- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുമായി സംസാരിച്ചത് സ്വർണ്ണക്കടത്ത് വിഷയമല്ല; ഒടിടി പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച; സ്വപ്നയുടെ ക്ഷണം സ്വീകരിച്ചാണ് ഹോട്ടലിൽ പോയത്; എം വി ഗോവിന്ദനെ കണ്ട് പരിചയം ടിവിയിൽ മാത്രം; ഒരു പാർട്ടിയിലും അംഗമല്ല; വിജേഷ് പിള്ള മാധ്യമങ്ങൾക്ക് മുന്നിൽ; വിജേഷിനെ ചോദ്യം ചെയ്ത് ഇഡിയും
കൊച്ചി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി വിജേഷ് പിള്ള രംഗത്തെത്തി. ഇന്നലെ രാത്രി വിജേഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡിക്ക് മൊഴി നൽകിയ ശേഷമാണ് വിജേഷ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. സ്വപ്നയുമായി ബെംഗളൂരിൽ ചർച്ച നടത്തിയിരുന്നതായി വിജേഷ് പിള്ള സ്ഥിരീകരിച്ചു. അതേസമയം താൻ സംസാരിച്ചത് സ്വർണ്ണക്കടത്ത് വിഷയമല്ലെന്നും സ്വപ്നയുടെ ക്ഷണം സ്വീകരിച്ചാണ് ഹോട്ടലിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒ.ടി.ടി നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് പോയതെന്ന് വിജേഷ് വ്യക്തമാക്കി. സ്വർണ്ണക്കടത്തുകാര്യം സംസാരിച്ചെങ്കിൽ ദൃശ്യങ്ങൾ പുറത്തു വിടാൻ വെല്ലുവിളിക്കുന്നതായും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ പറഞ്ഞതായും വിജേഷ് പറഞ്ഞു. സിപിഎമ്മിനോടോ എം വിഗോവിന്ദനോടോ യൂസഫലിയോടൊ ബന്ധമില്ല. എം വി ഗോവിന്ദനെ കണ്ട് പരിചയം ടി വിയിൽ വെച്ചു മാത്രമാണ്.
ഇവരെ അറിയില്ല. രാഷ്ടീയ പാർട്ടികളോട് ഒരു ബന്ധവുമില്ല. സ്വപ്ന എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ല. ഇടനിലക്കാരനെന്ന പേരിൽ ഷാജ് കിരണിന്റെ പേര് സ്വപ്ന പറഞ്ഞതറിയില്ല. ഏതന്വേഷണവുമായി സഹകരിക്കും. സ്വപ്നയുടെ തുടർ നടപടികൾ വീക്ഷിച്ച ശേഷം കൂടുതൽ രേഖകൾ പുറത്തുവിടുമെന്ന് വിജേഷ് പിള്ള വ്യക്തമാക്കി.
സ്വപ്നയെ കണ്ട് ഒത്തുതീർപ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. 30 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞു. പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളുടെ ചിത്രങ്ങളാണെന്നും വിജേഷ് പറയുന്നു. എംവി ഗോവിന്ദൻ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പരാമർശിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താൻ സംസാരിച്ചിട്ടില്ല. കുട്ടികളുമായി എത്തിയ സ്വപ്നയെ എങ്ങനെയാണ് തനിക്ക് ഭീഷണിപ്പെടുത്താൻ സാധിക്കുകയെന്നും വിജേഷ് ചോദിച്ചു.
ബംഗളൂരുവിലെ ഓഫീസിൽ വന്നാണ് സ്വപ്ന കണ്ടത്. അവിടെ വച്ചാണ് തങ്ങൾ സംസാരിച്ചത്. ഇപ്പറഞ്ഞതിലൊന്നും ഒരു വാസ്തവവുമില്ല. സ്വപ്ന പറഞ്ഞ പാർട്ടികളെയൊന്നും തനിക്കറിയില്ല. മീഡിയയിലും പത്രത്തിലുമൊക്കെയേ സ്വപ്ന പറയുന്ന ആളുകളെ താൻ കണ്ടിട്ടുള്ളു. തെളിവുകൾ ഉണ്ടെങ്കിൽ അവർ പുറത്തുവിടട്ടെ. ഭവിഷ്യത്തുകൾ നേരിടാൻ ഒരുക്കമാണെന്നും വിജേഷ് പറഞ്ഞു.
അതിനിടെ സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തത്. 15 മണിക്കൂറോളം ഇഡി ഇയാളെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെയാണ് തന്നെ ഇഡി വിളിപ്പിച്ചതെന്ന് വിജേഷ് പറഞ്ഞു. കാര്യങ്ങളെല്ലാം താൻ ഇഡിയോട് പറഞ്ഞതായും വിജേഷ് വ്യക്തമാക്കി.
ഇടനിലക്കാരനെന്ന് നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നാ സുരേഷ് ആരോപണമുന്നയിച്ച വിജേഷ് പിള്ളയ്ക്ക് കൊച്ചിയിലുള്ളത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച സ്റ്റാർട്ടപ്പ് ആണെന്ന വിവരവും പുറത്തുവന്നിരുന്നു. കളമശ്ശേരി ചങ്ങമ്പുഴനഗറിലെ 'ഡബ്ല്യു.ജി.എൻ. ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ് വിജേഷ് പിള്ള.
ഈ സ്ഥാപനത്തിൽ കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തിയിരുന്നു. എന്നാൽ, സ്ഥാപനം വർഷങ്ങൾക്കുമുമ്പേ പൂട്ടിപ്പോയെന്നാണ് കെട്ടിടസമുച്ചയത്തിന്റെ ഉടമ പറയുന്നത്. എന്നാൽ, രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ ഡബ്ല്യു.ജി.എൻ. ഇൻഫോടെക് ഇപ്പോഴും പ്രവർത്തിക്കുന്ന കമ്പനിയാണ്. വിജേഷിന് ഇ.ഡി. നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല
ഒരുലക്ഷം രൂപ പ്രാരംഭ മൂലധനവുമായാണ് 2017 ജനുവരി 10-ന് ഈ സ്ഥാപനം തുടങ്ങുന്നത്. റോബോട്ടിക് മേഖലയുമായി ബന്ധപ്പെട്ട കമ്പനിയായിരുന്നു ഇത്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഈ കമ്പനി രജിസ്റ്റർ ചെയ്തതായി 2019 ഒക്ടോബർ മൂന്നിന് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ സ്റ്റാർട്ടപ്പായി അംഗീകരിച്ച സർട്ടിഫിക്കറ്റ് 2019 ഒക്ടോബർ 17-നും ലഭിച്ചിട്ടുണ്ട്. വിജേഷിന് പുറമേ, സാനിയോ അരൂജയും കമ്പനിയുടെ ഡയറക്ടറാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 'ആക്ഷൻ' എന്ന പേരിൽ വിജേഷ് 2021-ൽ ഒ.ടി.ടി. പ്ലാറ്റ് ഫോമും തുടങ്ങിയിരുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ സ്പെഷ്യൽ ബ്രാഞ്ച് സംഘം അന്വേഷണത്തിനായി എത്തി. 2017-ൽ പ്രവർത്തനം തുടങ്ങിയെങ്കിലും ആറുമാസത്തിനുശേഷം പ്രവർത്തനം അവസാനിപ്പിച്ചെന്ന് സ്ഥാപനം പ്രവർത്തിച്ചിരുന്ന ക്രസന്റ്സ് ടവർ എന്ന കെട്ടിടത്തിന്റെ ഉടമ ജാക്സൺ പറഞ്ഞു. കണ്ണൂർ സ്വദേശിയാണെന്നും ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട കമ്പനിക്കാണെന്നുമാണ് പറഞ്ഞത്. ഒരുലക്ഷത്തോളം രൂപ വാടകയിനത്തിൽ ലഭിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ