ആലുവ: ആലുവയിലെ സി.എം.ആർ.എൽ. ഓഫീസിൽ രണ്ടാം ദിവസവും നടത്തിയ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം കണ്ടെത്തിയത് നിർണ്ണായക തെളിവുകൾ. ഡെപ്യൂട്ടി ഡയറക്ടർ എം. അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് രാവിലെ ഓഫീസിലെത്തിയത്. കരിമണൽ സംസ്‌കരണ കമ്പനിയായ സിഎംആർഎലിന്റെ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) അറ്റാദായവും കമ്പനിയുടെ ആസ്തിയും തമ്മിൽ വലിയ അന്തരം കണ്ടെത്തി. പ്രാഥമിക തെളിവെടുപ്പിലാണിതു വ്യക്തമായത്.

ഉച്ചയോടെ ആറുപേരുടെ സംഘം മുപ്പത്തടത്തെ ഫാക്ടറിയിലേക്ക് പരിശോധനയ്ക്കുപോയി. തിങ്കളാഴ്ചയും പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഐ.ടി. കമ്പനിയായ എക്‌സാലോജിക്കുമായുള്ള ഇടപാടുകളെപ്പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്. കരിമണൽ ഖനനത്തിനും സിന്തറ്റിക് റൂട്ടൈൽ നിർമ്മാണത്തിനും ഒത്താശ ലഭിക്കാൻ രാഷ്ട്രീയട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടിരൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആരോപണത്തിലാണ് അന്വേഷണം.

ആദായനികുതി വകുപ്പിനു സിഎംആർഎൽ സമർപ്പിച്ച കണക്കു പ്രകാരം 2016 മുതൽ 2023 വരെ കമ്പനി നേടിയ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പും പരിശോധനയുമാണു നടത്തുന്നത്. 2023 മാർച്ച് 31നു കമ്പനിയുടെ പ്രഖ്യാപിത അറ്റാദായം 73 കോടി രൂപ മാത്രമാണ്. എന്നാൽ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കമ്പനിയുടെ യഥാർഥ ലാഭം ഇതിലുമേറെയാണ്. യഥാർഥ ലാഭത്തിന്റെ നാലിലൊന്നു പോലും കമ്പനിയുടെ ആസ്തിയായി മാറിയില്ലെന്നും കണ്ടെത്തി. ഈ പണം എന്തു ചെയ്തു, ആർക്കു നൽകി എന്നാണ് എസ്എഫ്‌ഐഒ കണ്ടെത്താൻ ശ്രമിക്കുന്നത്. വീണാ വിജയനെ ഉടൻ ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്.

73 കോടി രൂപ അറ്റാദായമുള്ള കമ്പനിക്കു 135 കോടി രൂപ പലർക്കായി നൽകാൻ കഴിയില്ലെന്ന പ്രാഥമിക നിഗമനത്തിലാണു അന്വേഷണ സംഘം. കമ്പനിയുടെ യഥാർഥ വരുമാനം എത്രയെന്നു കണ്ടെത്തിയാൽ മാത്രമേ ഏതെല്ലാം ഷെൽകമ്പനികളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചതെന്നു കണ്ടെത്താൻ കഴിയുകയുള്ളൂ. ഇതിനുള്ള ഫൊറൻസിക് ഓഡിറ്റിങ് എസ്എഫ്‌ഐഒ ഉടൻ ആരംഭിക്കും. ഇത് അതിനിർണ്ണായകമായി മാറും. വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരേയുള്ള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം വഴിതുറക്കുക ഇ.ഡി. അന്വേഷണ സാധ്യതകളിലേക്ക് എത്തിക്കയാണ് ലക്ഷ്യം.

വലിയരീതിയിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കണ്ടെത്തിയാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഫയൽചെയ്യുന്ന പ്രോസിക്യൂഷൻ കംപ്ലെയിന്റിന്റെ അടിസ്ഥാനത്തിലാകും ഇ.ഡി. കേസെടുക്കുക. ഇതിനൊപ്പം സിബിഐയും വരും. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) ഉദ്യോഗസ്ഥർ ഇന്നലെ എറണാകുളത്തെ ആദായനികുതി വകുപ്പ് ആസ്ഥാനം സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചു. സിഎംആർഎൽ കമ്പനി കാലാകാലങ്ങളായി സമർപ്പിക്കുന്ന ആദായനികുതി രേഖകളാണ് പരിശോധിച്ചത്. ഇന്ത്യൻ കോർപറേറ്റ് ലോ സർവീസിലെ ഉദ്യോഗസ്ഥരാണ് എസ്എഫ്‌ഐഒ സംഘത്തിലുള്ളത്.

തെളിവു ശേഖരണത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ആറ് ഉദ്യോഗസ്ഥരാണ് സിഎംആർഎലിന്റെ ആലുവയിലെ ഓഫിസ് ആസ്ഥാനത്ത് എത്തിയത്. എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിനാണ് അന്വേഷണ ചുമതല. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരും ഉണ്ട്. വരും ദിവസങ്ങളിലും തെളിവുശേഖരണം തുടരും.

രേഖകൾ പരിശോധിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്. സിഎംആർഎൽ, കെഎസ്‌ഐഡിസി, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഐടി സർവീസ് കമ്പനിയായ എക്‌സാലോജിക് എന്നിവയാണ് അന്വേഷണ പരിധിയിലുള്ളത്. എസ്എഫ്‌ഐഒ ഉദ്യോഗസ്ഥർക്കു നൽകുന്ന മൊഴികൾക്ക് മജിസ്‌ട്രേട്ട് മുൻപാകെ നൽകുന്ന മൊഴികളുടെ നിയമസാധുതയുണ്ട്.