തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകളുടെ അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ വിപുലമായ അധികാരങ്ങളോടെ പ്രവർത്തിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു (എസ്എഫ്‌ഐഒ) കൈമാറുമ്പോൾ ഇന്നലെ രാത്രി ക്ലിഫ് ഹൗസിൽ നടന്നത് നിർണ്ണായക കൂടിയാലോചനകൾ. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര തട്ടിപ്പുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ് ഐഒ. ഈ കേസിൽ അന്വേണഷം തടയാനുള്ള നിയമപരമായ നടപടികളും മുഖ്യമന്ത്രി ആലോചിക്കുന്നുണ്ട്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരിൽ നിന്നും അഭിപ്രായം തേടിയാകും തീരുമാനം. തന്റെ കുടുംബത്തെ അഴിക്കുള്ളിലാക്കാനാണ് അന്വേഷണം എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

വിശ്വസ്തരുമായെല്ലാം മുഖ്യമന്ത്രി ഈ വിഷയം ചർച്ച ചെയ്തു. ഏത് സാഹചര്യത്തേയും നേരിടാൻ പ്രത്യേക സംവിധാനം ഒരുക്കാനാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വലിയ പ്രതിസന്ധിയെ നേരിട്ടിരുന്നു. അതിവിശ്വസ്തനായ സിഎം രവീന്ദ്രനെ രക്ഷിച്ചെടുക്കാൻ പ്രത്യേക സംവിധാനം ഉണ്ടായിരുന്നു. അങ്ങനെയാണ് രവീന്ദ്രൻ കേസുകളിൽ പ്രതിയാകാതെ രക്ഷപ്പെട്ടത്. ഇതിന് സമാനമായ സംവിധാനങ്ങൾ ഈ കേസിലും എടുക്കും. വീണയ്ക്ക് ചോജ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കിട്ടിയാലും എല്ലാ വശവും ആലോചിച്ച് മാത്രമേ ഹാജരാകുന്നതിൽ തീരുമാനം എടുക്കൂ. സ്‌പെഷ്യൽ ക്രൈസസ് ടീമിനെ എല്ലാ കാര്യങ്ങളും നോക്കാൻ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്.

വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ സാമ്പത്തിക അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവാണ് ഉണ്ടായത്. കോർപറേറ്റ് മന്ത്രാലയമാണ് കേസ് എസ് എഫ് ഐ ഒയ്ക്കു കൈമാറിയത്. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച വൈകീട്ടോടെ പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങൾ എസ് എഫ് ഐ ഒ അന്വേഷിക്കും. വലിയ സാമ്പത്തിക കുറ്റങ്ങൾ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ ഗതിയിൽ കോർപ്പറേറ്റ് മന്ത്രാലയം നൽകാറുള്ളത്. ഇതിലൂടെ മുഖ്യമന്ത്രിയുടെ മകൾ കൂടുതൽ കുരുക്കിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന. വീണയെ ക്ലിഫ് ഹൗസിലെത്തി ചോദ്യം ചെയ്യാനും സാധ്യത ഏറെയാണ്.

വീണയുടെ കമ്പനിയായ എക്‌സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം. ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്‌സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ് എസ്എഫ്‌ഐഒ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കേന്ദ്ര സർക്കാരിനു നൽകാനാണ് നിർദ്ദേശം. ഇതിനിടെ ക്ലിഫ് ഹൗസിൽ റെയ്ഡിനും സാധ്യതയുണ്ട്.

എക്‌സാലോജിക്കും സിഎംആർഎല്ലും കെ എസ് ഐ ഡി സിയും നൽകുന്ന മൊഴികൾ കേസിൽ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ പരസ്പരം പ്രതിസന്ധിയുണ്ടാകുന്ന മൊഴികൾ ആരും നൽകുന്നില്ലെന്ന് ഉറപ്പിക്കും. റെയ്ഡിന് സാധ്യതയുള്ളതിനാൽ ക്ലിഫ് ഹൗസിൽ അടക്കം കരുതലുകൾ എടുക്കും. കെ എസ് ഐ ഡി സിയും ജാഗ്രതയിലാകും. നിർണ്ണായക വിവരങ്ങൾ പലവട്ടം ആലോചിച്ചു മാത്രമേ കേന്ദ്ര ഏജൻസിക്ക് കൈമാറൂ. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണാമാണ് നടക്കുന്നതെങ്കിലും അതിനും അപ്പുറത്തേക്കുള്ള ഏജൻസികൾ ഏത് ഘട്ടത്തിലും അന്വേഷണം ഏറ്റെടുക്കും. ഇതുകൊണ്ടാണ് ഇന്നലെ ക്ലിഫ് ഹൗസ് ഉറങ്ങാതിരുന്ന് ഈ കേസിലെ വിശദാംശങ്ങൾ പരിശോധിച്ചത്. ചർച്ചകളിലും കൂടിയാലോചനകളിലും വീണയുടെ ഭർത്താവ് കൂടിയായ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു.

ബെംഗളൂരു രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) നൽകിയ റിപ്പോർട്ടിൽ ഗുരുതര ക്രമക്കേട് വ്യക്തമായ സാഹചര്യത്തിൽ അന്വേഷണം എസ്എഫ്‌ഐഒയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ കോടതി കേന്ദ്ര നിലപാട് ആരായുകയും ചെയ്തു. ഹർജി 12നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് അന്വേഷണം എസ്എഫ്‌ഐഒയ്ക്കു കൈമാറി കേന്ദ്ര സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കോടതിയെ ഇക്കാര്യം കേന്ദ്ര അറിയിക്കും. സ്വാഭാവികമായി ഈ കേസ് ഹൈക്കോടതി അവസാനിപ്പിക്കും. ഫലത്തിൽ ഹൈക്കോടതി അംഗീകാരവും അന്വേഷണത്തിന് വരും. ഇതും പിണറായി കുടുംബത്തെ വെട്ടിലാക്കുന്നുണ്ട്.

കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ്‌ഐഒ. റെയ്ഡിനും കസ്റ്റഡിക്കും അറസ്റ്റിനുമുള്ള അധികാരമുണ്ട്. ആവശ്യമെങ്കിൽ രാജ്യത്തെ മറ്റ് പ്രധാന അന്വേഷണ ഏജൻസികളുടെ സഹായവും തേടാം.'എന്റെ ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച കാശുമായാണു മകൾ ബെംഗളൂരുവിൽ കമ്പനി തുടങ്ങിയത്. നീ പോയി നിന്റേതായ കമ്പനി തുടങ്ങൂ എന്നു പറഞ്ഞ് അയയ്ക്കുകയായിരുന്നു. അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ഒരു മാനസിക കുലുക്കവുമില്ലെന്ന് പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അന്വേഷണം എത്തുന്നത്.

തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്നും ഒരു ആരോപണവും ഏശില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'എന്തെല്ലാം കഥകൾ നേരത്തേയും കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതൊന്നും ഇവിടെ ഏൽക്കില്ല. കാരണം ഈ കൈകൾ ശുദ്ധമാണ്. നേരത്തേ ഭാര്യയെ കുറിച്ചായിരുന്നു. ഇപ്പൊ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്. കാണേണ്ട കാര്യം എന്താന്നറിയോ, മകള് ബംഗളൂരുവിൽ കമ്പനി തുടങ്ങാൻ പോകുന്നത് എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ കാശ്, അത് ബാങ്കിൽ നിന്ന് എടുത്തുകൊടുക്കുകയായിരുന്നു. നീ പോയിട്ട് നിന്റെതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി, എന്ന് പറഞ്ഞിട്ട് തുടങ്ങുകയായിരുന്നു.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.