കോതമംഗലം: കോതമംഗലതത് യുവാവിനും പെൺസുഹൃത്തിനും നേരെ സദാചാര ഗുണ്ടാ ആക്രമണം. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും സുഹൃത്തായ ഡെന്റൽ വിദ്യാർത്ഥിനിക്കും നേരേയാണ് ഒരു സംഘം ആക്രമണം നടത്തി പണം മോഷ്ടിച്ചത്. യുവാവിന്റെ പണമടങ്ങിയ ബാഗും അക്രമികൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി.

മൂവാറ്റുപുഴ പുന്നമറ്റം സ്വദേശി കോട്ടക്കുടി ഷെമീർ(42) മൂവാറ്റുപുഴ മാർക്കറ്റ് പള്ളത്ത് കടവിൽ നവാസ്(39) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് യുവാവിനെ പ്രതികൾ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ യുവാവിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇയാളുടെ പണവും യു.എ.ഇ. ഡ്രൈവിങ് ലൈസൻസ്, എ.ടി.എം. കാർഡ് എന്നിവയടങ്ങിയ ബാഗും പ്രതികൾ തട്ടിയെടുത്തു.

ആക്രമണം നേരിട്ട യുവാവ് പരാതി നൽകിയതോടെയാണ് സദാചാര ഗുണ്ടകൾ കുടുങ്ങിയത്. പരാതിയിൽ കോതമംഗലം പൊലീസ് ഇൻസ്പെക്ടർ പി.ടി.ബിജോയിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെയും പിടികൂടിയത്. ഞായറാഴ്ച രാത്രി എട്ടരയോടെ പരാതിക്കാരനായ യുവാവും സുഹൃത്തായ ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയും ബൈക്കിലെത്തിയപ്പോൾ പ്രതികൾ ഇവരെ ചോദ്യംചെയ്യുകയായിരുന്നു.

പെൺകുട്ടി ആരാണെന്നും പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നും 15 വയസ്സല്ലേ പ്രായമുള്ളൂവെന്നും പറഞ്ഞ് പ്രതികൾ ഇരുവരോടും തട്ടിക്കയറി. ഇതോടെ പരാതിക്കാരൻ സുഹൃത്തായ വിദ്യാർത്ഥിനിയെ ഓട്ടോയിൽ കയറ്റിവിട്ടു. ഇതിനുപിന്നാലെയാണ് പ്രതികൾ രണ്ടുപേരും ചേർന്ന് യുവാവിനെ ക്രൂരമായി മർദിച്ച് പണവും രേഖകളും തട്ടിയെടുത്തത്. യുവാവിന്റെ ബൈക്കും അക്രമികൾ നശിപ്പിച്ചു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. യുവാവിൽനിന്ന് തട്ടിയെടുത്ത ബാഗും മറ്റുരേഖകളും പ്രതിയായ നവാസിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. എസ്‌ഐ. ആൽബിൻ സണ്ണി, എസ്‌ഐ. റെജി, എഎസ്ഐ. സലിം, എസ്.സി.പി.ഒ. നിയാസ് മീരാൻ. സി.പി.ഒ. ഷെഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.