- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡി വൈ എഫ് ഐ സംഘടിപ്പിച്ച റീ സൈക്കിൾ ശേഖരണ പരിപാടിയുടെ പ്രവർത്തനങ്ങളിലെ മുൻ നിരക്കാരൻ; ലയങ്ങളിൽ കുട്ടി സഖാക്കളെ സൃഷ്ടിച്ചെടുത്ത പാർട്ടിക്കാരൻ; തൊഴിലാളി നേതാവായ അച്ഛന്റെ കരുത്തിൽ ജനകീയനുമായി; വണ്ടിപ്പെരിയാറിലെ കുറ്റവിമുക്തന്റേത് സിപിഎം രാഷ്ട്രീയം; റെഡ് വാളണ്ടിയർ ഇനി റെഡ് സല്യൂട്ടിന്!
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കൊടതി വെറുതെ വിടുന്നത് ഡിവൈഎഫ്ഐയുടെ മുൻ റെഡ് വാളണ്ടിയറെ. സിപിഎം ഭരിക്കുമ്പോൾ അതേ പാർട്ടിക്കാരൻ അതിക്രൂരമായി പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങളുണ്ടാക്കി. അന്ന് കൊല നടന്നപ്പോഴും പലരും മൗനം പാലിച്ചു. പ്രതികരണം നടത്താത്ത സാംസ്‌കാരിക ബുദ്ധിജീവികൾക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ തരംഗം. ഭരണകക്ഷികളുടെ അടിമ പണിയുടെ മൊത്ത കച്ചവടം ഏറ്റെടുത്തിട്ടുള്ള സാംസ്‌കാരിക പ്രവർത്തകർ എന്നവകാശപ്പെടുന്നവരുടെ നാവിറങ്ങി പോയോ എന്ന് സോഷ്യൽ മീഡിയ അന്ന് ചോദിച്ചിരുന്നു. ഏതായാലും കോടതി വെറുതെ വിടുന്നതോടെ അർജുന് ഇനി വീണ്ടും പൊതു രംഗത്ത് സജീവമാകാം.
കോടതി വെറുതെ വിട്ട ഡിവൈഎഫ്‌ഐ പ്രവർത്തകനായ അർജുൻ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു. അർജുന്റെ അച്ഛനും സിപിഎം പ്രവർത്തകനായിരുന്നു. അർജുനോട് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് തുടക്കം മുതൽതന്നെ ആരോപണം ഉയർന്നിരുന്നു. അർജുൻ ഡി.വൈ.എഫ്. ഐ പ്രവർത്തകനായതിനാൽ പൊലീസ് നേരാംവണ്ണം അന്വേഷിച്ചിരുന്നില്ലെന്നും പട്ടികജാതിക്കാരനല്ലാത്ത പ്രതിയെ പട്ടികജാതിക്കാരനാക്കിയാണ് പൊലീസ് അവതരിപ്പിച്ചതെന്നും പരാതിയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ വരെ സമീപിച്ചിരുന്നു. ഈ ഹർജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. വിചാരണയ്‌ക്കൊടുവിൽ തെളിവില്ലായ്മ പ്രതിക്ക് തുണയായി. ഇതോടെ കുറ്റവിമുക്തിയും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന പ്രതികരണ തൊഴിലാളികൾ തങ്ങളുടെ തൊട്ടടുത്ത് നടന്ന കുരുന്നിന്റെ ക്രൂരമായ കൊലപാതകത്തോട് എന്തുകൊണ്ടാണ് ഇത്തരം നിർവികാരമായ സമീപനം എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തിയത്. കുറ്റകൃത്യത്തെ സമർത്ഥമായി ഒളിപ്പിക്കാൻ അർജുന് കഴിഞ്ഞിരുന്നുവെന്ന സംശയം അന്നേ ഉയർന്നിരുന്നു. ഡിവൈഎഫ് ഐക്കാരനായ അർജുൻ മരണാനന്തര ചടങ്ങുകൾക്ക് സഹായി ആയി കൂടി. ആർക്കും സംശയം തോന്നിയില്ല. എന്നാൽ കുട്ടിയുടെ വേർപാട് താങ്ങാനായില്ലെന്ന വണ്ണം നടത്തിയ പൊട്ടിക്കരച്ചിലുകൾ സംശയമായി. അങ്ങനെ പൊലീസ് ചോദ്യം ചെയ്തു. ആദ്യം കളവു പറഞ്ഞെന്ന് വ്യക്തമായതോടെ അർജുനിലേക്ക് അന്വേഷണം എത്തി. പിന്നീട് കുറ്റസമ്മതവും നടത്തിയെന്നായിരുന്നു പൊലീസ് വാദം. ഇത് തെറ്റാണെന്ന് വരികയാണ് കോടതി വിധിയോടെ
ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായ ഇയാൾ സമീപ ലയങ്ങളിലെ ആൺകുട്ടികളെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു. ഡിവൈഎഫ്ഐ പെരിയാർ മേഖലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നപ്പോൾ നിരവധി യുവാക്കളെ പാർട്ടി പരേഡിൽ യൂണിഫോമിൽ പങ്കെടുപ്പിച്ചിരുന്നതും അർജുന്റെ നേതൃത്വത്തിലായിരുന്നു. അർജുന്റേത് പാർട്ടി കുടുംബമാണ്. അച്ഛൻ തൊഴിലാളി യൂണിയൻ നേതാവായതിനാൽ ലയങ്ങളിലുള്ളവർക്ക് യുവാവിനോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു. ഇതെല്ലാം ഈ കേസിന്റെ തുടക്കത്തിൽ വലിയ ചർച്ചയായിരുന്നു. ഏതായാലും കുറ്റ വിമുക്തനായ അർജുനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകാൻ സാധ്യത ഏറെയാണ്. കേരളത്തെ നടുക്കിയ കൊലയിൽ അതിവേഗ വിചാരണയും ഏതാണ്ട് നടന്നു. രണ്ടു കൊല്ലം കൊണ്ടു അർജുനെ വെറുതെ വിട്ടു. ഇനി പുനരന്വേഷണമെന്നാണ് പൊലീസ് നൽകുന്ന സൂചന.
കൊലപാതകം നടന്ന അന്ന് ഉച്ചയ്ക്ക് അർജുനൊപ്പം പെൺകുട്ടിയെ കണ്ടെന്ന അർജുന്റെ അടുത്ത ബന്ധു പൊലീസിനു നൽകിയ മൊഴിയാണു വഴിത്തിരിവായത്. 2 ദിവസമായി കുട്ടിയെ താൻ കണ്ടിട്ടില്ലെന്നായിരുന്നു അർജുൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ 30ന് തങ്ങൾക്കു ചക്ക മുറിച്ചു തന്നത് അർജുനാണെന്നും ഈ സമയം കുട്ടി പരിസരത്ത് ഉണ്ടായിരുന്നെന്നുമാണ് ബന്ധു പറഞ്ഞത്. ഇതോടെ കള്ളം പറഞ്ഞുവെന്ന് വ്യക്തമായി. കുട്ടിയെ അർജുൻ മൂന്നു വർഷമായി ഉപദ്രവിച്ചിരുന്നു. മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്ത് മിഠായിയും മറ്റും നൽകിയായിരുന്നു പീഡനം എന്നായിരുന്നു ആരോപണം. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കി അർജുൻ ലയത്തിലെ മുറിയിൽ കയറിയെന്ന ആക്ഷേപത്തിനും തെളിവൊന്നും ഇല്ല.
ഈ സമയം കുട്ടിയുടെ സഹോദരനുൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്തു മുടിവെട്ടുന്നുണ്ടായിരുന്നു. ഇവരറിയാതെയാണ് അകത്തു കടന്നത്. ഉപദ്രവിക്കുന്നതിനിടെ പെൺകുഞ്ഞ് ബോധരഹിതയായി. മരിച്ചെന്നു കരുതി മുറിയിലെ കയറിൽ കുട്ടിയെ കെട്ടിത്തൂക്കിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ഇതിനിടെ കുട്ടി കണ്ണു തുറന്നു. മരണം ഉറപ്പാക്കി മുൻവശത്തെ കതകടച്ച ശേഷം ജനാല വഴി ചാടി കടന്നുകളഞ്ഞതായും അർജുന്റെ മൊഴി നൽകിയെന്ന് പൊലീസ് അറിയിച്ചിരുന്നു. ലയത്തിലെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്‌മോർട്ടത്തിലാണു പീഡനവിവരം വ്യക്തമായത്.
കൊലപാതകം നടന്ന ഉടൻ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചു എന്ന് വരുത്തിത്തീർക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാൽ, ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെയാണ് അന്വേഷണത്തിന്റെ ഗതി മാറിയത്. പ്രതിക്ക് രാഷ്ട്രീയ സംഘടനയുമായി ബന്ധമുള്ളതായി അന്വേഷണത്തിൽ വെളിവായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു. പി.കെ ബഷീർ എംഎൽഎ, നജീബ് കാന്തപുരം എംഎൽഎ എന്നിവരുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി.
എന്നാൽ, അർജുൻ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നുവെന്നും ഡിവൈഎഫ്ഐ പെരിയാർ മേഖലാ കമ്മിറ്റി അംഗമാണെന്നും യൂത്ത് കോൺഗ്രസ്, യുവമോർച്ച എന്നീ സംഘടനകൾ ആരോപിച്ചിരുന്നു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച റീ സൈക്കിൾ ശേഖരണ പരിപാടിയുടെ പ്രവർത്തനങ്ങളിൽ മുൻനിരക്കാരൻ ആയി വീടുകളിൽ എത്തി സാധനങ്ങൾ സംഘടിപ്പിച്ചതു അർജുനാണെന്ന് നാട്ടുകാരും പറഞ്ഞിരുന്നു. വണ്ടിപെരിയാർ കേസിൽ പ്രതിയായ അതെ ദിവസം അർജുനെ അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡിവൈഎഫ്ഐയും അറിയിച്ചു.
കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചതെന്ന് ആരോപണമുയർന്നിരുന്നു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം കുറ്റപത്രത്തിൽ ചേർത്തിരുന്നില്ല. ക്രിസ്തുമത വിശ്വാസിയായ പ്രതി അർജുൻ പട്ടികവിഭാഗത്തിൽപെട്ടയാളാണെന്ന രേഖകളുണ്ടാക്കി പട്ടികവിഭാഗ പീഡനക്കേസ് മനഃപൂർവം ഒഴിവാക്കുകയാണെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, പ്രതി പട്ടികവിഭാഗക്കാരനാണെന്ന് അന്വേഷണത്തിൽ ബോധ്യമായെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചത്.
ഇയാളുടെ പിതാവ് മതം മാറിയതിന്റെ രേഖ കുട്ടിയുടെ പിതാവ് ഹാജരാക്കിയെങ്കിലും പരിശോധനക്ക് ലഭിച്ച സുപ്രധാന രേഖകളിലെല്ലാം പ്രതി പട്ടികജാതിക്കാരനാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറഞ്ഞ കോടതി ഹരജി തള്ളിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ