- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കാഞ്ചേരി പദ്ധതിയുടെ കരാർ യൂണിടാക്കിന് നൽകിയത് യുവി ജോസിനും അറിവുണ്ടായിരുന്നു; കോഴയുടെ ഒരുപങ്ക് ജോസും കൈപ്പറ്റിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പൻ; ലൈഫ് മിഷൻ മുൻ സിഇഒയുടെ ചോദ്യം ചെയ്യൽ തുടരും; അതിന് ശേഷം സിഎം രവീന്ദ്രനേയും വിളിച്ചു വരുത്തും; വടക്കാഞ്ചേരി ഇടപാടിൽ ഇഡി ലക്ഷ്യം മുഖ്യന്റെ ഓഫീസ് തന്നെ
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പദ്ധതിയുടെ മുൻ സിഇഒ യു.വി.ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ശേഷമാണ് ഇന്നലെ രാവിലെ ചോദ്യംചെയ്യലിനു ഹാജരാകാൻ യു.വി.ജോസിനോടു നിർദേശിച്ചത്. ഇനിയും ചോദ്യം ചെയ്യൽ തുടരും. ജോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി മാപ്പു സാക്ഷിയാക്കുന്ന് ഇഡിയുടെ പരിഗണനയിലാണ്. ജോസിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിക്കാനാണ് നീക്കം.
ലൈഫ് മിഷൻ കോഴക്കേസിൽ മുൻ സിഇഒ. യു.വി.ജോസിനെതിരെ കുരുക്ക് മുറുകുകയാണ്. അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോസിനെ പ്രതിയാക്കാനുള്ള ആലോചന. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ യൂണിടാക്കിന് നൽകിയത് സംബന്ധിച്ച് യു.വി.ജോസിനും അറിവുണ്ടായിരുന്നു എന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. കോഴയുടെ ഒരുപങ്ക് യു.വി.ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പൻ പറയുന്നു. മാപ്പു സാക്ഷിയാകാൻ സന്തോഷ് ഈപ്പനും തയ്യാറാണെന്നാണ് സൂചന.
യുഎഇ സംഘടനയായ റെഡ് ക്രെസന്റ് നൽകിയ 19 കോടി രൂപയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ കമ്പനിയായ യൂണിടാക് പദ്ധതിയുടെ നിർമ്മാണക്കരാർ നേടിയതെന്നാണ് ഇഡിയുടെ കേസ്. കസ്റ്റഡിയിലുള്ള ഈപ്പനെയും യു.വി.ജോസിനെയും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്യും. ഇന്നലെ ഒൻപത് മണിക്കൂറിലധികം ചോദ്യംചെയ്താണ് യു.വി.ജോസിനെ വിട്ടയച്ചത്. ഈപ്പൻ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയിൽ തുടരും. നിലവിലെ സാഹചര്യത്തിൽ ജോസിനെ മാപ്പുസാക്ഷിയാക്കിയാൽ കേസ് അട്ടിമറിക്കപ്പെടുമോ എ്ന്നതും ഇഡി പരിശോധിക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ഒൻപതുകോടിയോളം രൂപ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ കൈക്കൂലി നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. നിലവിൽ നാലരക്കോടിയുടെ കോഴിയിടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിൽ ഒരു പങ്ക് മറ്റു ചിലർക്കും കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും സംശയ നിഴലിലാണ്. രവീന്ദ്രനെ തുടർന്നും ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായാണ് യുവി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. രവീന്ദ്രനിലൂടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റ് ചിലരിലേക്കും അന്വേഷണം എത്തിയേക്കും.
സന്തോഷ് ഈപ്പനെ യുവി ജോസിന് പരിചയപ്പെടുത്തിയത് എം ശിവശങ്കറാണെന്ന് കഴിഞ്ഞ ദിവസം യു വി ജോസ് മൊഴി നൽകിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ. യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം രൂപയിൽ നിന്ന് നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ എത്തിച്ച് നൽകിയത്. ഈ കള്ളപ്പണ ഇടപാടിലാണ് ഇ ഡിയുടെ അറസ്റ്റ്.
യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് അടക്കമുള്ളവർക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും വ്യക്തമായിട്ടുണ്ട്. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിന്റെ കരാർ നൽകിയത് മുഖ്യമന്ത്രിയുടെ പൂർണ്ണ അറിവോടെ എന്നാണ് യുവി ജോസ് നൽകുന്ന സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് കരാർ നൽകിയതെന്നും മുൻ എംഎൽഎ അനിൽ അക്കരെ ആരോപിച്ചിരുന്നു.
ലൈഫ് മിഷൻ അഴിമതിയുമായി തനിക്ക് ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതം. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേർന്നതിന്റെ റിപ്പോർട്ടും അനിൽ അക്കര പുറത്തുവിട്ടിരുന്നു. ലൈഫ് മിഷൻ സിഇഒ യു.വി. ജോസ്, മുൻ മന്ത്രി എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്.
യുഎഇ കോൺസൽ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. യു.വി. ജോസിന്റെ കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) നിയമം ലംഘിച്ചാണ് ഫണ്ട് കൈപ്പറ്റിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നു. വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള റവന്യൂ ഭൂമിയിൽ വിദേശ ഏജൻസി നേരിട്ടു കെട്ടിടം പണിയുന്നതിനു അനുമതി നൽകുകയാണു മുഖ്യമന്ത്രി ചെയ്തത്. സംസ്ഥാന സർക്കാരിന് ഇതിനുള്ള അധികാരമില്ലെന്നും അനിൽ അക്കരെ കൂട്ടിച്ചേർത്തിരുന്നു. ഈ സാഹചര്യത്തിൽ യുവി ജോസിന്റെ മൊഴി നിർണ്ണായകമാണ്.
മറുനാടന് മലയാളി ബ്യൂറോ