- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യഭാമയും ബഷീറും വയോധികയുടെ വീട്ടിലെത്തിയത് നിർമ്മണപ്രവൃത്തികൾക്കായി; വയോധികയുടെ പശ്ചാത്തലം മനസിലാക്കിയതോടെ മോഷണത്തിനായി മൂന്നു ദിവസത്തെ ആസൂത്രണം; മാലമോഷണത്തിനിടെ വയോധികയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; ചിറ്റുരിലെ പത്മാവതിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ
പാലക്കാട്: വയോധികയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ത്രീ അടക്കം രണ്ടുപേർ അറസ്റ്റിൽ. ചിറ്റൂർ സ്വദേശികളായ സത്യഭാമ, ബഷീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ വീട്ടിൽ ജോലിക്കെത്തിയ ഇരുവരും ശനിയാഴ്ച ഉച്ചയോടെ മാല പൊട്ടിക്കാൻ ശ്രമിച്ചെന്നും ഇതിനിടെയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് പൊലീസ് പ്രാഥമികാന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. കഴുത്തിലുണ്ടായ ബലപ്രയോഗമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.
പത്മാവതിയുടെ വീട്ടിൽ ചില നിർമ്മാണപ്രവൃത്തികൾക്കായി എത്തിയവരാണ് സത്യഭാമയും ബഷീറും. വീട്ടിൽ പത്മാവതി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ ഇരുവരും മൂന്നുദിവസം മുൻപേ മോഷണം ആസൂത്രണം ചെയ്തതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മറ്റു തൊഴിലാളികൾ ഭക്ഷണം കഴിക്കുന്നതിനിടെ തങ്ങൾ ഭക്ഷണം കൊണ്ടുവന്നിട്ടില്ലെന്നും പുറത്തുപോവുകയാണെന്നും പറഞ്ഞ് ഇരുവരും ജോലിസ്ഥലത്തുനിന്ന് കടന്നു.
തുടർന്ന് പത്മാവതിയുടെ വീടിനകത്ത് കയറി ഇവരുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. പത്മാവതി മോഷണശ്രമം ചെറുക്കാൻ ശ്രമിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തതോടെ രണ്ടുപേരും ചേർന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ തോർത്ത് മുറുക്കിയാണ് പത്മാവതിയെ കൊലപ്പെടുത്തിയത്. തുടർന്ന് മാല മോഷ്ടിച്ച് കടന്നുകളഞ്ഞു.മോഷ്ടിച്ച മാല ബഷീറാണ് ചിറ്റൂരിലെ ജൂവലറിയിൽ വിറ്റതായും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് വീട്ടിൽ 74 കാരിയയായ പത്മാവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്മാവതി വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിനടുത്ത് തന്നെയാണ് മകനും താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിക്കാനായി അമ്മയെ വിളിക്കാനെത്തിയപ്പോഴാണ് പത്മാവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാലയും കാണാതായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ