- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം; രാത്രിയിൽ വീട്ടിൽ കയറി വാക്കത്തിക്ക് വെട്ടി; വലത് കൈയിൽ ആഴത്തിൽ മുറവേറ്റ് രക്തം വാർന്ന് മരണം; വണ്ണപ്പുറത്ത് 45കാരനെ കൊലപ്പെടുത്തിയ കേസിൽ സമീപവാസിയായ സുഹൃത്ത് അറസ്റ്റിൽ
തൊടുപുഴ: വണ്ണപ്പുറം നിലാംകുടിയിൽ 45കാരൻ വെട്ടേറ്റു കൊലപ്പെട്ട സംഭവത്തിൽ സമീപവാസിയായ സുഹൃത്ത് അറസ്റ്റിൽ. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വണ്ണപ്പുറം നിലാംകുടിയിൽ ഒറ്റക്ക് താമസിച്ചിരുന്ന ചീങ്കൽസിറ്റി മാനാങ്കുടിയിൽ ജോബി ബേബി(45) ആണ് കൊല്ലപ്പെട്ടത്. കൈയ്ക്ക് വാക്കത്തിക്ക് വെട്ടേറ്റ് രക്തം വാർന്നാണ് മരിച്ചത്. സംഭവത്തിൽ സമീപവാസിയായ പുത്തൻപുരയിൽ രജീവി(55) നെ കാളിയാർ പൊലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച രാത്രി 10ന് ശേഷമാണ് സംഭവം. കൊല്ലപ്പെട്ട ജോബിയും മറ്റൊരാളും പ്രതിയും ചേർന്ന് പകൽ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിൽ വാക്ക് തർക്കം ഉണ്ടാവുകയും രജീവിന് മർദനമേൽക്കുകയും ചെയ്തു.
ഇതിന്റ വൈരാഗ്യത്തിൽ രാത്രി വീട്ടിൽ കയറി വാക്കത്തികൊണ്ട് ജോബിയെ വെട്ടുകയായിരുന്നു. ജോബി വീടിന്റെ വാതിൽ അടച്ചിരുന്നില്ല. വലത് കൈയിൽ വെട്ടേറ്റ് രക്തം വാർന്നാണ് മരണമെന്ന് പൊലീസ് അറിയിച്ചു.
രാവിലെ ജോബിയുടെ വീട്ടിലെത്തിയ അയൽവാസിയാണ് ഇയാളെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മലർന്ന് കിടക്കുന്ന നിലയിൽ കാണപ്പെട്ട മൃതദേഹത്തിന്റെ വലതുകയ്യിൽ മുട്ടിന് മുകളിൽ ആഴത്തിൽ മുറവേറ്റിരുന്നു. തുടർന്ന് കാളിയാർ പൊലീസിൽ വിവരം അറിയിച്ചു. കൊല്ലപ്പെട്ട ജോബി തടിപ്പണിക്കാരനാണ്.
പ്രതിയുടെ പേരിൽ പത്തനംതിട്ടയിലും സമാനമായ കേസ് നിലവിലുണ്ട്. കാളിയാർ സ്റ്റേഷനിലും നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.വിരലടയാള വിദഗ്ദ്ധർ, ഫോറൻസിക് സംഘം എന്നിവരും പൊലീസ് നായയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഡിവൈഎസ്‌പി മധു ആർ ബാബു, എസ്എച്ച് എച്ച്.എൽ. ഹണി, എസ്ഐ കെ.ജെ. ജോബി, എഎസ്‌ഐ അബ്ദുള്ള, സിപിഒ സിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ലേഖകന്.