ഹാൽദ്വനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ്സയും നമസ്‌കാര സ്ഥലവും പൊളിച്ചതിനെത്തുടർന്നുണ്ടായ കലാപത്തിൽ ആറു പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരറണം. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റുവെന്നുമാണ് ലഭിക്കുന്ന വിവരം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിരിക്കയാണ്. അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

സ്‌കൂളുകൾ പൂട്ടി. ഇന്റർനെറ്റ് സേവനങ്ങൾ നിർത്തി. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന് നാലുപേരെ അറസ്റ്റുചെയ്തു. പരിക്കേറ്റ മാധ്യമപ്രവർത്തകനുൾപ്പെടെ ഏഴു പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അൻപതിലേറെ പേരെ പ്രാഥമികശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു.

കൈയേറ്റ ഭൂമിയിലാണ് മദ്രസ നിർമ്മിച്ചതെന്ന് ആരോപിച്ച് കെട്ടിടം പൊളിക്കാൻ പ്രാദേശിക ഭരണകൂടവും പൊലീസും എത്തിയതോടെ വ്യാഴാഴ്ചയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമികൾ പൊലീസിനുനേരെ പെട്രോൾ ബോംബ് എറിയുകയും വെടിയുതിർക്കുകയും വാഹനങ്ങൾക്കു തീയിടുകയും ചെയ്തതായി നൈനിറ്റാൾ ജില്ലാ മജിസ്‌ട്രേറ്റ് വന്ദനസിങ് പറഞ്ഞു.

കർഫ്യൂ ഏർപ്പെടുത്തിയതോടെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രഹ്ലാദ് മീണ പറഞ്ഞു. കോടതി ഉത്തരവിന് അനുസൃതമായി മുൻകൂർ നോട്ടീസ് നൽകിയശേഷം നിയമ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് കെട്ടിടം പൊളിച്ചതെന്നും അവകാശപ്പെട്ടു.

കലാപത്തിനു പിന്നിൽ ഗൂഢാലോചനയാണെന്നും കുറ്റക്കാർക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും ബി.െജ.പി. എംപി. ഹർനാഥ് യാദവ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ബിജെപി. സൃഷ്ടിച്ച വർഗീയ ധ്രുവീകരണത്തിന്റെ ഫലമാണിതെന്ന് ശിവസേന എംപി. പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.

വിഷയം പാർലമെന്റിൽ ഉന്നയിച്ചു ഇ ടി മുഹമ്മദ് ബഷീർ എംപിയും. രാജ്യത്ത് എല്ലാം ശുഭകരമാണെന്നു പറയാനാണ് നിങ്ങൾ ധവളപത്രത്തിലൂടെ ശ്രമിച്ചത്. എന്നാൽ, ഏക സിവിൽ കോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡിൽ പള്ളികളും മദ്രസകളും പൊളിച്ചുനീക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണെന്നും ബഷീർ എംപി പറഞ്ഞു.

"രാജ്യത്ത് എല്ലാം ശുഭകരമാണെന്നു പറയാനാണ് നിങ്ങൾ ധവളപത്രത്തിലൂടെ ശ്രമിച്ചത്. ഇന്നു വെള്ളിയാഴ്ചയാണ്. ജുമുഅ നമസ്‌കാരം കഴിഞ്ഞുവരികയാണ് ഞാൻ. ഉത്തരാഖണ്ഡിലെ സംഭവവികാസങ്ങൾ കാരണം പള്ളിയിൽ ജനങ്ങൾ കരയുകയാണ്. ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയിരുന്നു അവിടെ. നാലുപേര് മരിച്ചെന്ന വാർത്ത വരുമ്പോഴും ജില്ലാ കലക്ടറുടെ കണക്കിൽ മരണസംഖ്യ രണ്ടാണ്. അധികൃതർ പള്ളിയും മദ്രസയുമെല്ലാം തകർക്കുകയാണ്."

കഴിഞ്ഞ ഒരു വർഷമായി ഇത്തരം സംഭവങ്ങൾ അവിടെ നടക്കുന്നുണ്ടെന്നാണു പുറത്തുവരുന്ന പുതിയ വിവരം. ഏക സിവിൽ കോഡിന് നിങ്ങൾ തിരഞ്ഞെടുത്ത സ്ഥലമാണിത്. ഇത്തരം സംഭവങ്ങളിൽ രാജ്യമൊന്നടങ്കം ആശങ്കയിലാണ്. നരഹത്യയും വിധ്വംസകപ്രവർത്തനങ്ങളും ശാരീരിക-മാനസിക പീഡനങ്ങളും വംശഹത്യയുമെല്ലാം സാധ്യമാണിവിടെ. ഒരാളുടെയും സ്വത്വവും ആശയവുമെല്ലാം ആർക്കും മാറ്റാനാകില്ലെന്നും എംപി ചൂണ്ടിക്കാട്ടി.

"മുൻ പ്രധാനമന്ത്രി നോട്ടുനിരോധനത്തെക്കുറിച്ച് പറഞ്ഞത് വളരെ കൃത്യമാണ്. നോട്ടുനിരോധനം സംഘടിത കൊള്ളയും ഭീകര ദുരന്തവുമാണെന്നാണ് അന്ന് മന്മോഹൻ സിങ് പറഞ്ഞത്. അഴിമതി തടയുന്നതിലും സുതാര്യത ഉറപ്പാക്കുന്നതിലും വിപ്ലവകരമായ നീക്കമായിരുന്ന വിവരാവകാശ നിയമം പാസാക്കിയത് യു.പി.എ സർക്കാരിന്റെ കാലത്തായിരുന്നു. എന്നാൽ, അതിന്റെ ചിറകുകൾ അരിയുകയാണ് നിങ്ങൾ ചെയ്തത്. ദാരിദ്ര്യ നിർമ്മാർജനത്തിൽ സുപ്രധാന നിയമനിർമ്മാണമായ എം.ജി.എൻ.ആർ.ഇ.ജി.എ നടപ്പാക്കിയതും യു.പി.എ സർക്കാരിന്റെ കാലത്തായിരുന്നുവെന്നും ഇ ടി ചൂണ്ടിക്കാട്ടി.