ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അർജുനെ കോടതി വെറുതേ വിട്ടത് കേരളത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട. കോളിളക്കം സൃഷ്ടിച്ച ഈ കേസിലെ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി വിധിയെഴുതിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാൽ, പൊലീസിന്റെ അന്വേഷണത്തിലെ വീഴ്‌ച്ചകൾ തന്നെയാണ് പ്രതി ശിക്ഷിക്കപ്പെടാതിരിക്കാൻ ഇടയാക്കിയതെന്നാണ് കോടതിയുടെ വിധിയിൽ നിന്നും വ്യക്തമാകുന്നത്. പൊലീസ് അന്വേഷണത്തിലെ വീഴ്‌ച്ചകൾ എവിടെയാണെന്ന് എണ്ണിയെണ്ണി പറയുന്നതാണ് വിധി.

കേസ് അന്വേഷണ ഉദ്യോഗസ്ഥനും പൊലീസിനും വീഴ്ച സംഭവിച്ചതായി കോടതി വിധിയിൽ വിലയിരുത്തി. കേസിലെ വിധി പകർപ്പിലാണ് പൊലീസിന്റെ വീഴ്ചകൾ കോടതി അക്കമിട്ട് നിരത്തിയത്. കുഞ്ഞ് കൊല്ലപ്പെട്ട് പിറ്റേദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥൻ സംഭവസ്ഥലത്തെത്തിയത്. കേസിൽ തെളിവ് ശേഖരിക്കുന്നതിൽ ഉൾപ്പെടെ പൊലീസിന് വീഴ്ച സംഭവിച്ചതായും വിധി പകർപ്പിൽ വ്യക്തമാക്കുന്നു.

കുട്ടി കൊല്ലപ്പെട്ടതാണെന്നും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുന്നുണ്ട്. എന്നാൽ അത് ചെയ്തത് അർജുനാണെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്നാണ് കോടതി ഉത്തരവിലെ കണ്ടെത്തൽ. കേസിലെ ശാസ്ത്രീയ തെളിവുകളുടെ പോരായ്മ, കൊലപാതകം നടന്ന മുറിയിൽനിന്ന് തെളിവുകൾ ശേഖരിച്ചതിൽ പൊലീസിനുണ്ടായ അപാകത തുടങ്ങിയ പൊലീസ് വീഴ്ചകളാണ് പ്രധാനമായും കോടതി ചൂണ്ടിക്കാണിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമെന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. വിരളടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നുമാണ് കണ്ടെത്തൽ. പ്രോസിക്യൂഷനും ഈ കേസിൽ പരാജയമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിലെ പരാജയമാണ് പ്രധാനമായും വിധി പകർപ്പിൽ കോടതി ചൂണ്ടിക്കാട്ടുന്നത്.

തെളിവുകൾ സൂക്ഷിക്കുന്ന കാര്യത്തിൽ ശാസ്ത്രീയമായ രീതി അവലംബിക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥൻ അലംഭാവം കാട്ടി. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമാണ് പൊലീസ് കാര്യക്ഷമമായ അന്വേഷണം പോലും നടത്തിയതെന്നും വിധി പകർപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെയാണ് കട്ടപ്പന അതിവേഗ പ്രത്യേക കോടതി അർജുനെ വെറുതെവിട്ടത്. വണ്ടിപ്പെരിയാർ സിഐ. ആയിരുന്ന ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പൊലീസ് വ്യക്തമാക്കി. 2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് കേസ് പരിഗണിച്ചത്. കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി.

കുട്ടി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി മൂന്നു വയസു മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.