ന്യൂഡൽഹി: ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ട മോഡൽ ദിവ്യ പഹുജ(27)യുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. ഇതുവരെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇതിൽ ഹോട്ടലിന്റെ ഉടമ അഭിജിത്ത് സിങ്ങും ഉൾപ്പെടുന്നു. ഹേംരാജ്, ഓംപ്രകാശ് എന്നിവരാണ് മറ്റുരണ്ടുപേർ. മൂന്നുപേർ കൂടി പിടിയിലാകാൻ ഉണ്ടെന്നാണ് സൂചന.

ഗുണ്ടാനേതാവിനെ വധിച്ച കേസിൽ പ്രതിയായ മോഡലാണ് ദിവ്യ പഹുജ. ഗുരുഗ്രാം സെക്ടർ 7 ബാൽദേവ് നഗർ സ്വദേശിയായ ദിവ്യ പഹൂജയെ കഴിഞ്ഞദിവസമാണ് ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ് കണ്ടെത്തിയത്. ഗുണ്ടാ നേതാവും കാമുകനുമായ സന്ദീപ് ഗഡോളിയെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിലാണ് ദിവ്യ പഹൂജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഹോട്ടലിൽവെച്ച് ഹരിയാണ പൊലീസിന്റെ ഏറ്റുമുട്ടലിൽ സന്ദീപ് ഗഡോളി കൊല്ലപ്പെട്ടത്. സംഭവസമയം സന്ദീപിന്റെ കാമുകിയായ ദിവ്യയും ഹോട്ടലിലുണ്ടായിരുന്നു. എന്നാൽ, മുംബൈയിലെ ഹോട്ടലിൽ ഹരിയാന പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ.

ഹരിയാന പൊലീസിലെ ഉദ്യോഗസ്ഥരും സന്ദീപിന്റെ എതിരാളി വിരേന്ദർ കുമാർ എന്ന ബിന്ദേർ ഗുജ്ജാറും ചേർന്നാണ് ഏറ്റുമുട്ടൽ ആസൂത്രണം ചെയ്തതെന്നും മുംബൈ പൊലീസ് കണ്ടെത്തി. ദിവ്യ പഹൂജയെ ഉപയോഗിച്ച് സന്ദീപിനെ ഹണിട്രാപ്പിൽ കുടുക്കിയാണ് സംഘം പദ്ധതി നടപ്പാക്കിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തുടർന്നാണ് സന്ദീപ് കൊലക്കേസിൽ അഞ്ച് പൊലീസുകാരും ദിവ്യയും ഇവരുടെ അമ്മയും ഉൾപ്പെടെ അറസ്റ്റിലായത്.

ദിവ്യയെ വകവരുത്തിയത് എന്തിന്?

ഹോട്ടൽ ഉടമ അഭിജിത് സിങ്ങിന്റെ സ്വകാര്യ ചിത്രങ്ങൾ ദിവ്യയുടെ പക്കൽ ഉണ്ടായിരുന്നെന്നും അതുപയോഗിച്ച് ദിവ്യ സിങ്ങിനെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നുമാണ് പൊലീസ് പറയുന്നത്. ജനുവരി രണ്ടിന് അഭിജിത്ത് ദിവ്യക്കൊപ്പം തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ സിറ്റി പോയിന്റിൽ ംഎത്തിയ ശേഷം ദിവ്യയുടെ ഫോണിൽ നിന്ന് തന്റെ സ്വകാര്യ ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ, ദിവ്യ ഫോണിന്റെ പാസ് വേഡ് കൊടുത്തില്ല. ഇതോടെ പ്രകോപിതനായ സിങ് ദിവ്യയെ വെടിവയ്ക്കുകയായിരുന്നു. മറ്റുപ്രതികൾക്കൊപ്പം ചേർന്ന് മൃതദേഹം അഭിജിത്തിന്റെ ബിഎംഡബ്ല്യു കാറിൽ കയറ്റി. തന്റെ മറ്റുരണ്ട് കൂട്ടാളികളെ വിളിച്ചുവരുത്തി മൃതദേഹം ഉപേക്ഷിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. മൃതദേഹം കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വക്താവ് അറിയിച്ചു. മൃതദേഹം ഹോട്ടലിൽ നിന്ന് കാറിലേക്ക് മാറ്റുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ദിവ്യയുടെ സഹോദരി നൈന നൽകിയ പരാതി പ്രകാരം സന്ദീപ് ഗഡോളിയുടെ കുടുംബാംഗങ്ങളായ സഹോദരി സുദേശ് കടാരിയയും, സഹോദരൻ ബ്രഹ്‌മപ്രകാശ് കടാരിയയും ചേർന്ന് കൊലപാതകത്തിനായി അഭിജിത് സിങ്ങിന് ക്വട്ടേഷൻ കൊടുത്തതാണ്. ദിവ്യ, സിങ്ങിനെ ജനുവരി ഒന്നിന് കണ്ടുവെന്നാണ് നൈന പറയുന്നത്. ജനുവരി രണ്ടിന് രാത്രി 11.50 നാണ് കുടുംബം ദിവ്യയുമായി ഒടുവിൽ സംസാരിച്ചത്. പിന്നീട് അവളെ ഫോണിൽ കിട്ടാതെ വന്നതോടെയാണ് അപായപ്പെടുത്തിയെന്ന സംശയം ഉയർന്നത്. ഏതായാലും, അശ്ലീല ചിത്രങ്ങൾ നശിപ്പിക്കാൻ വിസമ്മതിച്ചതിനാണോ, അതോ ക്വട്ടേഷനാണോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ദിവ്യ അഭിജിത് സിങ്ങിനെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന ആരോപണം അവരുടെ കുടുംബം നിഷേധിക്കുന്നു.

ആരാണ് ദിവ്യ അഹൂജ?

അധോലോകവുമായുള്ള ദിവ്യയുടെ ബന്ധം 2016 ൽ തുടങ്ങുന്നു. അന്ന് അവൾക്ക് വെറും 18 വയസ് പ്രായം. ഗൂണ്ടാത്തലവൻ സന്ദീപ് ഗഡോളിയെ വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിൽ ഏഴുവർഷത്തെ ശിക്ഷയ്ക്ക് ശേഷം ജയിലിൽ നിന്ന് ജൂണിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇതിനുശേഷം ഗുരുഗ്രാമിലെ ഹോട്ടലിൽ ഉൾപ്പെടെ ജോലിചെയ്തെന്നാണ് റിപ്പോർട്ട്.

സന്ദീപ് ഗഡോളിയുടെ കാമുകിയെന്ന നിലയിൽ ദിവ്യ ക്രിമിനലുകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. 2016 ഫെബ്രുവരി ഏഴിന് മുംബയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് സന്ദീപ് ഗഡോളി കൊല്ലപ്പെടുമ്പോൾ ദിവ്യയും ഒപ്പമുണ്ടായിരുന്നു. ഹരിയാന പൊലീസ് പദ്ധതിയിട്ട വ്യാജ ഏറ്റുമുട്ടലിൽ ഗഡോളിയുടെ വിവരങ്ങൾ ചോർത്തി നൽകിയത് ദിവ്യയായിരുന്നു.

ഇതേ തുടർന്ന് ദിവ്യ,അവരുടെ അമ്മ, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഗഡോളിയെ ഒഴിവാക്കാൻ മറ്റൊരു ഗുണ്ടാനേതാവായ ബിന്ദർ ഗുജ്ജാർ ഹരിയാന പൊലീസുമായി ചേർന്ന് വ്യാജ ഏറ്റുമുട്ടൽ പദ്ധതി ഒരുക്കുകയായിരുന്നെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഇതിന് ദിവ്യയെ കരുവാക്കി. ഗഡോളിയെ കുരുക്കാനുള്ള ഹണി ട്രാപ്പായി ദിവ്യയെ ഉപയോഗിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ദീർഘനാൾ ജയിലിൽ കഴിഞ്ഞതും, വിചാരണ നീണ്ടുപോയതും കണക്കിലെടുത്താണ് ബോംബെ ഹൈക്കോടതി 2023 ജൂണിൽ ദിവ്യക്ക് ജാമ്യം അനുവദിച്ചത്.