- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളൂരുവിൽ വച്ച് അഭിമുഖം നടത്തിയശേഷം 1.75 ലക്ഷം രൂപ; മാസങ്ങൾ പിന്നിട്ടിട്ടും വിസയോ പണമോ തിരിച്ചു കിട്ടിയില്ല; മംഗളൂരു കേന്ദ്രീകരിച്ചു വിസാ തട്ടിപ്പു നടത്തിയ മാവേലിക്കര സ്വദേശി കൊല്ലത്ത് പിടിയിൽ; ഒട്ടേറെയാളുകളെ പണം വാങ്ങി കബളിപ്പിച്ചിട്ടുണ്ടെന്നാണു വിവരം
കണ്ണൂർ: മലയാളികളുടെ വിദേശജോലി മോഹങ്ങളുടെ ചുവടു പിടിച്ചു തട്ടിപ്പു നടത്തുന്ന മറ്റൊരാൾ കൂടി പിടിയിൽ. വിദേശത്തു വിസ വാഗ്ദാനം ചെയതു പണം വാങ്ങി കബളിപ്പിച്ച കേസിൽ കൊല്ലം സ്വദേശിയാണ് പിടിയിലായത്. വീസ തട്ടിപ്പുകേസിലെ പ്രധാന പ്രതിയായി ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു.
മാവേലിക്കര തഴക്കര സ്വദേശി വളക്കോട്ടുതറയിൽ എൻ.പ്രസാദിനെയാണ് (55) കഴിഞ്ഞ ദിവസം ചിറ്റാരിക്കാൽ പൊലീസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നിർദേശത്തെത്തുടർന്നു എസ്‌ഐമാരായ അരുൺ, കെ.ജി.രതീഷ്, സിപിഒമാരായ കെ.ജയരാജൻ, സജീഷ് എന്നിവരടങ്ങിയ സംഘം കൊല്ലത്തുവച്ചു പിടികൂടിയത്. ഇയാളെ
പിന്നീട് അറസ്റ്റ് ചെയ്തു ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഈ കേസിലെ രണ്ടാം പ്രതിയായ സുരേഷ് ഗോപി നാരായണനെ ഒരുമാസം മുൻപ് കോയമ്പത്തൂരിൽവച്ചു ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മംഗളൂരു കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തിയ പ്രസാദ്, രണ്ടാം പ്രതിയുടെ പേരിലാണ് ബാങ്ക് അക്കൗണ്ടുകളും മറ്റ് ഇടപാടുകളും നടത്തിയിരുന്നത്.
മംഗളൂരുവിൽവച്ച് അഭിമുഖം നടത്തിയശേഷം ചിറ്റാരിക്കാൽ നിരത്തുംതട്ട് സ്വദേശിയിൽനിന്നു കഴിഞ്ഞവർഷം 1.75 ലക്ഷം രൂപയാണ് ഇയാൾ വീസയുടെ പേരിൽ വാങ്ങിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വീസയോ പണമോ തിരിച്ചുകിട്ടാത്തതിനെത്തുടർന്നു പരാതിക്കാരൻ ചിറ്റാരിക്കാൽ പൊലീസിൽ സമീപിക്കുകയായിരുന്നു.
ഇതേത്തുടർന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത് ഇവരെ അന്വേഷിച്ചു പൊലീസ് മുംബൈ, കോയമ്പത്തൂർ, കോവളം എന്നിവിടങ്ങളിലും എത്തിയിരുന്നു. മംഗളൂരു കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തിയിരുന്ന ഇവർ ഒട്ടേറെയാളുകളെ പണം വാങ്ങി കബളിപ്പിച്ചിട്ടുണ്ടെന്നാണു വിവരം. കഴിഞ്ഞ ദിവസം കൊച്ചിയിലും ഒരു വിസാ തട്ടിപ്പു സംഘം പിടിയിലായിരുന്നു.
യു.കെ., സിങ്കപ്പൂർ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് വിവിധ ജോലികൾക്ക് വിസയുണ്ടെന്ന് വാഗ്ദാനം ചെയ്ത് 1.9 കോടി രൂപ തട്ടിയ ദമ്പതിമാരാമ് കൊച്ചിയിൽ പിടിയിലായത്. കലൂർ അശോക റോഡിൽ ടാലെന്റിവിസ് എച്ച്.ആർ. കൺസൾട്ടൻസി റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിയിരുന്ന, കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ ചിഞ്ചു എസ്. രാജ് (45), കൊടുങ്ങല്ലൂർ ശൃംഗപുരം വക്കേക്കാട്ടിൽ അനീഷ് (45) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സമയപരിധി കഴിഞ്ഞിട്ടും വിസ നൽകാതെ വന്നതിനെത്തുടർന്ന് ഉദ്യോഗാർഥികളെത്തി ബഹളം വെച്ചിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 30 പേർക്ക് സിങ്കപ്പൂരിലേക്കുള്ള വ്യാജ വിസയും വിമാനടിക്കറ്റും വാട്‌സാപ്പ് വഴി നൽകി. പ്രതികൾ അയച്ചുനൽകിയ വിമാന ടിക്കറ്റ് പരിശോധിച്ചപ്പോൾ അവ റദ്ദാക്കിയതാണെന്ന് മനസ്സിലാക്കി. ഇക്കാര്യം ചോദിച്ചപ്പോൾ തന്നത് ഡമ്മി ടിക്കറ്റാണെന്നും വിമാനത്താവളത്തിലെത്തിയാൽ യാത്ര ചെയ്യാൻ കഴിയുമെന്നുമറിയിച്ചു. ബാഗ് പായ്ക്ക് ചെയ്ത് വിദേശത്തേക്ക് കടക്കാനുള്ള ഒരുക്കത്തിനിടെയാണ് പ്രതികൾ കുടുങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ