- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു
കൊച്ചി: വണ്ടിപ്പെരിയാറിലെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു. കുത്തിയത് കേസിൽ പ്രതിയായിരുന്ന അർജുന്റെ ബന്ധുവാണ്. കാലിന് കുത്തേറ്റ പിതാവ് വണ്ടിപ്പെരിയാറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വണ്ടിപ്പെരിയാറിൽ വെച്ചുണ്ടായ വാക്കേറ്റത്തിന് ഒടുവിൽ ആക്രമണം. പരിക്ക് ഗുരുതരമല്ല.
ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ അർജുനെ വെറുതെ വിട്ട വിധി റദ്ദാക്കണമെന്ന സർക്കാറിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുയാണ്. ഇതിനിടെയാണ് പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശി അർജുൻ സുന്ദറിനെ വെറുതേ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവു സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകൾ വിലയിരുത്തിയില്ലെന്നും അപ്പീലിൽ സർക്കാർ പറയുന്നു.
2021 ന് ജൂൺ 30 നാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അർജുൻ സുന്ദറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കി. തെളിവു ശേഖരണത്തിലടക്കം കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടയെന്ന് ആരോപിച്ചാണ് വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടത്. വിചാരണക്കോടതി വിധിക്കെതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നു.
അതേസമയം വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പെലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ടി ഡി സുനിൽ കുമാർ വ്യക്തമാക്കിയത്. കേസിലെ പ്രതി അർജുൻ തന്നെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
'കോടതിയിൽ തെളിവുകൾ ഹാജരാക്കുന്നതിൽ ഒരുവീഴ്ചയും ഉണ്ടായിട്ടില്ല. കുട്ടിയുടെ മരണം നടന്നത് ജൂൺ 30നാണ്. കുട്ടിയെ അന്ന് വൈകീട്ട് ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. സംഭവം നടന്ന അന്നുതന്നെ ക്വാട്ടേഴ്സിലെത്തി സ്ഥലം സീൽ ചെയ്തതാണ്. പിറ്റേദിവസം രാവിലെയാണ് ഇൻക്വസ്റ്റ് നടത്തി മഹസ്സർ തയ്യാറാക്കിയത്. വിരലടയാള വിദഗ്ദ്ധർ, സൈന്റിഫിക് ഓഫീസർ, ഫോട്ടോഗ്രാഫർ എല്ലാം തന്നെ ഇൻക്വസ്റ്റ് സമയത്ത് ഉണ്ടായിരുന്നു. കുട്ടിയുടെ രക്തം സീൽ ചെയ്ത് തരുന്നത് സൈന്റിഫിക് ഓഫീസറാണ്. സംഭവത്തിൽ പ്രതി അർജുൻ തന്നെയാണ്', അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു,
കുട്ടി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി മൂന്നു വയസു മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.