- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ്മോർട്ടം വേണ്ടെന്ന് ബന്ധുക്കൾ പറയുന്നത് കേട്ട് ഉപദേശം നൽകിയ എംഎൽഎ! സ്വാഭാവിക മരണമെന്ന് ഏവരും ഉറപ്പിച്ചതുകൊലയായത് പൊലീസിന്റെ അകക്കണ്ണിൽ; ആലുവയിലെ അതേ വിധി പ്രതീക്ഷിച്ചവർ നിരാശയായി; വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ഇല്ലായ്മ 'വില്ലൻ' ചിരിക്കുമ്പോൾ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷന് നേരിട്ടത് വൻ തിരിച്ചടി. കേസിൽ പ്രതിയായ അർജുനെ(24) കോടതി വെറുതെവിട്ടു. കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതെവിട്ട് ഉത്തരവിട്ടത്. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഇതോടെ അർജുൻ കുറ്റവിമുക്തനായി. ഏതായാലും പീഡനവും കൊലയും പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞതാണ്. അതുകൊണ്ട് തന്നെ യഥാർത്ഥ കൊലയാളി ഇപ്പോഴും ഉള്ളിൽ ചിരിക്കുന്നുണ്ടാകും.
ആലുവയിൽ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ കോടതി വിധിച്ചിരുന്നു. നൂറു ദിവസം കൊണ്ടായിരുന്നു എല്ലാ നടപടിയും പൂർത്തീകരിച്ചത്. കേരളാ പൊലീസിനും പ്രോസിക്യൂഷനും ഏറെ അഭിമാനിക്കാവുന്ന കേസായി അത് മാറി. അതിന് പിന്നാലെയാണ് സമാനമായ കേസിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെടുന്നത്. ഇവിടെ പ്രതിസ്ഥാനത്തുണ്ടായിരുന്നത് മലയാളിയും. അർജുൻ കുറ്റവിമുക്തനാകുമ്പോൾ യഥാർത്ഥ പ്രതിയെ നിയമത്തിന് മുന്നിൽ പൊലീസ് കൊണ്ടു വരുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഏതൊരാളുടെയും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരമായ സംഭവമായിരുന്നു വണ്ടിപെരിയാറിലേത്. ആറു വയസുകാരിയെ മൂന്ന് വർഷത്തോളം പീഡിപ്പിച്ച ശേഷം കഴിഞ്ഞ ജൂൺ 30ന് അയൽവാസികൂടിയായ യുവാവ് കൊലപ്പെടുത്തുകയായിരുന്നു. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി മരിച്ചതാണെന്നാണ് തുടക്കത്തിൽ എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് സംഭവത്തിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളെല്ലാം പുറത്തുകൊണ്ടുവന്നത്. തുടക്കത്തിൽ ഇടത് എംഎൽഎ അടക്കം പൊലീസിനോട് പോസ്റ്റ്‌മോർട്ടം നടത്തേണ്ടെന്ന് പറഞ്ഞിരുന്നതായി ആരോപണ ഉയർന്നിരുന്നു. എംഎൽഎ അതിനെ തള്ളുകയും ചെയ്തിട്ടുണ്ട്. പക്ഷേ എംഎൽഎയെ കുറ്റപ്പെടുത്തുന്ന രീതിയിൽ ഒരു വീഡിയോയും പ്രചരിച്ചിരുന്നു.
കേരളത്തെ നടുക്കിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്ക് പുറമേ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിരുന്നു. 48 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 69-ലധികം രേഖകളും കോടതിയിൽ ഹാജരാക്കി. 2021 ജൂൺ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്.
ഇതെല്ലാം അവഗണിച്ച് പോസ്റ്റ്‌മോർട്ടവുമായി മുന്നോട്ട് പോയ പൊലീസ് നടപടിയാണ് സംഭവത്തിന്റെ ചുരുൾ അഴിക്കുന്നത്. അപകട മരണമെന്ന് കരുതിയത് പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമെന്ന് കണ്ടെത്തി. കൂടാതെ കുട്ടി ക്രൂര പീഡനത്തിന് ഇരയായതായും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. ഇതോടെ സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കൂടിയായ അർജുൻ എന്ന 22കാരൻ അറസ്റ്റിലാകുന്നത്. പരാതിയൊന്നുമില്ലാതിരുന്ന ഒരു കേസിൽ പോസ്റ്റ്‌മോർട്ടം നിർണ്ണായകമായത്.
കൊലപാതകം നടന്നതിന് പിന്നാലെ ജൂലൈ നാലിനാണ് അയൽവാസിയായ പ്രതി അർജുനെ പൊലീസ് പിടികൂടിയത്. 78 ദിവസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു. അന്നത്തെ വണ്ടിപ്പെരിയാർ സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുട്ടം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സി ഐ സുനിൽകുമാറിന്റെ ഇടപെടലാണ് കേസിൽ നിർണ്ണായകമായതായി അന്ന് വിലയിരുത്തിയിരുന്നത്. എന്നാൽ തെളിവും സാക്ഷിയുമെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് കോടതി വിധി.
മൂന്ന് വയസു മുതൽ കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പൊലീസ് ആരോപിച്ചിരുന്നു. അശ്ലീല വീഡിയോകൾ നിരന്തരമായി കാണുന്ന അർജുന്റെ ഫോണിൽ നിന്നും വൻ അശ്ലീല വീഡിയോ ശേഖരവും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധമറ്റ് വീഴുകയും മരിച്ചെന്ന് കരുതി മുറിക്കുള്ളിലെ കയറിൽ ഷാളിൽ കെട്ടിത്തൂക്കുകയുമായിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞിരുന്നു. ഇതെല്ലാം തെറ്റാണെന്ന് വരികയാണ് കോടതി വിധിയോടെ.
പൊലീസിന്റെ കൃത്യമായ ഇടപ്പെടലും നിരീക്ഷണവുമാണ് കേസിനെ മുന്നോട്ട് നയിച്ചത് എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന വിലയിരുത്തൽ. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനെ തുടക്കത്തിൽ പലരും എതിർത്തിരുന്നു. എന്നാൽ അസ്വാഭാവിക മരണമെല്ലാം പോസ്റ്റുമോർട്ടം ചെയ്യണമെന്ന കേരള മെഡിക്കോ ലീഗൽ കോഡിന്റെയും സിആർപിസി 174-ാം വകുപ്പും അനുസരിച്ചാണ് പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ എംഎൽഎ വിശദീകരണവുമായി എത്തി. 'സംഭവത്തിന് ശേഷം, കുട്ടിയുടെ ശരീരത്തിൽ പോസ്റ്റ്മോർട്ടം നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ബന്ധുക്കൾ എന്നോട് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുന്നതിനോട് ഇവിടെ താമസിക്കുന്നവരുടെ സാംസ്‌കാരികമായ എതിർപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാൽ നിയമപ്രകാരം നടപടിയെടുക്കാനാണ് ഞാൻ പൊലീസിനോട് നിർദേശിച്ചത്.'-ഇതായിരുന്നു എംഎൽഎയുടെ വിവാദത്തോടുള്ള പ്രതികരണം,
കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ പ്രതിക്ക് രാഷ്ട്രീയ പിന്തുണ ഉണ്ടെന്നും ഡിവൈഎഫ്‌ഐയും സിപിഎം പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടത്തുകയാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസും യുവമോർച്ചയും രംഗത്തെത്തിയിരുന്നു. ഇത്തരമൊരു കേസിലാണ് പ്രതിയെ കോടതി വെറുതെ വിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ