തിരുവനന്തപുരം. കല്ലാർ വനമേഖലയിൽ ഒരില അനങ്ങിയാൽ വീരപ്പൻ മണികുട്ടൻ അറിയും. വനത്തിനുള്ളിൽ നിന്നും ചന്ദനത്തടി വെട്ടിയും ഈട്ടിത്തടി കടത്തിയും കല്ലാർ വനത്തിലെ രാജാവായി മാറിയകല്ലാർ അംബ്‌ദേക്കർ കോളനി നിവാസി വീരപ്പൻ മണിക്കുട്ടനെ (48) വിതുര പൊലീസ് കുടുക്കിയത് ഒരു മാസം നീണ്ട സാഹസികമായ തെരെച്ചിലിന് ഒടുവിൽ.

പുറം ലോകവുമായി ബന്ധമില്ലാതെ കാട്ടിൽ തന്നെ കഴിഞ്ഞിരുന്ന വീരപ്പൻ മണി കുട്ടപ്പന് സ്ഥിരമായി ഒരു താവളമില്ലായിരുന്നു. അപൂർവ്വമായി പുറം ലോകത്ത് വന്നിരുന്ന മണികുട്ടൻ രാവിലെ തട്ടുകടയിൽ നിന്നും ഒരു ചായ കുടിച്ച് ഉടൻ തന്നെ കാട്ടിലേക്ക് കയറുമായിരുന്നു. മണിക്കുട്ടൻ പുറത്ത് ഇറങ്ങുന്നത് ആദിവാസികൾക്ക് അറിയാമെങ്കിലും പേടിച്ച് ആരും പുറത്ത് പറഞ്ഞിരുന്നില്ല. സ്ത്രീകളെ ഉപദ്രവിക്കുന്നത് വീക്കെനസ് ആയിരുന്നെങ്കിലും ആരും പരാതി നൽകാൻ മുതിർന്നിരുന്നില്ല.

ചന്ദനത്തടി കടത്തുമായി ബന്ധപ്പെട്ട് മണിക്കുട്ടനെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. 11 വർഷം മുൻപ് അംബ്ദേക്കർ കോളനിയിലെ ഒരു വീട്ടിൽ ആക്രമണം നടത്തിയതിന് മണികുട്ടനെ പിടി കിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് വിതുര പൊലീസ് കല്ലാർ വനമേഖല അരിച്ചു പെറുക്കിയെങ്കിലും മണികുട്ടനെ പിടികൂടാനായില്ല. സി ഐ എസ്. അജയകുമാറിന്റെ നേതൃത്വത്തിൽ ഒരു മാസമായി കല്ലാർ വനമേഖല കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.

സ്ഥിരമായി ഒരു സ്ഥലത്ത് മണിക്കുട്ടൻ തങ്ങാത്തത് അന്വേഷണത്തിന് തടസമായി. രാത്രിയും പകലും കാട് അടക്കി വാഴുന്ന മണികുട്ടന്റെ ഉറക്കം പുലർച്ചെ 3 മണിക്കും 6.30നും ഇടയിലാണെന്ന് പൊലീസ് മനസിലാക്കി. നേരത്തെ പല തവണ വഴുതി പോയ മണിക്കുട്ടനെ ലൊക്കേറ്റ് ചെയ്യാൻ തടസമായത് അയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് തന്നെ. ഒടുവിൽ ഉൾകാട്ടിലെ ഒരു കോളനിയിൽ ഇയാൾ ഉണ്ടെന്ന് ഉറപ്പിച്ച പൊലീസ് പുലർച്ചെ ആകാൻ കാത്തിരുന്നു. പുലർച്ചെ സി ഐ എസ്. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോളനി വളഞ്ഞാണ് ഉറങ്ങി കിടക്കുകയായിരുന്ന കല്ലാറിനെ വിറപ്പിച്ചിരുന്ന മണിക്കുട്ടനെ കസ്റ്റഡിയിലെടുത്തത്.

പ്രതിയെ വിതുര സ്റ്റേഷനിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതിക്കെതിരെ പൊലീസിലും വനം വകുപ്പിലും ഉള്ള മുഴുവൻ കേസുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.