മലപ്പുറം: ബിസ്‌ക്കറ്റ് പാക്കുകൾക്കൊപ്പം കടത്തിയത് ഒന്നരക്കോടി രൂപയുടെ 'കൂൾ' ഹാൻസ് പാക്കറ്റുകൾ. പിടികൂടിയത് മാർക്കറ്റിൽ 60-70രൂപക്കു വിൽക്കുന്ന മൂന്നുലക്ഷത്തോളം പാക്കറ്റുകൾ. കടത്ത് പിടിക്കപ്പെടാതിരിക്കാൻ പുറത്തെ 10പെട്ടികളിൽ ഒറിജിനൽ ബസ്റ്റുകൾ തന്നെ നിറച്ചു. സംഘം ഈ കടത്തിലൂടെ ലാഭംകൊയ്യാനിരുന്നത് ഒരു കോടി രൂപ. മലപ്പുറം വട്ടംകുളത്തുവച്ചാണ് ബിസ്‌ക്കറ്റിന്റെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന നിരോധിത ഹാൻസ് ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടിയത്.

രണ്ട് വലിയ ലോറികളിൽ നിന്നായി ഒന്നുലക്ഷത്തോളം പാക്കറ്റ് കൂൾഹാൻസ് ഉത്പ്പന്നങ്ങളാണ് ഇന്നലെ രാത്രി 10 -ന് പിടികൂടിയത്. വട്ടംകുളത്തെ ഗോഡൗണിൽ പുകയില ഉത്പ്പന്നങ്ങൾ ഇറക്കാൻ ശ്രമിക്കുന്നതിനിടേയാണ് എക്സൈസ്, പൊലീസ് സംഘം പിടികൂടുന്നത്.
പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പിൽ രമേഷ് (44),വല്ലപ്പുഴ കാളപറമ്പിൽ അലി (47 ), തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാർ, കിഴക്കുംകര ഷമീർ (38)എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഗോഡൗൺ ഉടമ വെളിയംകോട് സ്വദേശി ഷൗക്കത്തിനെ പിടികൂടാനുണ്ട്. വട്ടംകുളത്തെ ബിസ്‌ക്കറ്റ് ഗോഡൗണിന്റെ മറവിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ വൻ തോതിൽ ഇതിനകം മാർക്കറ്റിൽ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഉത്തരമേഖല കമ്മീഷണർ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് എക്സൈസ് അറിയിച്ചു.

അതേ സമയം രണ്ടു ലോറികളിലും 10പെട്ടികളിലായി സംഘം സൺഫീസ്റ്റിന്റെ 10 പെട്ടി ഒറിജിനൽ ബസ്്ക്കറ്റും വെച്ചിരുന്നു. വാഹനപരിശോധനയിൽ സംശയം തോന്നാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനുമായിരുന്നു ഇത്. ആദ്യം പരിശോധന നടത്തിയപ്പോൾ എക്സൈസിനും ഒറിജിനൽ ബിസ്‌ക്കറ്റ് തന്നെയാണ് ലഭിച്ചത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോറി പിടിച്ചെടുത്തതെന്നതിനാൽ പിന്നീട് വിശദമായി പരിശോധിക്കുകയായിരുന്നു.

ഇതോടെയാണ് ബിസ്‌ക്കറ്റിന്റെ വലിയ പെട്ടിയിൽ നിറച്ച ചെറിയ നീല പെട്ടികളിൽ കൂൾ ഹാൻസ് ശേഖരം പിടിച്ചെടുത്തത്. ചെറിയ നിലപെട്ടികളിൽ ഒന്നിൽ ഒമ്പതു പാക്കറ്റുകളാണുണ്ടായിരുന്നത്. ഇവ ഒന്നിനു 60-70രൂപക്കാണു മാർക്കറ്റിൽ വിൽപന നടത്തുന്നതെന്നു എക്സൈസ് ഉദ്യേഗസ്ഥൻ മറുനാടൻ മലയാളിയോടു പറഞ്ഞു. ഇത്തരത്തിലുള്ള മൂന്നുലക്ഷത്തോളം പക്കറ്റുകളാണ് പിടിച്ചെടുത്തത്.

ഒന്നരക്കോടിയോളം രൂപയുടെ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തതെന്നും ഇവ ആന്ധ്രയിൽനിന്നും കൊണ്ടുവന്നതാണെന്നും എക്്സൈസ് വ്യക്തമാക്കി. അതേ സമയം ഇതിലെ പുകയില ഉൽപന്നങ്ങൾ തിരുവനന്തപുരത്തേക്കു എത്തിക്കാനുള്ളതാണെന്നാണ് പിടിയിലായവർ മൊഴി നൽകിയത്. വട്ടംകുളത്ത് താൽകാലികമായി ഇറക്കിയതാണെന്നും ഇന്നു പുലർച്ചെ തിരുവനന്തപുരത്തേക്കുകൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും പിടിയിലായവർ ചോദ്യംചെയ്യലിൽ പറഞ്ഞു.

പൊന്നാനി എക്സൈസ് സർക്കിൾ ഇൻപെക്ടർ മുഹമ്മദ് റിയാസ്, ഉത്തരമേഖലാ എക്സൈസ് കമ്മീഷണർ സ്‌ക്വാഡിലെ ഇൻസ്പെക്ടർമാരായ പി.കെ. മുഹമ്മദ് ഷഫീഖ്, ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ ഷിബു, ശങ്കർ, പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽദാസ്, സി.ദിഥിൻ, മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ ഡി.ഷിബു, പൊന്നാനി സർക്കിൾ ഓഫീസിലെ സിവിൽ ്എക്സൈസ് ഓഫീസർമാരായ അജു, കണ്ണൻ, രഞ്ജിത്, വിനീഷ് തിരൂരങ്ങാടി സർക്കിൾ ഓഫീസിലെ നിഥിൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.