- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാക്ക് സ്യൂട്ടും ഹെൽമറ്റും ധരിച്ച് വീട്ടിൽ 'അതിക്രമിച്ച് കയറി' ആക്രമണം; സ്വർണമാല കവരാൻ ഭർതൃമാതാവിനെ അജ്ഞാതർ അക്രമിച്ചെന്ന് മരുമകൾ; അന്വേഷണത്തിൽ അയൽവാസികളുടെ വെളിപ്പെടുത്തൽ നിർണായകമായി; 28കാരി അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഭർതൃമാതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ 28കാരിയായ മരുമകൾ അറസ്റ്റിൽ. ആക്രമണം നടത്തിയത് പുരുഷന്മാരെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഭർത്താവിന്റെ ട്രാക്ക് സ്യൂട്ടും ഹെൽമറ്റും ധരിച്ചാണ് യുവതി കൃത്യം നടപ്പാക്കിയത്. എന്നാൽ അയൽവാസികൾ നൽകിയ മൊഴികളാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സീതാലക്ഷ്മി ചൊവ്വാഴ്ചയാണ് ചികിത്സയിലിരിക്കേ മരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 58കാരിയായ സീതാലക്ഷ്മിയെ ആക്രമിച്ചത് മരുമകൾ മഹാലക്ഷ്മിയാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. കനമുള്ള പൈപ്പ് ഉപയോഗിച്ചാണ് മഹാലക്ഷ്മി ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.
തുളുകാക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൺമുഖവേലിന്റെ ഭാര്യയാണ് സീതാലക്ഷ്മി. അന്വേഷണത്തിന്റെ തുടക്കത്തിൽ അജ്ഞാതരായ ചിലർ ചേർന്ന് ഭർതൃമാതാവിനെ ആക്രമിക്കുകയായിരുന്നു എന്നാണ് മഹാലക്ഷ്മി മൊഴി നൽകിയിരുന്നത്. സീതാലക്ഷ്മിയുടെ കഴുത്തിൽ കിടക്കുന്ന സ്വർണമാലയ്ക്ക് വേണ്ടിയായിരുന്നു ആക്രമണമെന്നുമായിരുന്നു മൊഴി.
എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സീതാലക്ഷ്മിയെ ആക്രമിച്ചത് മഹാലക്ഷ്മി തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ട്രാക്ക് സ്യൂട്ടും ഹെൽമറ്റും ധരിച്ച് വീട്ടിൽ കയറിയയാളാണ് ആക്രമിച്ചത്. അന്വേഷണത്തിൽ ഭർത്താവിന്റെ വസ്ത്രം ധരിച്ചാണ് മഹാലക്ഷ്മി ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ആക്രമണം നടന്ന തിങ്കളാഴ്ച വൈകീട്ട് ഷൺമുഖവേൽ വീട്ടിൽ എത്തിയപ്പോൾ ഭാര്യ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഷൺമുഖവേൽ സഹായത്തിനായി ഒച്ചവെച്ചപ്പോൾ മഹാലക്ഷ്മിയും സഹായത്തിനായി ഓടിയെത്തി.
കഴുത്തിൽ കിടന്ന സ്വർണമാല കവരാൻ അജ്ഞാതരാണ് ഭർതൃമാതാവിനെ ആക്രമിച്ചത് എന്നാണ് മഹാലക്ഷ്മി പറഞ്ഞത്. അന്വേഷണത്തിൽ മഹാലക്ഷ്മിയും സീതാലക്ഷ്മിയും തമ്മിൽ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞതെന്നും പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ