തൃശൂർ: തൃശൂർ വിവേകോദയം സ്‌കൂളിൽ ക്ലാസ്മുറിയിൽ കയറി വെടിയുതിർത്ത് പൂർവ വിദ്യാർത്ഥി സൃഷ്ടിച്ചത് സമാനതകളില്ലാത്ത ഭീകരത. മുളയം സ്വദേശി ജഗൻ ആണ് വെടിയുതിർത്തത്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരും അദ്ധ്യാപകരും ചേർന്നാണ് ഇയാളെ പിടികൂടിയത്.

രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. എയർഗണുമായി സ്‌കൂളിലെത്തിയ പ്രതി ഓഫീസ് മുറിയിലെത്തി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്‌കൂൾ കത്തിക്കുമെന്നും വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. രണ്ട് അദ്ധ്യാപകരെ ലക്ഷ്യം വച്ചാണ് വിദ്യാർത്ഥിയെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ആശ്വസിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകരെ എതിർത്ത് ക്ലാസ്മുറികളിലേക്ക് കയറിയ പ്രതി വിദ്യാർത്ഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മുകളിലേക്ക് മൂന്നുതവണ വെടിയുതിർക്കുകയുമായിരുന്നു. പിന്നെ ഇറങ്ങി ഓടി. പക്ഷേ അദ്ധ്യാപകരും നാട്ടുകാരും സമചിത്തതയോടെ ഇടെപട്ടു. അങ്ങനെ ജഗനെ കീഴ്‌പ്പെടുത്തി.

അദ്ധ്യാപകരെ വേണമെന്ന് പറഞ്ഞാണ് ജഗൻ പ്രശ്‌നങ്ങളുണ്ടാക്കാൻ തുടങ്ങിയത്. ആദ്യം ആരും വലിയ കാര്യമായെടുത്തില്ല. കൈയിലുള്ളത് കളിത്തോക്കാകുമെന്നും കരുതി. വെടിയുതിർത്തപ്പോൾ മാത്രമാണ് ഗൗരവം തിരിച്ചറിഞ്ഞത്. വെടി പൊട്ടിയ ശബ്ദം കേട്ട് നാട്ടുകാരും ഓടിയെത്തി. ഇവരും അദ്ധ്യാപകരും ചേർന്നാണ് ജഗനെ പിടികൂടിയത്. എന്തായിരുന്നു പ്രകോപനമെന്നതിൽ പൊലീസ് സ്ഥിരീകരണമൊന്നും നൽകുന്നില്ല. ജഗനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

സ്റ്റാഫ് റൂമിൽ കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അദ്ധ്യാപകർ പറയുന്നത്. തുടർന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

രാവിലെ 10.15 ഓടെയായിരുന്നു സംഭവം. നേരത്തെ പഠിച്ച സമയത്ത് മറന്നുവെച്ച തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാൾ സ്‌കൂളിലേക്കെത്തിയത്. അദ്ധ്യാപകർ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ബാഗിൽ നിന്നും തോക്കെടുത്തത്. സ്റ്റാഫ് റൂമിൽ കയറി കസേരയിൽ ഇരുന്നശേഷം അദ്ധ്യാപകരെ ഭീഷണിപ്പെടുത്തി. ക്ലാസ് റൂമിനുള്ളിലും കയറി ഇയാൾ ഭീഷണിപ്പെടുത്തി. കുട്ടികളുടെയും ടീച്ചറുടേയും മുന്നിൽ വെച്ചു വെടിയുതിർത്തു.

പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ സ്‌കൂളിൽ നിന്നും ഇറങ്ങി ഓടിയിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും അദ്ധ്യാപകരും പിന്തുടർന്നാണ് ജഗനെ പിടികൂടുന്നത്. രണ്ടു വർഷം മുമ്പാണ് ഇയാൾ സ്‌കൂളിൽ നിന്നും പഠനം നിർത്തി പോയതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ അദ്ധ്യാപകൻ പറഞ്ഞു.