ചെന്നൈ: കൈക്കൂലി കേസിൽ ഇഡി ഉദ്യോഗസ്ഥൻ അങ്കിത് തിവാരി അറസ്റ്റിലായതോടെ, കൂടുതൽ ഉദ്യോഗസ്ഥരെ റഡാറിലാക്കി തമിഴ്‌നാട് വിജിലൻസ്. മധുരയിലെ ഇഡി ഉദ്യോഗസ്ഥനാണ് അങ്കിത് തിവാരിയെങ്കിൽ, ചെന്നൈയിലേതടക്കം കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അങ്കിത് തിവാരിയുടെ വീട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ 20 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. അങ്കിത് തിവാരിയുടെ സഹപ്രവർത്തകർക്ക് ഉടൻ സമൻസ് അയക്കും. കേസ് സിബിഐക്ക് കൈമാറാൻ സാധ്യതയില്ല.

ഡിണ്ടിഗൽ- മധുര ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെ 9 മണിക്കാണ് മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ അങ്കിത് തിവാരി പിടിയിലായത്. ഒക്ടോബർ 29 ന് ഡിണ്ടിഗൽ സ്വദേശിയായ സർക്കാർ ഡോക്ടർക്കെതിരായ കേസ് ഒത്തുതീർപ്പാക്കാനുള്ള കൈക്കൂലി പണത്തിന്റെ രണ്ടാം ഗഡു വാങ്ങാനെത്തിയപ്പഴാണ് അറസ്റ്റ്. തീർപ്പാക്കിയ കേസ് ഇഡി അന്വേഷിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു എന്ന് നുണപറഞ്ഞുകൊണ്ടാണ് സർക്കാർ ഡോക്ടററെ വിരട്ടിയത്. ഒക്ടോബർ 30 ന് മധുരയിൽ ഇഡി ഓഫീസിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഡോക്ടർ മധുരയിൽ എത്തിയപ്പോൾ കാറിൽ കയറിയ അങ്കിത് കേസ് അവസാനിപ്പിക്കാൻ 3 കോടി ആവശ്യപ്പെട്ടു. പിന്നീട് തന്റെ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചുവെന്ന് അവകാശപ്പെട്ട അങ്കിത് കൈക്കൂലി 51 ലക്ഷമായി ഉറപ്പിച്ചു.

നവംബർ ഒന്നിന് സർക്കാർ ഡോക്ടർ ആദ്യ ഗഡുവായി 20 ലക്ഷം നൽകി. മുതിർന്ന ഇഡി ഉദ്യോഗസ്ഥരും പങ്കുപറ്റുന്നുവെന്ന പേരിൽ ബാക്കി തുക കൂടി നൽകാനായി അങ്കിത് ഡോക്ടറുടെ മേൽ സമ്മർദ്ദം ചെലുത്തി. വാട്‌സാപ്പ് സന്ദേശം വഴിയും മറ്റും കടുത്ത നടപടിയെടുക്കുമെന്ന ഭീഷണിയുയർത്തി.

അങ്കിതിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡോക്ടർ ഡിവിഎസിയുടെ ഡിണ്ടിഗൽ യൂണിറ്റിൽ പരാതി നൽകി. അധികാര ദുർവിനിയോഗം നടത്തുന്ന ഇഡി ഉദ്യോഗസ്ഥൻ എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. രണ്ടാമത്തെ ഗഡുവായ 20 ലക്ഷം കൈപ്പറ്റുന്നതിനിടെ വിജിലൻസ് പിടിയിലാവുകയും ചെയ്തു.

ആളുകളെ ബ്ലാക്ക്‌മെയിൽ ചെയ്ത് അങ്കിത് കോടികൾ സമ്പാദിച്ചതായും കൈക്കൂലിയിൽ ഒരുപങ്ക് സഹപ്രവർത്തകരുമായി പങ്കിട്ടെന്നും തമിഴ്‌നാട് വിജിലൻസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. റെയ്ഡിൽ സുപ്രധാന രേഖകൾ കണ്ടെടുത്തു. മധുരയിലെയും, ചെന്നൈയിലെയും നിരവധി ഉദ്യോഗസ്ഥരും കൈക്കൂലി കേസിൽ ഉൾപ്പെട്ടതായി ആരോപണമുണ്ട്.

അങ്കിതിന്റെ വീട്ടിലും മധുരയിലെ ഇഡി സബ് സോണൽ ഓഫീസിലും പരിശോധനയും നടത്തി. അടുത്തിടെ ഇഡി റെയ്ഡ് നേരിട്ട മണൽ കോൺട്രാക്ടർമാരോടും ഇയാളും മറ്റ് ചില ഉദ്യോഗസ്ഥരും കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. മധുര, ചെന്നൈ എൻഫോഴ്‌മെന്റ് ഓഫീസുകളിലും റെയ്ഡ് നടത്തി. ചെന്നൈയിലെ ഇഡി ഓഫീസിന്റെ ഗേറ്റ് പൂട്ടുകയും സിആർപിഎഫ് സംഘത്തെ വിന്യസിക്കുകയും ചെയ്തു. മേലുദ്യോഗസ്ഥർക്കും കൈക്കൂലിയുടെ വിഹിതം നൽകണമെന്ന് തിവാരി പറഞ്ഞതായി വിജിലൻസ് വാർത്തകുറിപ്പിൽ പരാമർശിച്ചു. തിവാരിയെ ഡിണ്ടിഗൽ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ടു തമിഴ്‌നാട്ടിൽ ഇഡി നീക്കം ശക്തം ആയിരിക്കെയാണ് മധുരയിൽ ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ ആയത്.