- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിമണൽ കർത്തായിൽ നിന്നും 2015-19ൽ വായ്പ എടുത്തത് 77.6 ലക്ഷം; 2026-17ലെ 37.36 ലക്ഷത്തിൽ ബാങ്കിലെത്തിയത് 25ലക്ഷം; 12.38 ലക്ഷത്തിന് മറുപടിയില്ല; എട്ടു കമ്പനികളും കൂടി അന്വേഷണ പരിധിയിൽ; വീണാ വിജയന് കുരുക്കുകൾ
കൊച്ചി: കർണ്ണാടക ഹൈക്കോടതിയുടെ വിധി വീണാ വിജയന് കുരുക്കാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് ആരംഭകാലം മുതൽ നടത്തിയ മുഴുവൻ ഇടപാടുകളും കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷിക്കുന്നു. കരിമണൽ കമ്പനിയായ സിഎംആർഎൽ കൂടാതെ വീണയുടെ കമ്പനിയുമായി ഇടപാടുകൾ നടത്തിയ മറ്റ് 8 സ്ഥാപനങ്ങൾ കൂടി സംശയ നിഴലിലാണ്.
ഈ വിവരങ്ങൾ കൂടി പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്ഐഒക്കു കൈമാറി. ഈ സ്ഥാപനങ്ങളിൽനിന്നും ചെയ്യാത്ത സേവനത്തിനു വൻ തുകകൾ കൈപ്പറ്റിയെന്നാണ് ആരോപണം. പ്രമുഖ സമുദായ സംഘടനകളും ഇതിൽ വരും. എക്സാലോജിക് വിവിധ സന്നദ്ധസംഘടനകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാസംതോറും പണം കൈപ്പറ്റിയിരിക്കുന്നതായി ബാങ്ക് രേഖകളിൽ കാണുന്നുവെന്നും പണം തന്നവരുടെ പേര്, തുക, കമ്പനിക്ക് അവരുമായുള്ള ബന്ധം എന്നീ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും കർണാടക ഹൈക്കോടതിക്കു നൽകിയ രേഖകളിൽ എസ്എഫ്ഐഒ ചൂണ്ടിക്കാട്ടിയിരുന്നു.
എക്സാലോജിക് - സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന വിധിയിൽ വീണ വിജയന് കുരുക്കായി ഹൈക്കോടതി പരാമർശങ്ങൾ ഏറെയുണ്ട്. തീർത്തും നിയമപരമായാണ് കേസ് സിഎഫ്ആഒയ്ക്ക് കൈമാറിയതെന്ന് വിധിപ്രസ്താവത്തിൽ പറയുന്നു. അന്വേഷണ ഏജൻസികൾ ഇടപാടുകളിൽ നിയമലംഘനമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയെങ്കിൽ തുടരന്വേഷണത്തിന് അവരുടെ കയ്യിൽ കൂച്ചുവിലങ്ങിടില്ലെന്ന് ഹൈക്കോടതി സംശയലേശമന്യേ വിധിയിൽ വ്യക്തമാക്കുന്നു.
സിഎംഎൽഎൽ ഉടമ ശശിധരൻ കർത്താ എംഡിയായിട്ടുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്സിൽനിന്ന് എക്സാലോജിക് 2015-19 ൽ 77.6 ലക്ഷം രൂപ ഈടു കൂടാതെ വായ്പയെടുത്തതിലെ ദുരൂഹതകളും ചർച്ചയിലുണ്ട്. 2016-17 ൽ നൽകിയ 37.36 ലക്ഷം രൂപയിൽ 25 ലക്ഷമേ എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ട് രേഖകളിലുള്ളൂ. ബാക്കി 12.36 ലക്ഷം രൂപ പണമായോ ചെക്കായോ ഓൺലൈൻ ബാങ്കിങ് മുഖേനയോ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതറിയിക്കാൻ നിർദ്ദേശിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതും എസ് എഫ് ഐ ഒ അന്വേഷണത്തിൽ നിർണ്ണായകമാകും.
കർണ്ണാടക ഹൈക്കോടതിയിൽ എക്സാലോജിക് ഉയർത്തിയ പല വാദഗതികളെയും പാടേ തള്ളുകയാണ് ജസ്റ്റിസ് എം നാഗപ്രസന്ന വിധിപ്രസ്താവത്തിൽ. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം ആർഒസി അന്വേഷണം നടക്കവേ, എസ്എഫ്ഐഒ യ്ക്ക് കേസ് കൈമാറിയത് നിയമപരമല്ലെന്ന വാദം കോടതി തള്ളി. കടുത്ത നിയമലംഘനം നടന്നെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നെങ്കിൽ വിശാലാന്വേഷണം നടത്താൻ തീരുമാനിക്കാം. അത് ഹർജിക്കാരിയുടെ അവകാശത്തെ ഹനിക്കുന്നതല്ല. അത് സമാന്തര അന്വേഷണവുമല്ല.
ആർഒസി അന്വേഷണം നടത്തി പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയ ശേഷം ആവശ്യമെങ്കിൽ മാത്രമേ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിക്കേണ്ടതുള്ളൂ എന്ന വാദം നിലനിൽക്കില്ല. ഇടപാടുകളിൽ നിയമലംഘനം നടന്നെന്ന് പരാതി കിട്ടിയാൽ അന്വേഷണത്തിനിടെയാകാം പല കാര്യങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തുക. അത്തരത്തിൽ ലഭിക്കുന്ന അന്വേഷണം കൂടുതൽ കണ്ടെത്തലുകളിലേക്ക് നയിക്കുമെങ്കിൽ അത് തുടരണം. അത്തരം അന്വേഷണങ്ങളിൽ ഒരു തരത്തിലും ഉദ്യോഗസ്ഥരുടെ കയ്യിൽ കൂച്ചുവിലങ്ങിടാൻ കോടതി ശ്രമിക്കില്ലെന്നും വിധി പ്രസ്താവത്തിൽ പറയുന്നു.
ടെക്നോളജിയുടെ വളർച്ച സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും കൂട്ടുന്നുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ കേസിൽ പൊതുതാത്പര്യമുണ്ടെന്ന് ഉദ്യോഗസ്ഥർ കരുതുന്നെങ്കിൽ അത് തുടരട്ടെ. ഒരു പേനയുടെ വര കൊണ്ട് പോലും അത് റദ്ദാക്കാനോ തടയാനോ കോടതി ശ്രമിക്കില്ലെന്നും വിധി പ്രസ്താവത്തിൽ പറയുന്നുണ്ട്. കേസിന്റെ വ്യാപ്തിക്ക് ആനുപാതികമായ അന്വേഷണമല്ല ഇതെന്ന എക്സാലോജിക്കിന്റെ വാദവും കോടതി തള്ളി. അന്വേഷണം അങ്ങനെ തീരുമാനിക്കാനുള്ള ഘട്ടമായിട്ടില്ല.
പ്രാഥമിക ഘട്ടത്തിൽ നടക്കുന്ന, നിയമപരമായ അന്വേഷണം തടയുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് പഠിച്ച ശേഷമേ തുടർനടപടികളിലേക്ക് എക്സാലോജിക് കടക്കൂ. കർണാടക ഹൈക്കോടതിയുടെ തന്നെ ഡിവിഷൻ ബഞ്ചിലേക്കോ സുപ്രീംകോടതിയിലേക്കോ പോയാലും സിംഗിൾ ബഞ്ച് ഉത്തരവിലെ പരാമർശങ്ങൾ വീണ വിജയനെയും ഇടത് സർക്കാരിനെയും പ്രതിരോധത്തിലാക്കും.
മറുനാടന് മലയാളി ബ്യൂറോ