- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനേഡിയൻ വിസയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽനിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തു; സാമ്പത്തിക പ്രതിസന്ധിയിലെ ജീവനൊടുക്കൽ; ജിബി എബ്രഹാം തിരുവല്ല മാർത്തോമാ കോളേജിലെ അദ്ധ്യാപികയും; മടിക്കേരിയിലെ മരണങ്ങളിൽ സർവ്വത്ര ദുരൂഹത
കണ്ണൂർ: കർണാടകയിൽ മടിക്കേരിയിലെ റിസോർട്ടിൽ കൊല്ലം ജില്ലക്കാരായ ദമ്പതികളെയും 11 വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് സൂചന. ആത്മഹത്യാ കുറിപ്പ് പൊലീസിന് കിട്ടി. മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം.
പരവൂർ കൂനയിൽ ചാമവിള വീട്ടിൽ ബാബുസേനന്റെയും കസ്തൂർബായിയുടെയും മകൻ വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി ഏബ്രഹാം (38), മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല മാർത്തോമ്മാ കോളജ് ബയോടെക്‌നോളജി വിഭാഗം അദ്ധ്യാപികയാണ് ജിബി. കോളജിൽനിന്ന് ഒരാഴ്ച മുൻപാണ് ജിബി ലീവെടുത്തത്. ഡൽഹിയിലേക്കു പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. ഇതിനിടെയാണ് കർണാടകയിൽ മടിക്കേരിയിലെ റിസോർട്ടിൽ ഭർത്താവിനും മകൾക്കുമൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്.
വിമുക്ത ഭടനായ വിനോദിന്റെയും കോളജ് അദ്ധ്യാപികയായ ജിബിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിനോദ് കോട്ടയം അയ്മനം സ്വദേശിയായ ആദ്യ ഭാര്യയുമായും ജിബി ഏബ്രഹാം കാസർകോട് സ്വദേശിയായ ആദ്യ ഭർത്താവുമായും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. വിനോദിന് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ജിബിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജെയ്ൻ മരിയ.
മടിക്കേരിയിലെ റിസോർട്ടിൽ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണു മൂവരും എത്തിയത്. കാറിലാണ് എത്തിയത്. പിറ്റേന്നു രാവിലെ ചെക്ക്ഔട്ട് ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും 11 മണിയായിട്ടും ആരെയും പുറത്തു കണ്ടില്ല. സംശയം തോന്നിയ ജീവനക്കാർ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ ജനൽ തുറന്നു നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിനോദിന് കരസേനയിലായിരുന്നു ജോലി. 2012ൽ അവിടെനിന്ന് തിരിച്ചെത്തിയ ശേഷം വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തി വരികയായിരുന്നു. ഇതിനിടെയാണ് അദ്ധ്യാപികയായ ജിബി ഏബ്രഹാമുമായി അടുപ്പത്തിലായത്. തുടർന്ന് ഏതാനും മാസങ്ങൾക്കു മുൻപാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തത്. തിരുവല്ലയിൽ അപ്പാർട്‌മെന്റ് വാടകയ്ക്ക് എടുത്തായിരുന്നു താമസം.
തിരുവല്ലയിൽ ഇവർ ചില സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിരുന്നതായും വിവരമുണ്ട്. വിനോദ് ബാബുസേനൻ പതിമൂന്ന് വർഷം മുമ്പ് കൊല്ലത്ത് നിന്ന് പോയതാണ്. പിന്നീട് കൊല്ലത്തേക്ക് വന്നിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും വിനോദിന്റെ കുടുംബവീടായ പരവൂർ ആയിരവല്ലിക്കാവിന് സമീപത്തുള്ളവർ പറയുന്നു. കരസേനയിൽ ജോലി ചെയ്തിരുന്ന വിനോദ് 2012ൽ നാട്ടിലേക്ക് തിരികെയെത്തി.
എട്ടുവർഷം മുൻപാണ് തിരുവല്ല മാർത്തോമ കോളജിൽ സെൽഫ് ഫിനാൻസിങ് കോഴ്സായ എം.എസ്സി. ബയോടെക്നോളജിയിൽ അസി. പ്രൊഫസറായി ചേർന്നത്. തിരുവല്ല ജോയ് ആലുക്കാസിന് സമീപത്തെ ഫ്ളാറ്റിലാണ് വിനോദും ജിബിയും മകളുമായി കഴിഞ്ഞിരുന്നത്. വിനോദിന്റെ കൺസൾട്ടൻസിയിൽ ജിബി പാർട്ണർ കൂടിയായിരുന്നു. ജെയിൻ മരിയ ജേക്കബ് ഏഴാംക്ലാസിലാണ് പഠിക്കുന്നത്.
കനേഡിയൻ വിസയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽനിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തുവെന്ന് സൂചനയുണ്ട്. ഇതേത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നാണ് വിവരം. വിനോദിന്റെ ആദ്യ വിവാഹത്തിലെ മകൾ കാനഡയിലാണുള്ളതെന്നാണ് പറഞ്ഞിരിക്കുന്നത്. ജിബി കഴിഞ്ഞ മാസം പരീക്ഷാഡ്യൂട്ടിക്ക് എത്തിയിരുന്നതായി കോളേജിലെ സുഹൃത്തുക്കൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ