തൊടുപുഴ: വീട്ടിലെത്തുമ്പോൾ വാതിൽ തുറന്നുകിടന്നിരുന്നു.നോക്കുമ്പോൾ കൈകൾ തലയ്ക്കു കീഴെ വച്ച് , മലർന്നു കിടന്നുറങ്ങുകയായിരുന്നു ജോബി. വലതുകൈകൊണ്ടാണ് അടിച്ചത്. അതുകൊണ്ട്് വലതു കൈയിലെ മസിലിന്റെ ഭാഗത്ത് കൈയിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ഒന്ന് വെട്ടി. ഉടൻ സ്ഥലം വിട്ടു. വീട്ടിലെത്തി സുഖമായി ഉറങ്ങി. മരണവിവരം അറിയുന്നത് പൊലീസ് എത്തുമ്പോൾ. വണ്ണപ്പുറത്തെ വെട്ടികൊലയുടെ മൂല കാരണം അവിഹിതം ബന്ധം പുറത്തായതിനെത്തുടർന്നുള്ള അസഭ്യം വിളിക്കലും കയ്യാങ്കിയുമെന്ന് സൂചന.

വണ്ണപ്പുറം ചീങ്കൽസിറ്റി നിനാംകുടിയിൽ ജോബി ബേബി(45)യാണ് കൊല്ലപ്പെട്ടത്. കേസിൽ സമീപവാസിയും സുഹൃത്തുമായ പുത്തൻപുരയിൽ രെജീവ്(48)വിനെ ഇന്നലെ കാളിയാർ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇന്നലെ രാവിലെ വീടിനുള്ളിലാണ് ജോബിയുടെ ജഡം കാണപ്പെട്ടത്. കൈയിൽ മുട്ടിന് മുകളിൽ ആഴത്തിൽ ഏറ്റ മുറിവിൽ നിന്നും രക്തം വാർന്നാണ് ജോബി മരണപ്പെട്ടതെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു.

അന്വേഷണത്തിൽ ജോബിയും സുഹൃത്ത് രഞ്ജിത്തും ചേർന്ന് സംഭവ ദിവസം രാത്രി 7 മണിയോടെ രെജീവിനെ വീട്ടിലെത്തി മർദ്ദിച്ചതായി വിവരം ലഭിച്ചു. തുടർന്ന് പൊലീസ് രെജീവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ തൊടുപുഴയിൽ ഉണ്ടെന്ന് വ്യക്തമായി. കാളിയാർ പൊലീസ് വിവരം തൊടുപുഴ പൊലീസിന് കൈമാറി. പൊലീസ് സംഘം വ്യാപകമായി നടത്തിയ തിരച്ചിലിൽ ബീവറേജസ് ഔട്ട്ലറ്റിൽ മദ്യം വാങ്ങാൻ നിന്നിരുന്നവരുടെ ക്യൂവിൽ നിന്നും രെജീവിനെ കണ്ടെത്തിയെന്നാണ് അറിയുന്നത്.

തന്നെ മർദ്ദിച്ചതിന്റെ പകയിൽ കൈപൊക്കാത്ത രീതിയിൽ ആക്കുകയായിരുന്നു ലക്ഷ്യമെന്നും കൊല്ലണമെന്ന് ഉദ്ദേശച്ചിരുന്നില്ലന്നും അതിനാലാണ്് കൈയിൽ വെട്ടിയതെന്നും രെജീവ് പൊലീസിനോട് വ്യക്തമാക്കിയതായിട്ടാണ് സൂചന. ഞായറാഴ്ച രാത്രി 10 ന് ശേഷമാണ് രെജീവ് ജോബിയെ ആക്രമിച്ചത്. ജോബി വീടിന്റെ വാതിൽ അടച്ചിരുന്നില്ല.ഇത് ലക്ഷ്യം നിറവേറ്റുന്നതിന് രജീവിന് കൂടുതൽ സഹായകമായി എന്നാണ് പൊലീസ് വിലയിരുത്തൽ.

ഇന്നലെ രാവിലെ ജോബിയുടെ വീട്ടിലെത്തിയ അയൽവാസിയാണ് മൃതദ്ദേഹം ആദ്യം കാണുന്നത്. തുടർന്ന് കാളിയാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ട ജോബി തടിപ്പണിക്കാരനാണ്. രെജീവ് പത്തനംതിട്ടയിലും സമാനമായ കേസിൽ പ്രതിയാണ്. കാളിയാർ സ്റ്റേഷനിലും നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ദ്ധർ, ഫോറൻസിക് സംഘം എന്നിവരും പൊലീസ് നായയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡിവൈഎസ്‌പി മധു ആർ ബാബു, എസ്എച്ച് ഒ .എൽ. ഹണി, എസ്ഐ കെ.ജെ. ജോബി, എഎസ്‌ഐ അബ്ദുള്ള, സിപിഒ സിജു എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് അന്വേഷണവും തെളിവെടുപ്പും നടത്തിയത്.

സംഭവം പുറത്തുവന്നതിന് പിന്നാലെ രെജിവിനെ കൊല്ലപ്പെട്ട ജോബിയും സുഹൃത്ത് രഞ്ജിത്തും ചേർന്ന് മർദ്ദിച്ച സംഭവത്തിലും കാളിയാർ പൊലീസ് കേസെടുത്തിട്ടുണ്ട്.സംഭവ ദിവസം രത്രി 7 മണിയോടെ രഞ്ജിത്തും ജോബിയും വീട്ടിലെത്തി തന്നെ മർദ്ദിച്ചെന്നാണ് രെജീവ് പൊലീസിനെ അറയിച്ചിട്ടുള്ളത്. ഇതെത്തുടർന്ന് രെജീവ് ആശുപത്രിയിൽ ചികത്സ തേടിയിരുന്നു. ഇന്റിമേഷന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്.കൊല്ലപ്പെട്ട ജോബിയും അറസ്റ്റിലായ രെജീവും മർദ്ദന കേസിൽ പ്രതി ചേർത്തിട്ടുള്ള രഞ്ജിത്തും സുഹൃത്തുക്കളായിരുന്നു.

ജോബി വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞു ജീവിക്കുകയായിരുന്നു. രഞ്ജിത്തും രെജീവും അവിവിവാഹിതരുമാണ്. മർദ്ദനത്തിനിടയാക്കിയ സാഹചര്യം വിശദീകരിക്കവെ രെജീവ് തന്നെ അവിഹതം പുറത്തായത് സംബന്ധിച്ച പ്രശനത്തിലാണ് രഞ്ജിത്തും ജോബിയും തന്നെ മർദ്ദിച്ചതെന്ന് പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് അറിയുന്നത്. രഞ്ജിത്ത് ഒരു യുവതിയുമായി അടുപ്പത്തിലായിരുന്നെന്നും ഇവർ തമ്മിലുള്ള അവിഹിതം കണ്ടതായി താൻ പ്രചരിപ്പിച്ചെന്നും മറ്റും ആരോപിച്ച് മുമ്പും രഞ്ജിത്ത് തന്നെ ചോദ്യം ചെയ്യുകയും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമൊക്കെ ഉണ്ടായിരുന്നെന്നും ഇതെ പ്രശ്നത്തിൽ തന്നെയാണ് സംഭവ ദിവസം രഞ്ജിത്ത്് ജോബിയെയും കൂട്ടി ആക്രമിക്കാൻ എത്തിയെന്നും രെജീവ് പൊലീസിനോട് വെളിപ്പടുത്തിയെന്നാണ് സൂചന.

പ്രശ്നം രഞ്്ജിത്തുമായിട്ടായിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്ന ജോബി മദ്യലഹരിയിൽ തന്നെ മർദ്ദിച്ചെന്നാണ് രെജീവിന്റെ വാദം.ഇതിന്റെ പക മനസ്സിൽ കിടന്നതിനാൽ രാത്രി തന്നെ ജോബിയോട് പകരം വീട്ടണമെന്ന് തോന്നിയെന്നും അതിനാലാണ് വാക്കത്തിയുമായി പുറപ്പെട്ടതെന്നും രെജീവ് പൊലീസിൽ വ്യക്തമാക്കിയതായും അറിയുന്നു.