- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയിൽ എപ്പോഴും സംശയം; പിണങ്ങി പോയെങ്കിലും ഓർത്തോർത്ത് സംശയം പെരുകി; ഭാര്യയെയും കുട്ടികളെയും അനുനയിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത് കൃത്യമായ ആസൂത്രണത്തോടെ; പ്രിൻസിയെ കൊലപ്പെടുത്തിയിട്ട് അമ്മ ഉറക്കമെന്ന് കുട്ടികളോട്; വിഴിഞ്ഞം കൊലക്കേസിൽ പ്രതിയുടെ നാടകീയ കീഴടങ്ങൽ
തിരുവനന്തപുരം: ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനായുള്ള അന്വേഷണം വിഴിഞ്ഞം പൊലീസ് ഊർജിതമാക്കിയിരിക്കെ പ്രതി നാടകീയമായി ഇന്ന് പൊലീസിന് മുന്നിൽ കീഴടങ്ങി. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ അന്തോണിദാസ് (രതീഷ്-36) ആണ് കീഴടങ്ങിയത്.
ഭാര്യയിൽ ഉള്ള സംശയം മൂലം വീട്ടിൽ എന്നും പ്രശ്നങ്ങളായിരുന്നു. കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. നാട്ടിലെ ഒരു യുവാവിനോടും മിണ്ടാനോ പറയാനോ ഭാര്യ പ്രിൻസിക്ക് അനുവാദമുണ്ടായിരുന്നില്ല. ആരോടെങ്കിലും മിണ്ടിയതു കണ്ടാൽ പിന്നെ അന്നത്തെ ദിവസം കുടുംബത്തിൽ വഴക്കായിരിക്കും. പ്രിൻസിയെ ശാരീരികമായും അന്തോണി ദാസ് ഉപദ്രവിച്ചിരുന്നു.
ഭാര്യയെ സംശയം കാരണം തുണി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കീഴടങ്ങിയപ്പോൾ പ്രതി പൊലീസിന് നല്കിയിരിക്കുന്ന മൊഴി. പ്രിൻസിയെ കൊലപ്പെടുത്താൻ തന്നെയാണ് കുറ്റങ്ങൾ ഏറ്റുപറഞ്ഞ് സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ടു വന്നതെന്നും
പ്രതി മൊഴി നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷമാകും കേസിൽ തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് നീങ്ങുക.
ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. വിവരമറിഞ്ഞ് അയൽവാസികൾ എത്തുമ്പോൾ പ്രിൻസിയുടെ മൃതദേഹം കട്ടിലിൽ കണ്ടെത്തുകയായിരുന്നു. തൊട്ടപ്പുറത്ത് ഇവരുടെ ഒന്നര വയസുള്ള കുഞ്ഞ് ഉറങ്ങുകയായിരുന്നു. മൂത്ത സഹോദരിയുടെ വീട്ടിൽ ആണ് പ്രിൻസിയും മക്കളായ ദിൽഷനും ദിഷാലും ദിഹാനയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി അന്തോണിദാസ് ഇവിടെ എത്തി സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയശേഷം രാത്രി എട്ടോടെ സ്വന്തം വീട്ടിലേക്ക് ഭാര്യയെയും മക്കളെയും കൂട്ടികൊണ്ടു പോകുകയായിരുന്നു. വീട്ടിലെത്തിയ ശേഷം മക്കളെ പുറത്തേക്ക് കളിക്കാൻ വിട്ടു.
ഒൻപത് മണിയാേടെ മക്കൾ തിരികെ വീട്ടിലെത്തിയപ്പോൾ അന്തോണിദാസ് മക്കളോട് അമ്മ ഉറങ്ങി കിടക്കുകയാണെന്ന് പറഞ്ഞശേഷം ധൃതിയിൽ പുറത്തേക്ക് പോയി. വിയർത്തു നിൽക്കുന്നതെന്തെന്ന മക്കളുടെ ചോദ്യത്തിന് വ്യായാമം ചെയ്യുകയായിരുന്നെന്ന മറുപടിയും നൽകിയാണ് സ്ഥലം വിട്ടത്. കുട്ടികൾ വന്നു നോക്കുമ്പോൾ അമ്മയെ ശ്വാസമില്ലാതെയും നാവ് പുറത്തേക്ക് തള്ളി കണ്ണുകൾ ചുവന്ന അവസ്ഥയിലും കണ്ടു. ഇവർ നിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽവാസികൾ പ്രിൻസിയെ ഓട്ടോയിൽ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കഴുത്തിലെ പാട് കണ്ട് ആശുപത്രി അധികൃതരാണ് വിഴിഞ്ഞം പൊലീസിനെ വിവരമറിയിച്ചത്. വിഴിഞ്ഞം എസ്. എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. കഴുത്തിൽ കൈ കൊണ്ട് മുറുക്കിയതിന്റെയും മറ്റേതോ വസ്തുവും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതിന്റെയും പാടുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണ കാരണം അറിയാൻ കഴിയുവെന്നും വിഴിഞ്ഞം എസ്.എച്ച്.ഒ പറഞ്ഞിരുന്നു.. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്