- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറെ നാളായി മനോജ് ഭാര്യയുമായി അകൽച്ചയിൽ; ചൊവ്വാഴ്ച ഭാര്യയെയും മക്കളെയും കാണാൻ എത്തിയപ്പോൾ നേരിട്ട് കാണേണ്ട വീഡിയോ കോളിൽ കണ്ടാൽ മതിയെന്ന് ഭാര്യാപിതാവ് പറഞ്ഞത് കലിയായി; വഴിക്കടവിൽ മരുമകൻ കടുംകൈക്ക് മുതിർന്നതിന് പിന്നിൽ
മലപ്പുറം: തന്റെ ഭാര്യയേയും മക്കളേയും കാണുന്നത് വിലക്കിയതോടെയാണ് ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയതെന്ന് മരുമകൻ. ഭാര്യയെയും, കുട്ടികളെയും കാണാനെത്തിയപ്പോൾ, നീ നേരിട്ട് കാണേണ്ട വീഡിയോ കോളിലൂടെ കണ്ടാൽ മതിയെന്ന് പറഞ്ഞതോടെയാണു പ്രകോപിതനായി താൻ ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രതിയായ 46കാരനായ ചാത്തോലി മനോജ്. തന്നിൽ നിന്നും തന്റെ ഭാര്യയെയും മക്കളേയും മാറ്റി നിർത്തുന്നത് ഭാര്യാപിതാവാണെന്ന പരാതി നേരത്തെ മനോജിനുണ്ടായിരുന്നു. ഇതാണു അവസാനം കൊലപാതകത്തിൽ കലാശിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണു പൊലീസ്.
മരുമകന്റെ കുത്തേറ്റ് ഭാര്യ പിതാവായ മലപ്പുറം വഴിക്കടവ് മരുത മത്തളപ്പാറ ആനടീൽ പ്രഭാകാരൻ (70) ആണ് മരിച്ചത്. സംഭവത്തെ തുടർന്നു പ്രതിയായ പ്രഭാകരന്റെ മരുമകൻ ചാത്തോലി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയിരുന്നു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണു സംഭവം. എടക്കര ടൗണിലെ കടയിൽ നിന്നും കത്തി വാങ്ങിച്ചു ആസൂത്രിതമായാണ് പ്രതി കൊല നടത്തിയതെന്ന നിഗമനത്തിലാണു പൊലീസ്. പ്രതി കൊലപ്പെടുത്തിയതിനു ദൃക്സാക്ഷികൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ ഇയാളുടെ മൊഴി പ്രകാരം പ്രദേശങ്ങളിലെ വിവിധ സി.സി.ടി.വികൾ പരിശോധിച്ച് ഇയാൾ വീട്ടിലെത്തിയ സമയവും കത്തി വാങ്ങിച്ച കടയുമെല്ലാം പൊലീസ് തിരിച്ചറിയുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
എടക്കര അങ്ങാടിയിൽ ടെയ്ലറിങ് സ്ഥാപനം നടത്തിവരുന്ന മനോജ്, പ്രഭാകരന്റെ ഇളയ മകളുടെ ഭർത്താവാണ്. കുറച്ച് നാളുകളായി ഭാര്യയുമായി നല്ല ബന്ധത്തിലായിരുന്നില്ല ഇയാളെന്നു നാട്ടുകാർ പറയുന്നു. കുട്ടികളെ കാണാനെത്തുമ്പോൾ ഭാര്യാപിതാവ് കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് പ്രഭാകരനുമായി പലതവണ മനോജ് വഴക്കിട്ടിരുന്നു.
നാലു ദിവസം മുമ്പു ഇവർ തമ്മിലുണ്ടായ കലഹം വഴിക്കടവ് സ്റ്റേഷനിലെത്തി ഒത്തു തീർപ്പാക്കുകയും ചെയ്തിരുന്നു. മനോജും ഭാര്യയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്. കൊലപാതകത്തിന് ശേഷം ഉച്ചക്ക് ഒരു മണിയോടെയാണ് മനോജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
സംഭവത്തിന് ദൃക്സാക്ഷികളില്ലാത്തതിനാൽ തന്നെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ പൊലീസും തെയ്യാറാകുന്നില്ല. പ്രതി തനിച്ചു ബൈക്കിലാണു സംഭവ സ്ഥലത്ത് എത്തിയത്. കൃത്യം നടന്ന ഇടങ്ങളിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഫോറൻസിക് പരിശോധനയും നടന്നു.
നിലമ്പൂർ ഡിവൈ.എസ്പി സാജു കെ എബ്രഹാം, വഴിക്കടവ് സിഐ മനോജ് പറയറ്റ, ഫോറൻസിക് വിദഗ്ദ്ധർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. പ്രഭാകരന്റെ ശരീരത്തിൽ ആറ് കുത്തുകളേറ്റതായാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപ്രതിയിൽ പോസ്റ്റ്മോർട്ടം നടത്തി. പാർവതിയാണ് പ്രഭാകരന്റെ ഭാര്യ. മക്കൾ: ഗിരിജ, ഉണ്ണികൃഷ്ണൻ, ഗിരീഷ് കുമാർ, ഗണേശ്, ഗീത, മോഹൻദാസ്, പുഷ്പ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്