കണ്ണൂർ: എംഎ‍ൽഎ.-എസ് ഐ. തർക്കത്തിൽ എസ് ഐക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശചെയ്ത് അന്വേഷണ റിപ്പോർട്ടിലുള്ളത് ഗുരുതര ആരോപണങ്ങൾ. എസ് ഐയെ സസ്‌പെന്റ് ചെയ്യാൻ സാധ്യത ഏറെയാണ് എം.വിജിൻ എംഎ‍ൽഎ. ടൗൺ എസ്‌ഐ. പി.പി. ഷമീലിനെതിരെ നൽകിയ പരാതിയിൽ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാറിന് കൈമാറും. ഗുരുതര കണ്ടെത്തലുകൾ അന്വേഷണ റിപ്പോർട്ടിലുള്ളതു കൊണ്ട് തന്നെ ഗൗരവമുള്ള നടപടികളുണ്ടാകും.

എംഎ‍ൽഎ.യും ടൗൺ എസ് ഐ. പി.പി.ഷമീലും തമ്മിൽ കളക്ടറേറ്റ് വളപ്പിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ കണ്ണൂർ അസി. പൊലീസ് കമ്മിഷണർ ടി.കെ.രത്‌നകുമാറാണ് അന്വേഷണം നടത്തിയത്. എം.വിജിൻ എംഎ‍ൽഎ., ടൗൺ എസ് ഐ. പി.പി.ഷമീൽ, മൂന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ, കെ.ജി.എൻ.എ. ഭാരവാഹികൾ എന്നിവരുടെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തിയിരുന്നു. ഇതിൽ കണ്ടെത്തുന്നത് ഷമീലിന്റെ വീഴ്ചയാണ്. എംഎൽഎയുടെ പരാതിയിൽ വസ്തുത കണ്ടെത്തുകയാണ് അന്വേഷണം.

എസ് ഐയുടെ മോശമായ പെരുമാറ്റമാണ് പ്രശ്‌നം രൂക്ഷമാക്കിയെതെന്നും പിങ്ക് പൊലീസുകാരോട് എംഎ‍ൽഎ.യുടെയും സമരക്കാരുടെയും പേര് കുറിച്ചെടുക്കാൻ എസ് ഐ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനിടയാക്കിയതെന്നും റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. എസ് ഐക്ക് എംഎ‍ൽഎ.യെ തിരിച്ചറിയാനും സാധിച്ചില്ല. എസ് ഐ. അപമാനിച്ചതായി എം.വിജിൽ എംഎ‍ൽഎ. മൊഴിനൽകിയിരുന്നു. തന്റെ പേര് അറിയേണ്ടതാണ്. സമരസ്ഥലത്ത് പൊലീസ് ഇല്ലായിരുന്നു. ഈ വീഴ്ച മറച്ചുവെക്കാനാണ് എസ് ഐ ശ്രമിച്ചതെന്നും മൊഴിയിൽ പറയുന്നു.

സമരം നടക്കുന്ന സമയത്ത് കളക്റ്റ്രേറ്റിൽ സുരക്ഷയൊരുക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. എസിപിയുടെ അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ സിറ്റി പൊലീസ് കമ്മീഷണർ ടൗൺ എസ് ഐ ഷമീൽ പി പിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. സ്ഥലം മാറ്റമോ സസ്‌പെൻഷനോ ഉണ്ടായേക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ സസ്‌പെൻഷൻ നൽകണമെന്നതാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനം.

നേരത്തെ എം വിജിൻ എംഎൽഎ നൽകിയ പരാതിയെ തുടർന്ന് എസിപി ടി കെ രത്‌നകുമാറിന് ചുമതല നൽകി അന്വേഷത്തിന് സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. സമരത്തിന്റെ ഉദ്ഘാടകനായി എത്തിയ തന്റെ കയ്യിൽ നിന്ന് പൊലീസ് മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. പ്രകോപിതരാക്കുന്ന രീതിയിൽ മോശമായി പെരുമാറുകയും ചെയ്‌തെന്ന് എംഎൽഎ ആരോപിച്ചിരുന്നു.

ഇതാണ് വാക്കേറ്റത്തിലേക്ക് നയിച്ചതെന്നും അല്ലാതെ തന്നോട് പേര് ചോദിച്ചതല്ല പ്രശ്‌നത്തിന് കാരണമെന്നും എംഎൽഎ പറയുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനാണ് വിജൻ. അതും എസ് ഐയ്ക്ക് വിനയായി. എംഎൽഎയുടെ പരാതിയെ ഗൗരവത്തോടെ കാണാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും തീരുമാനം.