- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതീവ രഹസ്യമായി ചെന്നൈയിലെ എസ് എഫ് ഐ ഒ ഓഫീസിൽ അഭിഭാഷകർക്കൊപ്പം പിണറായിയുടെ മകൾ ഇന്നലെ എത്തിയോ? വീണ എത്തിയെന്ന് തമിഴ്നാട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെന്ന് മനോരമ; ചാനലുകാരെ വെട്ടിച്ച് വീണ എത്തി മടങ്ങിയത് എങ്ങനെ? ദുരൂഹമായി ആ വാർത്ത
ചെന്നൈ: മാസപ്പടി കേസിൽ അന്വേഷണം നേരിടുന്ന എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ(വീണാ വിജയൻ) സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ) ചെന്നൈ ഓഫിസിൽ അഭിഭാഷകർക്കൊപ്പം എത്തിയെന്ന പ്രചരണത്തെ തുടർന്ന് എത്തി മാധ്യമ പ്രവർത്തകർ നിരാശരായി. ഇക്കാര്യത്തിൽ എസ് എഫ് ഐ ഒയും വിശദീകരണം നൽകിയില്ല. വീണ എത്തിയെന്ന് തമിഴ്നാട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും ഓഫിസിനു മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകർക്ക് വീണയെ കാണാനായില്ലെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളിയതിനാൽ മൊഴി നൽകാനാണ് എത്തിയതെന്നാണു സൂചനയെന്നാണ് റിപ്പോർട്ട്. എസ്എഫ് ഐഒയ്ക്ക് ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് ഓഫിസ്. വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിൽ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി വീണയ്ക്ക് തിരിച്ചടിയായി മാറിയിരുന്നു. അന്വേഷണത്തിൽ തെറ്റില്ലെന്നായിരുന്നു സിംഗിൾ ബഞ്ച് വിധി. ഇതിൽ അപ്പീൽ നൽകുമെന്ന വിലയിരുത്തലുമുണ്ട്. ഇതിനിടെയാണ് വീണ ചെന്നൈയിലെ ഓഫീസിൽ എത്തിയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
കേസ് അന്വേഷിക്കുന്ന അരുൺ പ്രസാദ് എന്ന ഉദ്യോസ്ഥനു മുന്നിൽ മൊഴി നൽകാൻ എത്തിയതാണെന്നാണ് സൂചനയെന്നാണ് മനോരമ പറയുന്നത്. എസ്എഫ്ഐഒയ്ക്ക് ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് ഓഫിസ്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് അഭിഭാഷകനൊപ്പമാണ് വീണ എത്തിയതെന്നും വിശദീകരിക്കുന്നു. അതീവരഹസ്യമായിട്ടായിരുന്നു യാത്രയെന്നും പറയുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട ആരും ഇത് സ്ഥിരീകരിക്കുന്നില്ല. വീണയോ ഭർത്താവായ മുഹമ്മദ് റിയാസോ ഇതിൽ പ്രതികരിച്ചുമില്ല. അതുകൊണ്ട് തന്നെ ഈ മനോരമ വാർത്തയ്ക്ക് യാതൊരു സ്ഥിരീകരണവും വരുന്നില്ല.
ടി. വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്. ഒരു സേവനവും നൽകാത്ത എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ നടത്തിയ പണമിടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നാണു രജിസ്റ്റ്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) കണ്ടെത്തൽ.
അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ജനുവരി 31ന് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് എം.നാഗപ്രസന്ന നിരസിച്ചത്. അന്വേഷണം സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. സിഎംആർഎൽ രാഷ്ട്രീയ പാർട്ടികൾക്ക് 135 കോടി രൂപ നൽകിയതുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ് അന്വേഷണമെന്നാണ് എസ്എഫ്ഐഒ വാദിച്ചത്.
ഒരു സേവനവും നൽകാതെ സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടി. രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽനിന്ന് ലഭിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഏറ്റെടുത്തത്. മറ്റ് ഏജൻസികളുടെ അന്വേഷണം സ്വാഭാവികമായും മരവിച്ചു. അധികാര ദുർവിനിയോഗം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ വിപുലമായ അധികാരങ്ങളുള്ള ഏജൻസിക്ക് കഴിയുമെന്നും കേന്ദ്ര സർക്കാർ വാദിച്ചു.
മറുനാടന് മലയാളി ബ്യൂറോ