വണ്ടിപ്പെരിയാർ : വണ്ടിപെരിയാറിൽ നിറയുന്നത് ആശങ്ക മാത്രം. വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ പ്രതിയുടെ ബന്ധുക്കൾ ചേർന്ന് ആക്രമിച്ച സംഭവം യുപിയിൽ നടന്ന സംഭവം പോലെ വിചിത്രമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുന്നതിനെ ഞെട്ടലോടെയാണ് കേരളം ഉൾക്കൊള്ളുന്നത്. വൻ ആസൂത്രണമാണ് ഇതിന് പിന്നിൽ നടന്നത്. പീഡനത്തിനിരായി കൊല്ലപ്പെട്ട 6 വയസ്സുകാരിയുടെ പിതാവിനെ കൊലപാതകക്കേസിൽ കോടതി വിട്ടയച്ച പ്രതിയുടെ പിതൃസഹോദരനാണ് കുത്തിപ്പരുക്കേൽപിച്ചത്. ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛനും പരുക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവിനു നെഞ്ചിലും ഇരുതുടകളിലുമാണ് കുത്തേറ്റത്. കൊല്ലുകയായിരുന്നു ലക്ഷ്യം. ഇതിന് ശേഷം പ്രതി ഓടി കയറിയത് സിപിഎം ഓഫീസിലേക്കാണ്.

ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്രതി പാൽരാജ് ആദ്യം എത്തിയത് വണ്ടിപ്പെരിയാറിലെ സിപിഎം പീരുമേട് ഏരിയ കമ്മിറ്റി ഓഫിസിലാണ്. ഇവിടെനിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ, തനിക്കു പരുക്കേറ്റന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തി. ഇവിടെവച്ചു പൊലീസ് പിടികൂടുകയായിരുന്നു. വണ്ടിപ്പെരിയാറിലെ പ്രതിയുടെ അച്ഛൻ പ്രദേശത്തെ പ്രധാന സിപിഎം നേതാവാണ്. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്ന യൂണിയൻ നേതാവ്. പെൺകുട്ടി മരിച്ചപ്പോൾ ഓടിയെത്തിയ ഇയാളുടെ നേതൃത്വത്തിലാണ് തെളിവ് നശീകരണം നടന്നത്. ഇതാണ് കോടതി വിചാരണയിൽ പ്രോസിക്യൂഷന് വിനയായത്. കോടതി വിധി വരുന്നതിന് ഒരു മാസം മുൻപു മുതൽ തന്നെ വെല്ലുവിളിയും ഭീഷണിയും ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പറയുന്നു. ഇനിയും ആക്രമണം ഉണ്ടാകുമോയെന്ന് ഭയക്കുന്നതായും ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചു.

കേസിൽ വിധി അനുകൂലമായിരിക്കുമെന്നും പ്രതിയാക്കപ്പെട്ട യുവാവിനെ മാലയിട്ട് എസ്റ്റേറ്റ് ലയത്തിൽ കൊണ്ടുവരുമെന്നും പ്രതിയുടെ ബന്ധുക്കൾ വെല്ലുവിളിച്ചിരുന്നതായും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. കോടതിയിൽ കേസ് നടക്കുന്നതിനിടെ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ പിതാവിനെ അന്വേഷണ ഉദ്യോഗസ്ഥൻ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതെന്നും പെൺകുട്ടിയുടെ മാതാവ് പറയുന്നു. വിവരം അറിഞ്ഞു വാഴൂർ സോമൻ എംഎൽഎ സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ ഹൗസ് ഓഫിസർ ക്ഷമ പറയുകയും ചെയ്തിരുന്നു. അതിനിടെ ഡീൻ കുര്യാക്കോസ് എംപി ഇന്നലെ വൈകിട്ട് 5.30നു പീരുമേട് ഡിവൈഎസ്‌പി ഓഫിസ് പടിക്കൽ നടത്തിയ കുത്തിയിരിപ്പ് സമരത്തിനു പിന്നാലെ, വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പൊലീസ് സംരക്ഷണം നൽകാൻ തീരുമാനം.

പെൺകുട്ടിയുടെ മാതാപിതാക്കൾ പുറത്തു പോകുന്ന സമയത്ത് 2 അംഗരക്ഷകരുടെ അകമ്പടി നൽകുമെന്നും ഇവർ കഴിയുന്ന ലയത്തിനു സമീപം തുടർച്ചയായി പൊലീസ് സാന്നിധ്യം ഉണ്ടാകുമെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് ഉറപ്പു നൽകിയതോടെയാണ് ഡീൻ കുര്യാക്കോസ് സമരം അവസാനിപ്പിച്ചത്. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുഞ്ഞിന്റെ പിതാവിനെ കുത്തിയ പ്രതി സിപിഎം ഓഫിസിലേക്കു ഓടിക്കയറിയ സാഹചര്യത്തിലാണ് ഇവർക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്ന് ഡീൻ പറഞ്ഞു. കേസിൽ അപ്പീൽ നൽകി തുടർ നിയമപോരാട്ടം നടത്തുന്ന കുടുംബത്തിന് നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് എംപി പറഞ്ഞു.

പ്രതിയുടെ കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തുന്നതായും ഭയപ്പെടുത്തുന്നതായും കുട്ടിയുടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ, പൊലീസ് നോക്കുകുത്തിയായി. ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ വേണ്ടി പൊലീസ്, പ്രോസിക്യൂഷൻ എന്നിവർ നടത്തിയ ഗൂഢാലോചനയാണ് പ്രതിയെ വിട്ടയയ്ക്കാൻ കാരണമായതെന്നും പറഞ്ഞു. ഇന്നലെ രാവിലെ 10.30 നു പശുമല ജംക്ഷനിൽവച്ചാണ് ആക്രമണമുണ്ടായത്. ഒരു സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിൽനിന്നു ഇരുചക്രവാഹനത്തിൽ വരികയായിരുന്നു കുട്ടിയുടെ പിതാവും മുത്തച്ഛനും. ഇവർ ജംക്ഷനിൽ എത്തിയപ്പോൾ, കേസിലെ പ്രതി അർജുന്റെ പിതൃസഹോദരൻ പാൽരാജ് കൈ ഉയർത്തി അശ്ലീല ആംഗ്യം കാട്ടി. കുട്ടിയുടെ പിതാവ് ഇതിനെ ചോദ്യം ചെയ്തതോടെ അരയിൽ തിരുകിയിരുന്ന കത്തി എടുത്തു കുത്തുകയായിരുന്നു. തടസ്സം പിടിക്കാൻ എത്തുന്നതിനിടെയാണ് മുത്തച്ഛനു തോളിൽ പരുക്കേറ്റത്.

ഉടൻ ഇരുവരെയും വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.