- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചോദ്യം ചെയ്യുമെന്ന് ഉറപ്പായപ്പോൾ ആകെ വെപ്രാളം; 'തൈക്കണ്ടി ഫാമിലി' ആകെ കുഴപ്പത്തിൽ
തിരുവനന്തപുരം: മാസപ്പടി ആരോപണം പുറത്തുവന്നിട്ട് മാസങ്ങൾ ഇത്രയും ആയെങ്കിലും എക്‌സാലോജിക് മേധാവിയായ വീണ വിജയൻ ഇത്രയും കാലം എന്തെങ്കിലും പ്രതികരണം നടത്തുകയോ നീക്കങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ല. ഒരു കേന്ദ്ര ഏജൻസി മാസപ്പടി വാങ്ങിയത് ചില ഉദ്ദിഷ്ട കാര്യത്തിന് വേണ്ടി തന്നെയാണെന്ന് വ്യക്തമാക്കി റിപ്പോർട്ടു നൽകുകയും തുടർന്ന് ഇത് വിവാദമായി ഉയർന്നപ്പോഴും വീണ മൗനത്തിലായിരുന്നു. ഒപ്പം ഭർത്താവ് മന്ത്രി മുഹമ്മദ് റിയാസും മൗനം പാലിച്ചു. മാധ്യമങ്ങളെ വിമർശിച്ചു പിടിച്ചു നിൽക്കാനും ശ്രമിച്ചു. ഒടുവിൽ വീണ ആദ്യമായി ഒരു നീക്കം നടത്തുന്നത് സിഎംആർഎല്ലിൽനിന്ന് മാസപ്പടി കൈപ്പറ്റിയെന്ന കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) തന്നെ ചോദ്യം ചെയ്യും
എന്നു ഉറപ്പായതോടെയാണ്.
സിഎംആർഎൽ ഓഫീസിൽ അന്വേഷണം നടത്തിയതിന് എസ്എഫ്‌ഐഒ സംഘം ഇന്നലെ കെ.എസ്‌ഐ.ഡി.സി ഓഫീസിൽ പരിശോധനക്ക് എത്തിയതോടെയാണ് വീണയും സംഘവും അപകടം മണത്തത്. പിന്നാലെ അതിവേഗത്തിൽ നിയമപോരാട്ടം നടന്നു. ഹൈക്കോടതിയിൽ കെഎസ്‌ഐഡിസി വഴിയാണ് അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കോടതി ഒളിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യമാണ് ഉയർത്തിയത്. ഇതോടെയാണ് എക്‌സാലോജിക് നേരിട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
എക്‌സാലോജിക്കിനെതിരായ അന്വേഷണം തടയണമെന്ന് ഇത്രയും വെപ്രാളപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. അടുത്തതായി എസ്എഫ്‌ഐഒ സംഘം വീണ വിജയനെ ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്. ഇതോടെയാണ് അതിവേഗം നീക്കം നടന്നത്. ഇന്ന് ഡൽഹിയിൽ കേന്ദ്രവിരുദ്ധ സമരത്തിനെടയാണ് ബംഗളരുവിലും നീക്കം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. വീണയ്ക്കുവേണ്ടി കർണാടക ഹൈക്കോടതി അഭിഭാഷകൻ മനു പ്രഭാകർ കുൽക്കർണിയാണ് ഇന്ന് റിട്ട് ഹർജി ഫയൽ ചെയ്തത്.
കഴിഞ്ഞദിവസം കെഎസ്‌ഐഡിസി ആസ്ഥാനത്ത് എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ വീണ വിജയനെ സംഘം ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കെഎസ്‌ഐഡിസി ആസ്ഥാനത്ത് എസ്എഫ്‌ഐഒ അന്വേഷണസംഘം ഏതു നിമിഷവും എത്തുമെന്ന് തിരിച്ചറിഞ്ഞ് പരിശോധന ഒഴിവാക്കാൻ സർക്കാരും വ്യവസായ മന്ത്രിയുടെ ഓഫീസും നടത്തിയത് അസാധാരണ നീക്കങ്ങൾ നടത്തിയായുള്ള വിവരം ഇന്നലെയാണ് പുറത്തുവന്നത്.
എസ്എഫ്‌ഐഒ പരിശോധന തടയാൻ കെഎസ്‌ഐഡിസി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. ഈ നീക്കം മുൻകൂട്ടി കണ്ട എസ്എഫ്‌ഐഒ അന്വേഷണസംഘം ഹൈക്കോടതിയിൽ ഹർജി എത്തുന്നതിനു മുൻപ് കെഎസ്‌ഐഡിസി ആസ്ഥാനത്ത് ഇന്നലെ പരിശോധന നടത്തുകയായിരുന്നു. കോർപറേറ്റ് ലോ സർവിസ് സീനിയർ ഓഫിസർ എം അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐഒ അന്വേഷണ സംഘം തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കെഎസ്‌ഐഡി സി ആസ്ഥാനത്ത് ഫെബ്രുവരി എട്ടിനും ഒമ്പതിനും പരിശോധന നടത്തുമെന്ന നോട്ടീസ് ഇന്നലെ മാനേജിങ് ഡയറക്ടർ എസ് ഹരികിഷോറിന് ഇ മെയിൽ വഴി നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട അക്കൗണ്ട്, ഓഡിറ്റ് വിവരങ്ങൾ ഏഴാം തിയതി രാവിലെ 10.30നു മുൻപായി ഇ മെയിൽ ആയി നൽകണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ വിവരം ഹരികിഷോർ കോർപറേഷൻ ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ പോൾ ആന്റണിയെയും വ്യവസായ മന്ത്രി പി രാജീവിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വൈകിട്ട് തന്നെ അറിയിച്ചു. തുടർന്ന്, കേസുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കാനുള്ള നടപടികൾ ശരവേഗത്തിലാണ് കെ എസ് ഐ ഡി സി പൂർത്തിയാക്കിയത്.
എന്നാൽ, കെ എസ് ഐ ഡി സി കോടതിയെ സമീപിക്കുമെന്ന വിവരം മണത്തറിഞ്ഞ അന്വേഷണ സംഘം ഒരു ദിവസം നേരത്തെ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. മറ്റൊരു സുപ്രധാന കേസുമായി ബന്ധപ്പെട്ട് ചെന്നൈയിൽ എത്തേണ്ടിയിരുന്ന അരുൺ പ്രസാദ് യാത്ര മാറ്റിവച്ചാണ് സംഘത്തിലെ ചില ഉദ്യോഗസ്ഥർക്കൊപ്പം തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ സംഘം കെ എസ് ഐ ഡി സി ഓഫീസിലെത്തുമ്പോൾ കോർപറേഷന്റെ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചിലേക്ക് എത്തി.
നേരത്തെ എസ് എഫ് ഐ ഒ അന്വേഷണത്തെ എതിർക്കാനായി മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥനോട് കെ എസ് ഐ ഡി സി നിയമോപദേശം തേടിയിരുന്നു. അതനുസരിച്ച് ഹർജി തയാറാക്കാനുള്ള നടപടികൾ കോർപറേഷന്റെ അഭിഭാഷകനായ പി യു ഷൈലജന്റെ ഓഫീസ് കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
അടിയന്തരമായി ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കാൻ നിയമ വകുപ്പിന്റെ കൂടി ചുമതലയുള്ള വ്യവസായ മന്ത്രി പി രാജീവ് നിർദ്ദേശം നൽകിയിരുന്നു. ചൊവ്വാഴ്ച അർധരാത്രി പന്ത്രണ്ടരയോടെ ഓൺലൈനായി അഭിഭാഷകൻ പി യു ഷൈലജൻ കോർട്ട് ഫീ ഒടുക്കിയ ശേഷമാണ് 207 പേജ് വരുന്ന ഹർജി ഫയൽ ചെയ്യുന്നത്. രാവിലെ എട്ടിന് സ്‌ക്രൂട്ടിനി ആരംഭിച്ചപ്പോൾ ആദ്യത്തെ കേസായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ചശേഷമാണ് ഉച്ചയോടെ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിലെത്തുന്നത്.
ഇത്തരം അസാധാരണമായ നീക്കം നടത്തിയതിൽ നിന്നും തന്നെ സർക്കാറിന് ഒളിക്കാൻ ഏറെയുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. സാധാരണ പൊതു അവധി ദിവസങ്ങൾക്ക് മുന്നിലും പിന്നിലുമുള്ള ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള ഹർജികൾ ഫയൽ ചെയ്ത അന്നു തന്നെ പരിഗണിക്കാൻ കോടതികൾ തയാറാകുന്നത്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് കെ എസ് ഐ ഡി സി ഓഫീസിൽ റെയ്ഡ് തുടങ്ങിയെന്നത് അടിയന്തര സാഹചര്യമായി ഉന്നയിച്ചാണ് അന്വേഷണത്തിന് സ്റ്റേ വേണന്നു ഹൈക്കോടതിയിൽ അഭിഭാഷകൻ ആവശ്യപ്പെടുന്നത്. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തോട് വിശദീകരണം ചോദിച്ച് ഹർജി അവധിക്ക് വച്ചു.
കൊച്ചി ആസ്ഥാനമായ സി എം ആർ എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന എസ്എഫ്ഐഒയ്ക്ക് തങ്ങളെപ്പറ്റി അന്വേഷിക്കാൻ അധികാരമില്ലെന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിയുടെ ഹർജിയിലെ വാദം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ജനുവരി 31നാണ് എസ് എഫ് ഐ ഒ അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയത്തിൽ എന്തെങ്കിലും ഒളിക്കാനുണ്ടോയെന്ന് ഹർജി പരിഗണിച്ചപ്പോൾ കെഎസ്ഐഡിസിയോട് ഹൈക്കോടതി ചോദിച്ചു. ഒന്നും ഇല്ലെന്ന് മറുപടി നൽകിയപ്പോൾ പിന്നെ എന്തിനാണ് ഭയക്കുന്നതെന്നായി കോടതിയുടെ ചോദ്യം.
കേരളാ ഹൈക്കോടതിയിൽ നിന്നും കാര്യങ്ങൾ എളുപ്പമല്ലെന്ന് കണ്ടതോടെയാണ് പ്ലാൻ ബി തയ്യാറാക്കിയതും എക്‌സാലോജിക്കിന്റെ ബംഗളുരു ബന്ധം വഴി കരുനീക്കം സജീവമാക്കിയതും. വീണ വിജയൻ കുറ്റവാളിയെന്ന് സ്വയം സമ്മതിക്കുന്ന നീക്കമാണിതെന്ന് കേസിലെ പരാതിക്കാരനായ ഷോൺ ജോർജ് പ്രതികരിച്ചത്. ഹർജി കർണാടക ഹൈക്കോടതി നാളെ പരിഗണിക്കും. ഇതോടെ നാളെ കേരള രാഷ്ട്രീയത്തിലെ നിർണായക ദിനമായി മാറുമെന്നും ഉറപ്പാണ്.
മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്‌ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്എഫ്‌ഐഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോൾ അന്വേഷണത്തിനെതിരെ എക്‌സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്.