- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാ നേതാവിന്റെ ഭാര്യയെ കൂടെ കൂട്ടിയതിന് രഞ്ജിത് ജോൺസണെ കൊന്ന കേസിലെ പ്രതി കാട്ടുണ്ണി കൊടും ക്രിമിനൽ; വിയ്യൂരിലെ ജയിലിൽ മറ്റൊരു ഗുണ്ടാ ഭരണം വേണ്ടെന്ന് കൊടി സുനിയും; വിയ്യൂരിലെ സംഘർഷം കേരളത്തിലെ ജയിലുകളെ ടിപി കേസ് പ്രതികൾ ഭരിക്കുന്നതിന് തെളിവ്
വിയ്യൂർ: കേരളത്തിലെ ജയിലുകൾ നിയന്ത്രിക്കുന്നത് ടിപി കേസ് പ്രതികളാണെന്ന വിലയിരുത്തൽ ശരിവച്ച് വിയ്യൂർ അതിസുരക്ഷാ ജയിലിലെ കൂട്ടത്തല്ല,. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. വിയ്യൂരിൽ തടവുകാർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടാകുമ്പോൾ വാർഡന്മാർ പ്രതിസന്ധിയിലാണ്. എന്തു ചെയ്യണമെന്ന് പോലും അവർക്ക് അറിയില്ല. അതിസുരക്ഷാ ജയിലെന്ന പേരു പോലും അപ്രസക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ അടി.
ഞായറാഴ്ചയായതിനാൽ ആക്രമണ സമയം ഉന്നത ഉദ്യോഗസഥർ ജയിലിൽ ഉണ്ടായിരുന്നില്ല. ജില്ലാ ജയിലിൽനിന്നും സെൻട്രൽ ജയിലിൽനിന്നും കൂടുതൽ ജീവനക്കാരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. അതിസുരക്ഷാ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പക്ഷപാതപരമായി പെരുമാറിയെന്നാരോപിച്ച് ജീവനക്കാരെ ആക്രമിച്ച ഒരു വിഭാഗം ഗാർഡ് ഓഫീസ് തല്ലിത്തകർത്തു. മൂന്നു ജയിൽ ഉദ്യോഗസ്ഥർക്കു പരുക്ക്. ടി.പി. വധക്കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും കൊലപാതകക്കേസ് പ്രതിയുമായ കാട്ടുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ഇന്നലെ ഉച്ചഭക്ഷണസമയം ഏറ്റുമുട്ടിയത്. സിനിമകളിൽ കാണുന്നതിന് സമാനമായ ജയിൽ അടി. മുമ്പും പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് കൊടി സുനിയെ ജയിൽമാറ്റാനും അധികൃതർ നിർബന്ധിതരായിരുന്നു.
ഭക്ഷണ സാധനങ്ങളും പാത്രങ്ങളും അടക്കം ഏറിഞ്ഞായിരുന്നു തമ്മിലടി. ഓടിയെത്തിയ ജയിൽ ഉദ്യോഗസ്ഥർ തിരുവനന്തപുരം സംഘത്തെ രക്ഷിച്ച് ഓഫീസിലെത്തിച്ചു. ഈ സമയം കാട്ടുണ്ണി കൈ മുറിച്ചു. ഗ്ലാസ് പൊട്ടിച്ച് സ്വയം മുറിച്ചതാണെന്നും കൊടി സുനിയുടെ സംഘം കുത്തിപ്പരുക്കേൽപ്പിച്ചതാണെന്നും പറയുന്നു. കാട്ടുണ്ണി അടക്കമുള്ളവരെ രക്ഷിച്ചതിൽ പ്രകോപിതരായ കൊടി സുനിയും സംഘവും ജയിൽ ബ്ലോക്കിലെ ഗാർഡ് ഓഫീസിൽ അതിക്രമിച്ചുകയറി. കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഫർണിച്ചറുകളും ജനലുകളും മേശകളും തല്ലിത്തകർത്തു.
പ്രിസൺ ഓഫീസർ അർജുൻ അടക്കം മൂന്നു ജയിൽ ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ഇവരെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്കായി അർജുനെ പിന്നീട് തൃശൂർ ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. തടവുകാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബു രാജ് തുടങ്ങിയ പത്തോളം തടവുകാരായിരുന്നു സംഘർഷങ്ങൾക്ക് പിന്നിൽ.
തിരുവനന്തപുരം ജയിലിൽ നിന്നും അച്ചടക്ക പ്രശ്നങ്ങളെ തുടർന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റിയ കാട്ടുണ്ണി രഞ്ജിത്ത് എന്ന കൊലക്കേസ് പ്രതിയും സംഘവുമാണ് രാവിലെ ആദ്യം പ്രശ്നങ്ങൾ തുടങ്ങിയത്. ഓഫീസിലേക്ക് പരാതിയുമായി പോയ അവർ ഓഫീസ് മുറിയിൽ വെച്ച് ചായ കൊണ്ടുവന്ന ഗ്ലാസ് കൊണ്ട് കൈമുറിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഈ സമയത്ത് തന്നെ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ഗാർഡ് ഓഫീസറുടെ മുറിയും തകർത്തു.
മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും തകർത്തുവെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഗുണ്ടാ നേതാവിന്റെ ഭാര്യയെ ഒപ്പം പാർപ്പിച്ചതിന്റെ പേരിൽ തട്ടിക്കൊണ്ടുപോയി രഞ്ജിത് ജോൺസണെന്ന ആളിനെ കൊന്ന കേസിലെ പ്രതിയാണ് കാട്ടുണ്ണിയെന്ന രഞ്ജിത്ത്. ഈ കേസിൽ ഒന്നാം പ്രതി പാമ്പ് മനോജും രണ്ടാം പ്രതി നെടുങ്ങോലം സ്വദേശി കാട്ടുണ്ണി എന്നു വിളിക്കുന്ന ഉണ്ണിയും ആണ്.
പല കേസുകളിൽ ജയിലിൽ കഴിഞ്ഞപ്പോഴാണു പരിചയപ്പെടുന്നത്. ആക്രമണം, മോഷണം, വധശ്രമം, കഞ്ചാവ് കച്ചവടം തുടങ്ങി ഒട്ടേറെ കേസുകൾ കാട്ടുണ്ണിയ്ക്കെതിരെയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ