- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിപ്പെരിയാർ കേസിൽ പൊലീസ് പ്രതിക്കൊപ്പം നിന്നു; പട്ടികജാതി, പട്ടികവർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ വീഴ്‌ച്ച വരുത്തി; കേസ് നീണ്ടുപോകുമെന്ന് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ചത്; പൊലീസിനെതിരെ ആരോപണവുമായി ആറു വയസുകാരിയുടെ കുടുംബം
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുക്കാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ പിതാവ് രംഗത്ത്. പൊലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്‌ച്ച വരുത്തി. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തിയാൽ ആനുകൂല്യം ലഭിക്കില്ല എന്ന് കത്ത് വന്നപ്പോൾ ആണ് ഇത്തരമൊരു തീരുമാനമെടുത്തതാണ് അറിഞ്ഞത്.
കേസിൽ പ്രതിയായ അർജുൻ പള്ളിയിൽ പോകുന്നയാളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ പൊലീസ് അലംഭവം കാണിച്ചുവെന്നും കുട്ടിയുടെ അച്ഛൻ ആരോപിച്ചു. ഡിവൈ എസ് പി ക്ക് പിന്നീട് പരാതി നൽകി. തുടർന്ന് സിഐയെ സമീപിക്കാൻ പറഞ്ഞു. പീരുമേട് എംഎൽഎയുടെ കത്തും നൽകി. എന്നിട്ടും പൊലീസ് ഇക്കാര്യത്തിൽ പ്രതിക്കൊപ്പം നിന്നു. എസ് സി-എസ്ടി നിയമം ചുമത്തിയാൽ അന്വേഷണം ഡിവൈഎസ്‌പി നടത്തണം. ഇത് ഒഴിവാക്കാനാണ് ആ വകുപ്പ് ഇടാതെയിരുന്നത്. കേസ് നീണ്ടു പോകും എന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നും കുട്ടിയുടെ പിതാവ് കൂട്ടിച്ചേർത്തു.
കേസിൽ പൊലീസിനെതിരെ അക്കമിട്ടു നിരത്തിക്കൊണ്ട് ആരോപണങ്ങൾ ഉയരുമ്പോഴാണ് കുടുബവും പൊലീസിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇന്നലെ കോടതി വിധിയിൽ പൊലീസിന്റെ വീഴ്‌ച്ചകൾ വിധിയിൽ എടുത്തു പറഞ്ഞിരുന്നു. അതേസമയം കോടതി വിട്ടയച്ച പ്രതി അർജുൻ ഇന്നലെ വൈകിട്ട് ജയിൽമോചിതനായി. വൈകിട്ട് നാലോടെ അർജുന്റെ പിതാവ് സുന്ദർ പീരുമേട് ജയിലിലെത്തി. ജയിലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പിതാവിനൊപ്പം അർജുനെ വിട്ടയച്ചു. ഇരുവരും പുറത്തിറങ്ങി പൊലീസ് കാവലിലാണു മടങ്ങിയത്. അതീവ രഹസ്യമായിട്ടായിരുന്നു ഈ നടപടികൾ.
കോടതിയിൽനിന്ന് ഇന്നേ വാറന്റ് എത്തുകയുള്ളുവെന്നും അതിനു ശേഷം മാത്രമേ അർജുനെ വിട്ടയയ്ക്കുകയുള്ളൂ എന്നുമായിരുന്നു സൂചനകൾ. എന്നാൽ പ്രതിയെ ജയിലിൽ എത്തിച്ചതിനു പിന്നാലെ വാറന്റും വേഗത്തിലെത്തി. സുരക്ഷ കണക്കിലെടുത്ത് അർജുനെ ബന്ധുക്കൾ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയെന്നാണു സൂചന.
അതേസമയം ചുരക്കുളം എസ്റ്റേറ്റ് ലയത്തിനുള്ളിൽ ആറു വയസ്സുകാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതു മുതൽ അന്വേഷണം വഴിതെറ്റിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നതായി ആരോപണമുണ്ട്. കളിക്കുന്നതിനിടെ ഷാൾ കുരുങ്ങി മരണം എന്ന് ആയിരുന്നു ആദ്യ പ്രചാരണം. മരണത്തിൽ ദുരൂഹതയില്ലെന്ന സ്റ്റേഷൻ ഹൗസ് ഓഫിസറുടെ വെളിപ്പെടുത്തലും പിന്നാലെ വന്നു. പോസ്റ്റ്‌മോർട്ടം ആവശ്യമില്ലെന്ന് ബന്ധുക്കൾ പറയുന്നു എന്നറിയിച്ചു ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സമ്മർദവുമുണ്ടായി.
കുട്ടിയെ ആദ്യം പരിശോധിച്ച വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ കണ്ടെത്തൽ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളെ പൊളിച്ചു. കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും കാണപ്പെട്ട പാടുകൾ, മുറിവുകൾ എന്നിവ ഡോക്ടർ പല തവണ പരിശോധിച്ചു. പോസ്റ്റ്‌മോർട്ടം വേണമെന്ന നിബന്ധന വയ്ക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമാണു സ്റ്റേഷൻ ഹൗസ് ഓഫിസർ പീഡനം, കൊലപാതകം എന്നിവ നടന്നുവെന്നു സമ്മതിച്ചത്.
അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം ആദ്യം ജില്ലാ പൊലീസ് മേധാവി തിരിച്ചയച്ചിരുന്നു. കുറ്റപത്രത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയായിരുന്നു എസ്‌പി ആർ.കറുപ്പസ്വാമി കുറ്റപത്രം തിരികെ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്കു കൈമാറിയത്. പിന്നീടു കുറ്റപത്രം പുതുക്കിയാണു 2021 സെപ്റ്റംബർ 21നു സമർപ്പിച്ചത്. കേസിന്റെ വിസ്താരം കേൾക്കുന്ന ജഡ്ജി വിചാരണയ്ക്കിടെ മാറിയിരുന്നു. നാട്ടിൽ അറിയപ്പെടുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്നു അർജുൻ. സിപിഎം, ഡിവൈഎഫ്‌ഐ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു. ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെ സമ്മേളനങ്ങളിൽ റെഡ് വൊളന്റിയർ ആയി പ്രവർത്തിച്ചിരുന്നു.
വണ്ടിപ്പെരിയാർ കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥൻ ടി.ഡി.സുനിൽകുമാർ ഈ വർഷം മേയിൽ മറ്റൊരു കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനു സസ്‌പെൻഷനു ശുപാർശ ചെയ്യപ്പെട്ടിരുന്നു. രാജസ്ഥാൻ യുവതിയെ കുമളിയിൽ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിലായിരുന്നു ഈ ശുപാർശ. സംഭവത്തിൽ അന്നത്തെ പീരുമേട് ഡിവൈഎസ്‌പി ജെ.കുര്യാക്കോസ്, കുമളി എസ്‌ഐ പി.ഡി.അനൂപ്‌മോൻ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്യുന്നത് അസോസിയേഷന്റെ പ്രതിഷേധം മൂലം മാറ്റുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ