- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യയിലെ ജോലിക്കിടെ ഉള്ള യാത്രകളിൽ തന്നേക്കാൾ 18 വയസിന് ഇളപ്പമായ യുവതിയോട് പ്രണയം; തന്നോട് മാത്രമേ യുവതി സംസാരിക്കാവു എന്ന വാശി; പ്രണയത്തോട് യുവതി മുഖം തിരിച്ചതോടെ അസൂയയും പകയും; ഉഡുപ്പി കൊലപാതകക്കേസ് പ്രതി പ്രവീൺ കൃത്യത്തിന് ശേഷം ദീപാവലിയും ആഘോഷിച്ചു
മംഗളൂരു: ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീൺ അരുൺ ചൗഗാലെ അസൂയയും പകയും മൂത്താണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ്. 39 കാരനായ പ്രവീൺ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അംഗമാണ്. സഹപ്രവർത്തകയായ അയ്‌നാസിനെ(21) വകവരുത്താൻ എത്തിയപ്പോളാണ് പെൺകുട്ടിയുടെ അമ്മ ഹസീന എം(47), അയ്‌നാസിന്റെ മൂത്ത സഹോദരി അഫ്‌നാൻ(23), സഹോദരൻ അസീം ( 14) എന്നിവരെയും കുത്തി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 9 മണിയോടെ, മംഗളൂരുവിൽ നിന്ന് അയ്‌നാസിന്റെ ഉഡുപ്പിയിലെ വീട്ടിലെത്തിയാണ് അരുംകൊല നടത്തിയത്.
പ്രതിയായ പ്രവീൺ നേരത്തെ മഹാരാഷ്ട്രയിൽ പൊലീസുകാരനായിരുന്നു. പിന്നീടാണ് മംഗളൂരുവിൽ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അംഗമായത്. ഇയാൾ വിവാഹിതനാണ്. രണ്ടുകുട്ടികളുമുണ്ട്. ജോലിക്കിടെയുള്ള യാത്രകളിൽ തന്നേക്കാൾ 18 വയസിന് ഇളപ്പമായ അയ്‌നാസിനോട് പ്രവീണിന് പ്രണയം തോന്നി. എന്നാൽ, അയ്‌നാസിന് അത്തരത്തിൽ താൽപര്യം ഉണ്ടായിരുന്നില്ല. യുവതി തന്റേത് മാത്രമായിരിക്കണമെന്നായിരുന്നു ഇയാളുടെ ചിന്തയും താല്പര്യവും. തന്നോടുമാത്രമേ അയ്‌നാസ് സ്‌നേഹം കാട്ടാവു എന്ന പൊസസീവ് സ്വഭാവം പ്രവീണിനെ ചെകുത്താനാക്കി മാറ്റി. അസൂയയും പകയും അയാളെ കീഴടക്കി.
മൊബൈൽ ഫോൺ ലൊക്കേഷനും കോൾ ഡേറ്റാ റെക്കോഡുകളും പരിശോധിച്ചാണ് ഉഡുപ്പി പൊലീസ് കൊലപാതകിയെ കണ്ടുപിടിച്ചത്. അയ്‌നാസിന്റെ ഫോണിലെ റെക്കോഡുകളും, ചാറ്റുകളും വിശദമായി പരിശോധിച്ചപ്പോൾ ഒരുകാര്യം കൂടി വ്യക്തമായി. കൊലപാതക സമയത്ത് പ്രവീണിന്റെ ഫോൺ സംശയകരമായ രീതിയിൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു.
മംഗളുരുവിൽ ഉപരിപഠനം നടത്തുകയായിരുന്ന അയ്‌നാസിന്റെ മൂത്ത സഹോദരി അഫ്‌നാനും ദീപാവലി അവധിക്കാണ് വീട്ടിലെത്തിയത്. അത് അവരുടെ ജീവനെടുക്കുകയും ചെയ്തു. തന്റെ വീടിന്റെ ലൊക്കേഷൻ അയ്‌നാസ് പ്രവീണുമായി പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ ഉഡുപ്പിയിലെ വീട് കണ്ടുപിടിക്കാൻ പ്രവീണിന് ബുദ്ധിമുട്ടേണ്ടി വന്നില്ല.

നാലംഗ കുടുംബത്തെ കുത്തി കൊലപ്പെടുത്തിയ ശേഷം പ്രതി പ്രവീൺ ബെൽഗാവിയിലെ കുടച്ചിയിൽ എത്തി ജലസേചന വകുപ്പിൽ എഞ്ചിനീയറായ അമ്മാവനൊപ്പം ദീപാവലി ആഘോഷിച്ചു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയാണ് പ്രവീൺകുമാർ ചൗഗാലെ. കർണാടകയെ ഞെട്ടിച്ച അരുംകൊലയാണ് നടന്നത്.
ഉഡുപ്പിയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള കുടച്ചിയിലെ അമ്മാവന്റെ വീട്ടിൽ നിന്നാണ് പ്രവീണിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും അന്വേഷണസംഘം കൂട്ടിച്ചേർത്തു. ഉഡുപ്പി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞ പ്രവാസിയായ നൂർ മുഹമ്മദ് നാട്ടിലെത്തിയതിന് പിന്നാലെ, നാലു പേരുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. നൂറുകണക്കിന് പേരാണ് അന്ത്യകർമങ്ങൾക്ക് എത്തിയത്.

നാടിനെ നടുക്കിയ കൊലപാതകമായതിനാൽ നാട്ടുകാർ ദീപാവലി ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു. ആക്രമണത്തിൽ നൂർ മുഹമ്മദിന്റെ മാതാവ് ഹാജറിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മരുമകൾ ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പരുക്കേറ്റിട്ടും അവശനിലയിൽ ഹാജിറ വീട്ടിലെ ടോയിലറ്റിൽ അഭയം തേടുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് ഹാജിറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മംഗളൂരുവിൽ എയർ ഹോസ്റ്റസ് ആയ അയ്‌നാസ് കഴിഞ്ഞ ദിവസമാണ് ഉഡുപ്പിയിലെ വീട്ടിലെത്തിയത്. അയ്‌നാസിനെ പിന്തുടർന്നാണ് പിന്നാലെ പ്രതിയും ഇവരുടെ വീട്ടിലെത്തിയത്. പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച ഓട്ടോറിക്ഷ ജീവനക്കാരൻ ശ്യാമിന്റെ മൊഴിയിൽ നിന്നാണ് അയാൾ ബംഗളൂരുവിൽ നിന്നാണ് ഉഡുപ്പിയിൽ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതി ബംഗളൂരു കന്നഡ ഭാഷ സംസാരിച്ചിരുന്നതായി ശ്യാം പൊലീസിന് മൊഴി നൽകി.
ഇതോടെയാണ് പ്രതിയുടെയും മരിച്ച യുവതിയുടെയും മംഗളൂരു ബന്ധം അന്വേഷണപരിധിയിലെത്തിയത്. വീട്ടിനുള്ളിൽ കയറിയ പ്രതി വാക്ക് തർക്കത്തിനൊടുവിൽ അയ്‌നാസിനെയാണ് ആദ്യം കുത്തിയതെന്നും പൊലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉഡുപ്പിയിൽ യുവാവിന്റെ ആക്രമണത്തിനിരയായ വൃദ്ധയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മകന്റെ ഭാര്യയേയും കുടുംബത്തെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പ്രതി നിരവധി തവണ ഹാജിറയുടെ വയറ്റിൽ കുത്തി. പരുക്കേറ്റിട്ടും അവശനിലയിൽ ഹാജിറ വീട്ടിലെ ടോയിലറ്റിൽ അഭയം തേടുകയായിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയാണ് ഹാജിറ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
കൊലപാതക വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ടോയ്‌ലറ്റ് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. വാതിൽ തുറക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഭയന്ന ഹാജിറ മടിച്ചു. ഒടുവിൽ പൊലീസ് വാതിൽ ബലമായി തകർത്ത് ഹാജിറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചികിത്സയ്ക്ക് ഒടുവിൽ ഹാജിറയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ഹാജിറ ഐസിയുവിൽ തന്നെ തുടരുകയാണ്.




