- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാപ്പിങ് തൊഴിലാളിയായിരുന്ന വേലായുധന്റെ ദേഹത്ത് ദേവി കയറിയപ്പോൾ സ്വാമിയായി; ആൾദെവത്തിനെതിരെ മാർച്ച് സംഘടിപ്പിച്ച നേതാവിന്റെ ഹൃദയാഘാതം ചർച്ചയാക്കിയത് സ്വാമി കോപം; കടാക്ഷത്തിന് എത്തിയവരിൽ കണ്ണൂരിലെ ദേശീയ നേതാവും; ജയം ഉറപ്പിക്കാൻ മഞ്ഞൾ അഭിഷേകവും സ്വർണക്കിണ്ടി സമർപ്പണവും! അന്ധവിശ്വാസങ്ങളുടെ കേരളം; ഇത് മലപ്പുറത്തെ ഉണ്ണി സ്വാമി വെർഷൻ
മലപ്പുറം: ഇലന്തൂർ നരബലിക്കേസ് പൊതുസമൂഹത്തിൽ വലിയ ഞെട്ടിലുണ്ടാക്കുമ്പോൾ ദുർമന്ത്രവാദത്തിന്റെ പേരിൽ മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ സംഭവങ്ങളും ആരെയും ഞെട്ടിപ്പിക്കുന്നതാണ്. പൂർവ്വാശ്രമത്തിൽ ടാപ്പിങ് തൊഴിലാളിയായിരുന്നു മലപ്പുറം നിലമ്പൂരിലെ വൈലാശേരി വേലായുധൻ സ്വാമി. ഒരു ദിവസം പുലർച്ചെ ടാപ്പിങിനിടെയാണത്രേ വേലായുധന്റെ ദേഹത്തു ദേവി കയറിയത്. ഉറഞ്ഞുതുള്ളി വെളിപാടുകൾ പറഞ്ഞുതുടങ്ങിയ ടാപ്പിങുകാരൻ വേലായുധൻ പിന്നെ വേലായുധൻ സ്വാമിയായാണ് നാടൊട്ടുക്കും ഭക്തരെ സൃഷ്ടിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പാർലമെന്റംഗങ്ങളും സിനിമാ താരങ്ങളും റിട്ടയേർഡ് ഐ.ജിയും അടക്കമുള്ളവർ പിന്നീട് ഇയാളുടെ ശിഷ്യരായി. അന്ധവിശ്വാസത്തിന്റെ കേരള കാഴ്ചയ്ക്ക് തെളിവാണ് ഈ പഴയ കഥ. ഇത്തരം തട്ടിപ്പുകൾ കേരളം ഇപ്പോഴും തുടരുന്നതിന് തെളിവാണ് നരബലിയിലെ വെളിപ്പെടുത്തലുകൾ.
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടിക്കടുത്താണു വേലായുധൻ സാമിയുടെ കാളിമുത്തപ്പൻ ക്ഷേത്രം. ആഭരണങ്ങളും അലങ്കാരങ്ങളുമണിഞ്ഞ് ഉറഞ്ഞുതുള്ളി വേലായുധൻ സ്വാമി വെളിപാടു പറയും, ദോഷപരിഹാര ക്രിയകളും നടത്തും. മദ്യവും കോഴിയുമാണ് പ്രധാന വഴിപാട്. ആവശ്യത്തിലേറെയെത്തുന്ന മദ്യം നിലമ്പൂരിലെ ബാറിലേക്ക് വിൽപനയുമുണ്ടായിരുന്നു സ്വാമിക്ക്. വൈലാശേരി ക്ഷേത്രത്തിലെ പൂരത്തിനു കാളിമുത്തപ്പനായാണ് വേലായുധ സ്വാമി ദർശനം നൽകിയിരുന്നത്. ഇരുപത് ആന ഉത്സവത്തിനുണ്ടാകും. വേലായുധൻസ്വാമിക്ക് സ്വന്തമായി രണ്ട് ആനകളുണ്ടായിരുന്നു.
ആൾദെവങ്ങൾക്കുനേരെ ഡിവൈഎഫ്ഐ. നടത്തിയ മാർച്ച് സ്വാമിക്കെതിരേയും സംഘടിപ്പിച്ചിരുന്നു. പക്ഷേ മാർച്ച് ഉദ്ഘാടനം ചെയ്ത അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ നേതാവിന് ഹൃദയാഘാതം വന്നതോടെ സ്വാമി കോപം പേടിച്ച് ഡിവൈഎഫ്ഐക്കാരെ പിന്നീട് ഈ വഴി കണ്ടിട്ടില്ല. രാഷ്ട്രീയക്കാർക്കും സംഘടനകൾക്കും കെയയച്ചു സംഭാവന നൽകുന്നതിലും മുന്നിലാണു സ്വാമി. അതുകൊണ്ടു സസുഖം വാഴുന്നു.
ഭക്തരെ കാൻവാസ് ചെയ്യാൻ പ്രത്യേക ഏജന്റുമാരും വേലായുധ സ്വാമിക്കുണ്ട്. ഭക്തി കച്ചവടം കുറയുമ്പോൾ സപ്ലിമെന്റുകളുമായി രംഗത്തിറങ്ങിയും ഭക്തരെ പിടിക്കും.
വേലായുധ സ്വാമിയുടെ ശഷ്യനും പരികർമ്മിയുമായിരുന്നു മലപ്പുറം കാളികാവിലെ ഉണ്ണിസ്വാമി. ഗുരുവിന്റെ അടവുകളെല്ലാം പഠിച്ച ഉണ്ണി സ്വാമി പിന്നീടു ഗുരുവുമായി തെറ്റി സ്വതന്ത്ര ആൾദെവമായി. പൂർവ്വാശ്രമത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു ഉണ്ണി സ്വാമി. പക്ഷേ വിശ്വാസികളിൽ സിപിഎം. ദേശീയ നേതാവ് വരെയുണ്ടായിരുന്നു. കണ്ണൂരിൽ ഈ നേതാവ് കടുത്ത മത്സരം നേരിട്ടപ്പോൾ പാതിരാത്രി ഉണ്ണിസ്വാമിയുടെ അരികിലെത്തി മഞ്ഞൾ അഭിഷേകവും സ്വർണക്കിണ്ടി സമർപ്പണവും നടത്തിയാണ് നേതാവ് വിശ്വാസം തെളിയിച്ചതെന്ന് മുമ്പ് മംഗളം ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.
കാളികാവ് പൂളക്കുന്നിൽ ശത്രുസംഹാരത്തിനായുള്ള കടുത്ത പ്രയോഗങ്ങളുമായാണ് ഉണ്ണി സ്വാമി വിഹരിക്കുന്നത്. മലപ്പുറം കരുളായിയിലെ ഭൂമിക്കുന്നിലെ ഉണ്ണിയപ്പൻ സ്വാമിയും പാർട്ടിക്കു വേണ്ടപ്പെട്ടയാളാണ്. നാടൊട്ടുക്ക് ആൾെദെവങ്ങളുടെ കേന്ദ്രങ്ങളിലേക്ക് ഡിവൈഎഫ്ഐ. മാർച്ച് നടത്തിയപ്പോൾ ഉണ്ണിയപ്പൻ സ്വാമിയെ കണ്ടഭാവം നടിച്ചില്ല. ഉണ്ണിയപ്പന്റെ ഒരു മകൻ ബ്ലോക്ക് പഞ്ചായത്തംഗവും മകൾ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്, അതും പാർട്ടി ടിക്കറ്റിൽ വിജയിച്ചു. ഉണ്ണി സ്വാമി ഇപ്പോൾ പഴയതു പോലെ സജീവമല്ല. കോവിഡു കാലത്തോടെയാണ് ഇയാൾ അപ്രത്യക്ഷമായത്.
അതേ സമയം അറബി മാന്ത്രിക ചികിത്സയുടെ തട്ടിപ്പുകളും മലപ്പുറത്തു വ്യാപകമായി നടക്കന്നുന്നുണ്ട്. പരിസരപ്രദേശങ്ങളിലുമായി ഒതുങ്ങിനിൽക്കുന്നതല്ല. മലബാറിലെ ഒട്ടുമിക്കയിടങ്ങളിലും ഇത്തരത്തിൽ ഒരു ചെറുകിട സംഘമെങ്കിലും പ്രവർത്തിക്കുന്നുണ്ട്. കാസർകോട് ജില്ലയാണ് ആത്മീയ വ്യാപാരത്തിന് വലിയ മാർക്കറ്റുള്ള മറ്റൊരിടം. കാസർകോട് ബദിയടുക്കയ്ക്കടുത്ത് മുണ്ട്യത്തടുക്കയിൽ ചികിത്സാ കേന്ദ്രം നടത്തിയിടുന്ന കോട്ട ഉസ്താദ് എന്ന കോട്ട അബ്ദുറഹ്മാനെക്കുറിച്ചുള്ള വാർത്തകളും ഈയിടയ്ക്കാണ് പുറത്തുവന്നത്.
നാലായിരം പേരുടെ ക്യാൻസർ സൗജന്യമായി ഭേദമാക്കിക്കൊടുത്തുവെന്ന അവകാശവാദത്തോടെ രംഗത്തുവന്ന കോട്ട ഉസ്താദിന്റെ കേന്ദ്രത്തിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നു പോലും രോഗികളുടെ ഒഴുക്കായിരുന്നു. ആംബുലൻസിലും മറ്റും അവശരായ രോഗികളുമായി എത്തിയവരെക്കൊണ്ട് പ്രദേശമാകെ ഇടക്കാലത്ത് തിരക്കിലായിരുന്നു. നിശ്ചിതമായ ഫീസ് ആവശ്യപ്പെടാതെ കാണിക്കവഞ്ചിയിൽ സംഭാവനയിട്ടോളാൻ ആവശ്യപ്പെടുന്ന ഒരു പുതിയ തരം മാർക്കറ്റിങ് രീതിയായിരുന്നു കോട്ട ഉസ്താദ് പരീക്ഷിച്ചു വിജയിച്ചത്. സമാന്തരമായി മരുന്നു കച്ചവടവും മന്ത്രിച്ച തേൻ വിൽപ്പനയും നടത്തിയിരുന്നു.
മരുന്നായി കൊടുക്കുന്നതാകട്ടെ, അത്തിയുടെ തൊലിയും വേരും പൊടിച്ചുണ്ടാക്കുന്ന മിശ്രിതവും. ഉസ്താദിന്റെ ചികിത്സ തേടിയെത്തിയവരിൽ ചിലർക്ക് രോഗം മൂർച്ഛിക്കുക കൂടി ചെയ്തതോടെ, പ്രദേശത്തെ ചെറുപ്പക്കാരിൽ ചിലർ കള്ളി വെളിച്ചത്താക്കാൻ പ്രയത്‌നിക്കുകയായിരുന്നു. ഒടുവിൽ സമൂഹമാധ്യമങ്ങളിലടക്കം വിഷയം ചർച്ചയാകുകയും, കോട്ട ഉസ്താദിന് സ്ഥലം വിടേണ്ടി വരികയും ചെയ്തു. കോട്ടയിലെ ആത്മീയ വ്യാപാരവും അജ്മീർ ദർഗയുടെ പേരിലുള്ള തട്ടിപ്പും പുറത്തുവന്നു കഴിഞ്ഞെങ്കിലും, ഉസ്താദ് വീണ്ടും ചികിത്സയാരംഭിച്ചതായും അഭ്യൂഹങ്ങളുണ്ട്. തന്റെ ചികിത്സാത്തട്ടിപ്പിനെക്കുറിച്ചുള്ള വസ്തുത ഉസ്താദ് തന്നെ തുറന്നു പറഞ്ഞെങ്കിലും, വിശ്വാസികൾക്കും ആവശ്യക്കാർക്കും മാത്രം മാറ്റമില്ലെന്ന് സാരം.
ക്യാൻസർ മുതൽ കാഴ്ചക്കുറവു വരെ നൂറിലധികം ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയെന്ന പേരിൽ ഹോട്ടലുകളിൽ ക്യാമ്പ് ചെയ്ത് 'മിറാക്കിൾ ഡ്രിങ്ക്' വിൽപ്പന നടത്തിയിരുന്ന സംഘത്തെ കാഞ്ഞങ്ങാടു നിന്നും ഡ്രഗ്‌സ് കണ്ട്രോൾ വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് പിടികൂടിയിരുന്നു.. കർണാടകയിൽ നിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേനയായിരുന്നു വ്യാജമരുന്നുകൾ വിറ്റിരുന്നത്. വ്യക്തമായ സൂചനകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇനിയും ഇത്തരം നടപടികൾ ഉണ്ടാകുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാംദാസും അറിയിക്കുന്നുണ്ട്.
മലബാറിലെ ജില്ലകളിൽ നിന്നും അറബി മാന്ത്രിക ചികിത്സയുടെ പേരിൽ പത്തൊൻപതു വർഷമായി വൻതുകകൾ തട്ടിച്ചിട്ടുള്ള വയനാട് സ്വദേശി ഹാജി മുസല്യാർ പിടിയിലായതും ഈയിടെയാണ്. ചികിത്സാത്തട്ടിപ്പുകളിലൂടെ നടക്കുന്ന കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടിന്റെ ഞെട്ടിക്കുന്ന കഥകളാണ് ഇയാളുടെ അറസ്റ്റിനു ശേഷം പുറത്തുവന്നത്. മന്ത്രവാദത്തിൽ നിന്നും എളുപ്പത്തിൽ സമ്പാദിക്കുന്ന തുകകൾ മറ്റു ബിസിനസ്സുകളിൽ മുടക്കിയിരുന്ന ഇയാൾക്ക് കോടികളുടെ ആസ്തിയാണ് ഉണ്ടായിരുന്നത്. റിസോർട്ട് അടക്കമുള്ള ബിസിനസ്സുകൾ ഹാജി മുസല്യാർ നടത്തിപ്പോന്നിരുന്നു.
ആത്മീയ വ്യാപാരവും വ്യാജ ചികിത്സയും ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്നും സമ്പാദിക്കുന്ന വൻ തുകകളുപയോഗിച്ച് ബിസിനസ് സാമ്രാജ്യങ്ങൾ തന്നെ കെട്ടിപ്പടുക്കുന്നവരുടെ പ്രതിനിധിയാണ് ഇയാൾ എന്നുപറഞ്ഞാലും അതിശയോക്തിയില്ല. അത്രയ്ക്ക് സങ്കീർണമാണ് മന്ത്രവാദ സംഘങ്ങളുടെ പശ്ചാത്തലത്തിൽ പടർന്നുപൊങ്ങുന്ന സമാന്തര സാമ്പത്തിക വ്യവസ്ഥ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്