- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യു.കെ.യിൽ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; റിക്രൂട്ട്മെന്റ് ഏജൻസി ഡയറക്ടർ പിടിയിൽ
കണ്ണൂർ: മലയാളികളുടെ വിദേശജോലി മോഹം മുതലെടുത്ത് തട്ടിപ്പുകാർ കേരളത്തിൽ വലവിരിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി. നിരവിധി റിക്രൂട്ട്മെന്റ് തട്ടിപ്പു കേസുകൾ ഇടക്കിടെ പുറത്തുവരാറുണ്ട്. എന്നിട്ടും സമാനമായ തട്ടിപ്പുകൾ തുടരുകയും ചെയ്യുന്നു. ഇപ്പോൾ കണ്ണൂർ കേന്ദ്രമാക്കി തട്ടിപ്പു നടത്തിയ ആൾ കൂടി പിടിയിലായി. യു.കെ.യിൽ കെയറർ വിസ വാഗ്ദാനംചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ റിക്രൂട്ട്മെന്റ് ഏജൻസി ഡയറക്ടറാണ് അറസ്റ്റിലായത്.
കണ്ണൂർ ഗോപാൽ സ്ട്രീറ്റിലെ സ്റ്റാർനെറ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പയ്യാവൂർ കാക്കത്തോട് സ്വദേശി പെരുമാലിൽ പി.കെ.മാത്യൂസ് ജോസി(31) നെയാണ് തളിപ്പറമ്പിൽനിന്ന് കണ്ണൂർ എ.സി.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. സ്ഥാപനം പൊലീസ് പൂട്ടി. കൊല്ലം പുത്തൻതുറ സ്വദേശി ദീപ അരുണിന്റെ പരാതിയിലാണ് അറസ്റ്റ്.
യു.കെ.യിൽ വിസ വാഗ്ദാനംചെയ്ത് 5,95,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വിവിധ ജില്ലകളിൽനിന്നായി 11 പരാതികൾ ടൗൺ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി നാല് കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. എറണാകുളം സ്വദേശികളായ പി.ഹാജിറയുടെ 12 ലക്ഷവും കെ.സജിനയുടെ 5.9 ലക്ഷവും തിരുവനന്തപുരം സ്വദേശികളായ പ്രിയങ്കയുടെ ഒൻപതുലക്ഷവും പല്ലവിയുടെ 5.4 ലക്ഷം രൂപയും നഷ്ടമായി.
പണം നഷ്ടമായവർ എൻ.ആർ.ഐ. സെല്ലിലും നോർക്കയിലും പരാതി നൽകിയിരുന്നു. തട്ടിപ്പിനിരയായ ആറുപേർ കൂടി പരാതി നൽകിയിട്ടുണ്ട്. അന്വേഷണസംഘത്തിൽ ടൗൺ പൊലീസ് ഇൻസ്പെക്ടർ കെ.വി.സുഭാഷ് ബാബു, എസ്ഐ.മാരായ പി.പി.ഷമീൽ, സവ്യ സച്ചി, അജയൻ എന്നിവരുമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 45 ലക്ഷം രൂപ പിൻവലിച്ച് തിരുവനന്തപുരത്തെ ഒരു വ്യക്തിക്ക് നൽകിയതായി പൊലീസ് കണ്ടെത്തി. ഈ വ്യക്തിയെ കണ്ടെത്താൻ പൊലീസ് ശ്രമമാരംഭിച്ചു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു.
അതേസമയം തട്ടിപ്പിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണട്്. വിസ തട്ടിപ്പിലെ പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഒട്ടേറെപ്പേരിൽനിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഇരയായവർ മുഴുവൻ സ്ത്രീകളാണെന്നും പൊലീസ് പറഞ്ഞു. ബെൽജിയത്തിൽനിന്ന് റിക്രൂട്ട്മെന്റ് തട്ടിപ്പ് നിയന്ത്രിക്കുന്ന പ്രധാന പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ കണ്ണൂർ സ്വദേശി ഷാനോനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. മറ്റൊരു ഡയറക്ടറായ കൊട്ടിയൂരിലെ അഭിലാഷ് ഫിലിപ്പിനെതിരെയും കേസെടുത്തു.