ന്യൂഡൽഹി: കോടികൾ ഒഴുകുന്ന മേഖലയാണ് സ്‌ക്രാപ് ബിസിനസ്. നേരും നെറിയും ഉള്ള കച്ചവടം മുതൽ തട്ടിപ്പും വെട്ടിപ്പും ഉള്ള കച്ചവടം വരെ നടക്കുന്നയിടം. ഇതിൽ, രണ്ടാമത് പറഞ്ഞതിൽ വിരുതനാണ് നോയിഡയിലെ സ്‌ക്രാപ് മെറ്റൽ മാഫിയയെ നയിക്കുന്ന ഗൂണ്ടാ തലവൻ രവി കാന. ശരിക്കുള്ള പേര് രവീന്ദ്ര നഗർ.

16 പേരാണ് മുഖ്യമായി ഇയാളുടെ ഗ്യാങ്ങിലുള്ളത്. റിബാറുകളും സ്‌ക്രാപും അനധികൃതമായി സംഭരിച്ച് ലാഭക്കച്ചവടം നടത്തുന്ന മാഫിയ തലവനാണ് രവി കാന. നോയിഡ പൊലീസ് വേട്ട തുടങ്ങിയതോടെ ആൾ ഓട്ടത്തിലാണ്. ഒപ്പം കാമുകി കാജൽ ഝായുമുണ്ട്. ഡൽഹി-നോയിഡ മേഖലയിൽ ഓപ്പറേറ്റ് ചെയ്യുന്ന ഗ്യാങ്ങിന്റെ 200 കോടിയിലേറെ സ്വത്തുക്കളാണ് നോയിഡ പൊലീസ് മുദ്രവച്ചത്. അക്കൂട്ടത്തിൽ തെക്കൻ ഡൽഹിയിലെ കാജൽ ഝായുടെ 100 കോടിയുടെ ബംഗ്ലാവും റെയ്ഡ് ചെയ്ത് സീൽ വച്ചു. ഈ ബംഗ്ലാവ് കാമുകിക്ക് രവി കാന സമ്മാനിച്ചതാണെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം രവി കാനയുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ സ്റ്റീൽസ് സ്‌ക്രാപ്പ് ഗോഡൗണിൽ നടന്ന റെയ്ഡിൽ 100 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തിരുന്നു. 20 ട്രക്കുകൾ, സ്‌ക്രാപ്പ് നിറച്ച രണ്ട് ട്രക്കുകൾ, രണ്ട് ട്രാക്ടറുകൾ, 200 ടൺ സ്‌ക്രാപ്പ്, പത്ത് കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, 60 വലിയ വാഹനങ്ങളുടെ രേഖകൾ എന്നിവയാണ് കണ്ടുകെട്ടിയത്. ഡൽഹിയിലെ സുന്ദർ നഗറിലെ നാല് വീടുകൾ ഉൾപ്പെടെ 400 കോടിയോളം രൂപ വിലമതിക്കുന്ന ഇയാളുടെ സ്വത്തുക്കൾ സർക്കാരിലേക്ക് ജപ്തി ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ആരാണ് കാജൽ ഝാ?

ഒരു ജോലി തേടിയാണ് കാജൽ രവി കാനയെ ആദ്യം സമീപിച്ചത്. വളരെ പെട്ടെന്ന് തന്നെ ഗ്യാങ്ങിൽ ചേർന്നുവെന്ന് മാത്രമല്ല, പ്രധാനപ്പെട്ട അംഗവുമായി മാറി കാജൽ. രവി കാനയുടെ കള്ളസ്വത്തുക്കളുടെ കണക്കപ്പിള്ളയായിരുന്നു കാജൽ.

കാമുകിയിൽ സംപ്രീതനായ രവി മൂന്നുനിലയുടെ ബംഗ്ലാവാണ് സമ്പന്നർ താമസിക്കുന്ന ന്യൂ ഫ്രണ്ട്‌സ് കോളനിയിൽ സമ്മാനിച്ചത്. ബുധനാഴ്ച പൊലീസ് എത്തും വരെ കാതൽ ഇവിടെ അടിച്ചുപൊളിക്കുകയായിരുന്നു. പൊലീസ് വരുന്നത് മണത്തറിഞ്ഞ് കാജളും കൂട്ടാളികളും അറസ്റ്റ് ഭയന്ന് മുങ്ങി. ഇതോടെ ബംഗ്ലാവ് പൊലീസ് സീൽ ചെയ്തു.

രവി കാനയുടെ കളികൾ

രവി കാന നേരത്തെ ആക്രി കച്ചവടക്കാരനായിരുന്നു. പിന്നീട് കള്ളക്കച്ചവടത്തിലൂടെയും, പിടിച്ചുപറിയിലൂടെയും കോടീശ്വരനായി. ഗ്രേറ്റർ നോയിഡയിലെ തന്നെ മറ്റൊരു ഗൂണ്ടാത്തലവനായിരുന്ന ഹരേന്ദ്ര പ്രധാൻ രവി കാനയുടെ സഹോദരനായിരുന്നു. ഇയാളെ 2014 ൽ എതിരാളികൾ വകവരുത്തി. അതിന് ശേഷം ഹരേന്ദ്രയുടെ സാമ്രാജ്യം രവി ഏറ്റടുത്തു. വധഭീഷണി ഉള്ളതുകൊണ്ട് തന്നെ പൊലീസ് സംരക്ഷണത്തിലാണ് എപ്പോഴും സഞ്ചാരം. കല്ല്യാണ പാർട്ടിക്കും മറ്റും നിരവധി പൊലീസുകാരുടെ അകമ്പടിയോടെ വരുന്ന രവിയുടെ വീഡിയോ വൈറലായിരുന്നു.

ഇതുവരെ ഇയാൾക്കും കൂട്ടാളികൾക്കും എതിരെ 11 കേസുകൾ എടുത്തിട്ടുണ്ട്. കൂടുതലും കിഡ്‌നാപ്പിങ്, മോഷണ കേസുകളാണെന്ന് ഗ്രേറ്റർ നോയിഡ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ സാദ് മിയ ഖാൻ പറഞ്ഞു. ഇതിനോടകം, രവി കാന ഗ്യാങ്ങിലെ ആറ് അംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഘത്തിലെ രണ്ടുപേരുടെ ലൊക്കേഷൻ കണ്ടെത്തിയതോടെയാണ് റെയ്ഡുകൾ ശക്തമാക്കിയത്. ഡൽഹി, ഗസ്സിയാബാദ്, ഡെറാഡൂൺ, പഞ്ചാബ്, ബുലന്ദ്ശഹർ എന്നിവിടങ്ങളിലെ സംഘത്തിന്റെ പല ഒളിയിടങ്ങൾ, വസ്തുക്കൾ, വെയർഹൗസുകൾ എന്നിവയും കണ്ടെത്തി.

രവി കാനയുടെയും സംഘത്തിന്റെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഇതിന് പുറമേ എടിഎം അടക്കം എല്ലാ കാർഡുകളും ബ്ലോക്ക് ചെയ്യാൻ ബാങ്കുകളോട് ആവശ്യപ്പെട്ടു. ശരിക്കും രവിയെയും കൂട്ടരെയും പുകച്ചുപുറത്തുചാടിക്കുകയാണ് നോയിഡ പൊലീസ്.