- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ യൂണിഫോമിൽ വിദ്യാർത്ഥികളെത്തി കള്ളു കുടിച്ചു മടങ്ങി; വീഡിയോ ദൃശ്യങ്ങൾ സൈബറിടത്തിലൂടെ പുറത്തുവന്നപ്പോൾ പണി കിട്ടിയത് കള്ളുഷാപ്പ് ഉടമകൾക്ക്; പ്രായപൂർത്തിയാകാത്തവർക്ക് മകള്ളു നൽകിയ കുരൂർ ഷാപ്പ് എക്സൈസ് അധികൃതർ അടച്ചുപൂട്ടി; കേസെടുത്തതിന് പിന്നാലെ ലൈസൻസ് റദ്ദാക്കൽ നടപടി
കോതമംഗലം: സ്‌കൂൾ കുട്ടികൾക്ക് കള്ളുനൽകിയ സംഭവത്തിൽ കുരൂർ കള്ളുഷാപ്പ് എക്സൈസ് അടച്ചുപൂട്ടിച്ചു. ലൈസൻസി കുട്ടമ്പുഴ വടാട്ടുപാറ മീരാൻസിറ്റി വെട്ടിക്കൽ ബിൻസു കുര്യക്കോസ്, വിൽപ്പനക്കാരൻ തൃക്കാരിയൂർ ചേലാമൂട്ടിൽ വേലായുധൻ എന്നിവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ബിൻസു ലൈസൻസിയായി പ്രവർത്തിച്ചിരുന്ന കോതമംഗലം ടൗൺ, കൊവേന്തപ്പടി, ചേലാട് എന്നീ ഷാപ്പുകളും അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇയാളെ നേരത്തെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
യൂണിഫോം ഇട്ട് ഷാപ്പിലെത്തിയ കുട്ടികൾക്ക് മദ്യം നൽകിയത് അബദ്ധമോ നോട്ടക്കുറവോ അല്ലെന്നും ലേഭേച്ഛമാത്രം നോക്കിയുള്ള പ്രവർത്തിയാണെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ ഷാപ്പ് പൂട്ടാൻ ഉത്തരവിട്ടിട്ടുള്ളത്. ഷാപ്പ് ലൈസൻസി അറിയപ്പെടുന്ന ഭരണപക്ഷ ട്രേഡ് യൂണിയൻ നേതാവാണെന്നാണ് വ്യാപകമായി പ്രചരിച്ചിട്ടുള്ള വിവരം.
ഇയാളുടെ ഇടപെടലിനെത്തുടർന്ന് പാർട്ടി നേതാക്കൾ എക്സൈസ് വകുപ്പിനെതിരെ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിയിക്കും പരാതി നൽകിയെന്നും നടപടി മരവിപ്പിച്ചിരിക്കുകയാണെന്നും പരക്കെ ആരോപണവും ഉയർന്നിരുന്നു. ഇതിനിടെയാണ് ഷാപ്പ് പൂട്ടാൻ എക്സൈസ് കമ്മീഷണറുടെ ഉത്തരവെത്തിയത്്. ആദ്യം കള്ളുഷാപ്പും പിന്നീട് ഷാപ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന മാന്തോപ്പ് റസ്റ്റോറന്റും അധികൃതർ അടച്ചുപൂട്ടിക്കുകയായിരുന്നു.
ഷാപ്പിൽ നിന്നും സ്‌കൂൾ കുട്ടികൾ മദ്യം കഴിച്ച് ഇറങ്ങി പോകുന്ന വീഡിയൊ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതെത്തുടർന്ന് എക്സൈസ് അധികൃതർ അന്വേഷണം നടത്തി, കേസെടുക്കുകയായിരുന്നു. എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ ഷാപ്പ് അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവാദ ഷാപ്പിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരിന്നു.
മറുനാടന് മലയാളി ലേഖകന്.