കളമശ്ശേരി: ലഹരി സംഘങ്ങൾക്കെതിരെ പിടിമുറുക്കി എക്‌സൈസ് വകുപ്പ്. പാതാളം, മുപ്പത്തടം ഭാഗങ്ങളിൽ എക്‌സൈസ് നടത്തിയ രഹസ്യ നീക്കത്തിൽ മാരക രാസലഹരി മരുന്നുമായി രണ്ട് പേർ പിടിയിലായി. കടുങ്ങല്ലൂർ - മുപ്പത്തടം, തത്തയിൽ വീട്ടിൽ ശ്രീരാഗ് (23) കടുങ്ങല്ലൂർ - മുപ്പത്തടം കരയിൽ വടശ്ശേരി വീട്ടിൽ രാഹുൽ (23) എന്നിവരാണ് എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണറുടെ സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 6.400 ഗ്രാം എംഡിഎംഎ യും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഇവർ മയക്കുമരുന്ന് കച്ചവടത്തിനായി ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ക്രിമിനൽ കേസ്സുകളിൽ പ്രതികളായ ഇവർ ഇരുവരും, മയക്ക് മരുന്ന് ഇടപാട് തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും ഒരുമിച്ച് പിടിയിലാകുന്നത് ഇത് ആദ്യമായാണ്.

ഉപഭോക്താക്കൾക്കിടയിൽ 'കീരി രാജു' എന്ന് അറിയപ്പെടുന്ന ശ്രീരാഗ് ഇയാളുടെ ശിങ്കിടികളുടെ കൂടെ ഗോവയിൽ പോയി അവിടെ നിന്ന് വൻതോതിൽ മയക്ക് മരുന്ന് കടത്തികൊണ്ട് വന്ന് ഇവിടെ വിൽപ്പന നടത്തി വരുകയായിരുന്നു. ഗോവയിൽ നിന്ന് 'മങ്കി മാൻ ' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വിദേശിയിൽ നിന്നാണ് മയക്ക് മരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും വെളിപ്പെടുത്തി.

'കീരി രാജു' എന്നറിയപ്പെടുന്ന ശ്രീരാഗ് എന്നയാളും കൂട്ടാളികളും അർദ്ദരാത്രിയോടു കൂടി ഏലൂർ, പാതാളം, മുപ്പത്തടം ഭാഗങ്ങളിൽ ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് മയക്ക് മരുന്ന് വിതരണം നടത്തി വരുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ട് മാസങ്ങൾക്ക് മുമ്പേ ലഭിച്ചിരുന്നു. എന്നാൽ വ്യത്യസ്ത വാഹനങ്ങളും വ്യത്യസ്ത സിം കാർഡുകളും ഉപയോഗിച്ച് മയക്ക് മരുന്ന് ഇടപാട് നടത്തി വന്നിരുന്ന ഇവർ എക്‌സൈസ് സംഘത്തെ വെട്ടിച്ച് നടക്കുകയായിരുന്നു. ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എൻഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണർ ബി.ടെനിമോന്റെ നേതൃത്വത്തിലുള്ള സംഘം ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു.

മുപ്പത്തടം കാച്ചപ്പള്ളി റോഡിന് സമീപം അർദ്ധരാത്രിയോടു കൂടി മയക്കുമരുന്നുമായി എത്തിയ ഇരുവരെയും എക്‌സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. മാരക ലഹരിയിലായിരുന്ന ഇരുവരേയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്‌സൈസ് സംഘത്തിന് കീഴ് പെടുത്തുവാൻ ആയത്. ഇവരുടെ സംഘത്തിൽപ്പെട്ടവരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

പ്രധാനമായും റേവ് പാർട്ടികളിൽ ഉപയോഗിച്ച് വരുന്ന കൂടുതൽ വീര്യമേറിയ 'പാർട്ടി ഡ്രഗ്ഗ് ' എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിൻ ഡയോക്‌സി മെത്താഫിറ്റമിനാണ്  (MDMA)
ഇവരിൽ നിന്ന് കണ്ടെടുത്തത്. ഗ്രാമിന് 3000 രൂപ നിരക്കിൽ വിൽപ്പന നടത്തിവരുകയായിരുന്നു. ഈ ഇനത്തിൽപ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. ഈ മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തും.

പറവൂർ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീരാഗ് കൃഷ്ണ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ ജി അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ ടി എക്‌സ് ജസ്റ്റിൻ, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ.ഡി.ടോമി, പറവൂർ സർക്കിൾ സിഇഒ ജഗദീഷ് ഒ .എസ്, അമൃത് കരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.