തെ തുഷാറിനെതിരെ ഹൈദരാബാദ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ തെലുങ്കാന പൊലീസ് കർശനമാക്കിയത്. തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാരെ ചാക്കിലാക്കി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ,ുഷാർ വെള്ളാപ്പള്ളി അടക്കം നാല് പേരെക്കൂടി പ്രത്യേക അന്വേഷണ സംഘം പ്രതി ചേർത്തിരിക്കുന്നത്.
അഴിമതിവിരുദ്ധ പ്രത്യേക കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ തുഷാറിനു പുറമേ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, മലയാളിയായ ജഗ്ഗു സ്വാമി, ബി.ശ്രീനിവാസ് എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്. ടിആർഎസ് എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയുടെ പരാതിപ്രകാരമുള്ള കേസിൽ രാമചന്ദ്ര ഭാരതി, നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവരെ നേരത്തെ പ്രതിചേർത്തിരുന്നു. ടിആർഎസ് വിട്ട് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ പ്രതികൾ തനിക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണു രോഹിത് റെഡ്ഡിയുടെ പരാതിയിലുള്ളത്.
26നോ 28നോ പ്രത്യേകാന്വേഷണ സംഘത്തിനു മുൻപിൽ ഹാജരാകാൻ ബി.എൽ.സന്തോഷിനു തെലങ്കാന ഹൈക്കോടതിയുടെ നിർദേശപ്രകാരം നോട്ടിസ് നൽകി. നേരത്തെ സന്തോഷ്, തുഷാർ, ജഗ്ഗു എന്നിവർക്കു ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും എത്തിയിരുന്നില്ല. ശ്രീനിവാസ് ഹാജരായി. തെലങ്കാന സർക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷൻ താമര' പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവാണു പുറത്തുവിട്ടത്.
എംഎൽഎമാരെ സ്വാധീനിക്കാൻ 100 കോടി വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാർ വെള്ളാപ്പള്ളിയാണെന്നായിരുന്നു ആരോപണം. തുഷാറിന്റെ ഏജന്റുമാരെന്നു കരുതുന്നവർ ടിആർഎസ് എംഎൽഎമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാൽ, ഈ ആരോപണം തള്ളുകയാണ് ഉണ്ടായത്. തെലങ്കാനയിലെ എംഎൽഎമാരെ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണം ഉന്നയിച്ചവർ തെളിവുകൾ കൊണ്ടുവരട്ടെയെന്നുമായിരുന്നു തുഷാറിന്റെ വാദം.
തെലങ്കാന ഭരിക്കുന്ന ടി.ആർ.എസിനെ കുതിരക്കച്ചവടത്തിലൂടെ പുറത്താക്കി ഭരണം പിടിക്കാനുള്ള ശ്രമമാണ് തന്ത്രപരമായ നീക്കത്തിലൂടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തകർത്തത്. ഭരണം അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങളുടെ തെളിവുകൾ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു (കെ.സി.ആർ) പുറത്തുവിട്ടിരുന്നു. ടി.ആർ.എസ് എംഎൽഎമാരെ കാലുമാറ്റാൻ തുഷാർ വെള്ളാപ്പളി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതുവെന്നാണ് കെ.സി.ആർ ആരോപിച്ചത്. നാല് എംഎൽഎമാരെ വിലക്കെടുക്കാൻ ചുക്കാൻ പിടിച്ചത് തുഷാറാണെന്നാണ് പ്രധാന ആരോപണം. എംഎൽഎമാരെ സ്വാധീനിക്കാൻ പണവുമായി എത്തിയ മൂന്ന് ഏജന്റുമാരെ കഴിഞ്ഞ ദിവസം തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തെലങ്കാന രാഷ്ട്ര സമിതി എംഎൽഎമാരുമായി തുഷാർ ഫോണിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭാഷണത്തിനിടെ ബിജെപി നേതാവായ ബി.എൽ സന്തോഷുമായി സംസാരിക്കാൻ അവസരം നൽകാമെന്നാണ് തുഷാർ വാഗ്ദാനം നൽകിയത്. 'ഓപറേഷൻ താമര' എന്നുപേരിട്ട കുതിരക്കച്ചവടത്തിന് 'ചർച്ച'യ്ക്കെത്തി അറസ്റ്റിലായ മൂന്ന് ഏജന്റുമാരുടെയും സംഭാഷണങ്ങളിൽ തുഷാറിനെയും ബി.എൽ. സന്തോഷിനെയും ജഗു സ്വാമിയെയും കുറിച്ച് പലതവണ പറയുന്നുണ്ട്. കേസ് അന്വേഷണത്തിനായി തെലുങ്കാന പൊലീസ് നേരത്തെ കേരളത്തിലും എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ