- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളി ആഘോഷത്തിനിടെ ജപ്പാൻ വനിതയെ അപമാനിച്ച സംഭവം; വീഡിയോ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധം; ഇടപെട്ട് ദേശീയ വനിത കമ്മിഷൻ; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ ജപ്പാൻകാരിയായ യുവതിയെ അപമാനിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ വനിത കമ്മിഷൻ. സംഭവത്തിൽ വേഗത്തിൽ കേസെടുത്ത് നടപടിയെടുക്കാൻ ദേശീയ വനിത കമ്മിഷൻ അധ്യക്ഷ ഡൽഹി സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി.
ഹോളി ആഘോഷത്തിനിടെ ഒരു കൂട്ടം പുരുഷന്മാർ ചേർന്ന് ജപ്പാൻകാരിയായ യുവതിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചതോടെയാണ്, ബുധനാഴ്ച നടന്ന സംഭവത്തെക്കുറിച്ച് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചത്. ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തുണ്ട്.
ഒരു സംഘം ആളുകൾ യുവതിയെ കടന്നുപിടിക്കുന്നതും 'ഹോളി' എന്നു പറഞ്ഞുകൊണ്ട് നിറങ്ങൾ വാരിപ്പൂശുന്നതും വിഡിയോയിൽ വ്യക്തമാണ്. ഒരാൾ യുവതിയുടെ തലയിലേക്ക് മുട്ടയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതി ശ്രമിക്കുന്നതും കാണാം. ആൾക്കൂട്ടത്തിൽനിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ യുവതി ഒരാളെ അടിക്കുന്നുമുണ്ട്. ഒടുവിൽ ഒരുവിധത്തിൽ അവിടെനിന്ന് രക്ഷപ്പെട്ടു പുറത്തുവരുന്നതും കാണാം.
For those who were against the #BHARATMATRIMONY Holi campaign. A Japanese tourist in India. Imagine your sister, mother or wife being treated like this in another county? Maybe you will understand then. pic.twitter.com/VribIpXBab
- Ram Subramanian (@iramsubramanian) March 10, 2023
''പ്രഥമദൃഷ്ട്യ സംഭവം നടന്നത് പഹർഗഞ്ചിലാണെന്നാണ് വ്യക്തമാകുന്നത്. എങ്കിലും വിഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്. ഈ മേഖലയിൽ ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. അതോ പഴയ വിഡിയോ വീണ്ടും പ്രചരിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഈ യുവതിയെ തിരിച്ചറിയാൻ സഹായം തേടി ജപ്പാൻ എംബസിയിലേക്ക് മെയിൽ അയച്ചിട്ടുണ്ട്' ഡൽഹി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
ഹോളി ആഘോഷത്തിനിടെ ഏതെങ്കിലും വിദേശവനിത അപമാനിക്കപ്പെട്ടതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. എങ്കിലും വിഡിയോ വ്യാപകമായി പ്രചരിക്കുകയും സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.


