- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2016 മാർച്ച് 31 നു 7കോടി നഷ്ടമുണ്ടായിരുന്ന കമ്പനി 2023 മാർച്ച് 31ന് 73 കോടി അറ്റാദായം നേടി; അന്വേഷിക്കുന്നത് ഈ വളർച്ചയ്ക്കു സഹായിച്ച ഘടകങ്ങൾ; റെയ്ഡ് തുടരും; വീണാ വിജയനെ ഉടൻ ചോദ്യം ചെയ്യും; 12 അംഗ അന്വേഷണ സംഘത്തിൽ ഇഡിയും; അരുൺ പ്രസാദ് അരിച്ചു പെറുക്കുമ്പോൾ
ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കുമായി ഇടപാടുകൾ നടത്തിയ സി.എം.ആർ.എൽ. കമ്പനിയുടെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ എസ്.എഫ്.ഐ.ഒ. (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്)യുടെ റെയ്ഡിൽ കിട്ടിയത് നിർണ്ണായക രേഖകളും പരസ്പര വിരുദ്ധ മൊഴിയും. ഇതെല്ലാം വിലയിരുത്തി എസ് എഫ് ഐ ഒ അടുത്ത ഘട്ടത്തിലേക്ക് കടക്കും. പിടിച്ചെടുത്ത രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധിക്കും. വീഴ്ചകൾ തെളിഞ്ഞാൽ അവരും കേസെടുക്കും. മാസപ്പടിയിൽ അന്വേഷണത്തിൽ വീണയേയും സിഎംആർഎൽ ഡയറക്ടർമാരേയും ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്. റെയ്ഡ് ഇന്നും തുടരും.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച പരിശോധന വൈകീട്ട് മൂന്നുവരെ നീണ്ടു. എസ്.എഫ്.ഐ.ഒ. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. പരിശോധന സമയത്ത് ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തി. വീണയുടെ കമ്പനിയുമായി നടത്തിയ പണമിടപാട് സംബന്ധിച്ച് ജീവനക്കാരുടെ മൊഴിയടുത്തു. രേഖകളും ശേഖരിച്ചതായാണ് വിവരം. ഐ.ടി. സേവനത്തിന്റെ പേരിൽ 1.72 കോടി രൂപ സി.എം.ആർ.എൽ. വീണയുടെ കമ്പനിക്ക് നൽകിയതാണ് വിവാദമായത്. കേസിന്റെ ഗുരുതര സ്വഭാവം കണക്കാക്കി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് എസ്.എഫ്.ഐ.ഒ.ക്ക് അന്വേഷണം കൈമാറിയത്. എസ് എഫ് ഐ ഒ റെയ്ഡിനെത്തിയപ്പോൾ ഇഡി ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
അഞ്ചരണിക്കൂർ സമയം എസ് എഫ് ഐ ഒ സംഘം സി എം ആർ എല്ലിലുണ്ടായിരുന്നു. വൈകാതെ വീണ വിജയനെ നോട്ടീസ് നൽകി വിളിച്ചു വരുത്തും. സേവനമൊന്നും നൽകാതെ എക്സാലോജിക് കമ്പനിക്ക് സി എം ആർ എൽ പണം നൽകിയത് എന്തിനാണെന്ന ചോദ്യമാണ് പരിശോധിക്കുന്നത്. പരാതിയിൽ അന്വേഷണം നടത്താൻ എട്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഒന്നിലേറെ കേന്ദ്ര ഏജൻസികളിൽനിന്നുള്ള അന്വേഷണ വിദഗ്ധരെ ഉൾപ്പെടുത്തി 12 അംഗ സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്. സിഎംആർഎൽ, എക്സാലോജിക്, കെ എസ് ഐഡി സി എന്നിവർക്കു പറയാനുള്ളതു രേഖപ്പെടുത്തുന്ന നടപടിയാണ് എസ്എഫ്ഐഒ ആരംഭിച്ചിരിക്കുന്നത്.
ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിനു (ഐഎസ്ബി) മുൻപാകെ സിഎംആർഎൽ കമ്പനി ചീഫ് ഫിനാൻസ് ഓഫിസറും മറ്റു ജീവനക്കാരും നൽകിയ മൊഴികളിലെ വസ്തുതകൾ അന്വേഷണത്തിനു മുന്നോടിയായി എസ്എഫ്ഐഒ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക പരിശോധന കമ്പനിയുടെ ആലുവയിലുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസ്, മുപ്പത്തടത്തെ ഫാക്ടറി എന്നിവിടങ്ങളിൽ ഇന്നലെ തുടങ്ങിയത്. സിഎംആർഎൽ ഉടമ കർത്തയേയും ചോദ്യം ചെയ്യും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അറസ്റ്റിലേക്ക് കടക്കൂ.
ആദായനികുതി വകുപ്പിനു സിഎംആർഎൽ കമ്പനി സമർപ്പിച്ച കണക്കു പ്രകാരം 2016 മാർച്ച് 31 നു 7,72.44 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി 2023 മാർച്ച് 31ന് 7,336.82 ലക്ഷം രൂപയുടെ അറ്റാദായം നേടി. ഈ ബിസിനസ് വളർച്ചയ്ക്കു സഹായിച്ച ഘടകങ്ങളാണ് എസ്എഫ്ഐഒ പരിശോധിക്കുന്നതെന്നു കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വക്താക്കൾ പറഞ്ഞു. സി എം ആർ എല്ലിലെ റെയ്ഡ് അതിനിർണ്ണായകമാണ്. സംസ്ഥാന സർക്കാർ ഭരണ തണലിലാണ് ഈ നേട്ടങ്ങൾ കർത്തയുടെ കമ്പനിയുണ്ടാക്കിയത് എന്നാണ് വിലയിരുത്തൽ.
കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ ബെംഗളൂരു, ചെന്നൈ റീജനൽ ഓഫിസുകളാണു കേസ് ഇതുവരെ അന്വേഷിച്ചിരുന്നത്. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം എസ്എഫ്ഐഒയ്ക്കു കൈമാറിയത്.
മറുനാടന് മലയാളി ബ്യൂറോ