ന്യൂഡൽഹി: ഭീകരവാദ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎയ്ക്ക് വധ ഭീഷണി. എംഎൽഎയുടെ ശരീരത്തിൽ നിന്നും തല വേർപെടുത്തുമെന്ന് ഭീഷണി സന്ദേശം. അയോധ്യയിലും മഥുരയിലും ചാവേർ ആക്രമണം നടത്തുമെന്നും ഭീഷണിക്കത്തിൽ പറയുന്നു.

തനിക്ക് ഭീഷണിക്കത്ത് ലഭിച്ചതായി മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ വിജയ്കുമാർ ദേശ് മുഖാണ് പരാതി നൽകിയത്. പിഎഫ്‌ഐ അംഗത്തിന്റെ പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് ഷാഫി ബിരാജ്ദാർ എന്നയാൾക്കെതിരെയാണ് എംഎൽഎ പരാതി നൽകിയിരിക്കുന്നത്.

അയോധ്യ രാം മന്ദിർ, കൃഷ്ണ ജന്മഭൂമി മന്ദിർ തുടങ്ങിയിടങ്ങളിൽ ചാവേറാക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും തങ്ങളുടെ റഡാറിൽ ഉണ്ടെന്നും തലയറുക്കുമെന്നും ഭീഷണിക്കത്തിൽ പറയുന്നതായി പരാതിയിൽ വ്യക്തമാക്കി.

പിഎഫ്‌ഐ നിരോധിച്ചതിലൂടെ സർക്കാർ ചെയ്തത് ശരിയല്ലെന്നും ഇനി അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് ഭീഷണി. ഇത് മാത്രമല്ല, സിമിയും കത്തിൽ പരാമർശിച്ചിട്ടുണ്ട്. നിലവിൽ സോലാപൂർ പൊലീസ് ഈ കാര്യത്തെക്കുറിച്ചും കത്തിന്റെ സത്യാവസ്ഥയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേന്ദ്ര ഏജൻസികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചത്. അഞ്ചുവർഷത്തേക്കാണ് നിരോധനം. പോപ്പുലർ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകൾക്കും നിരോധനമുണ്ട്. പോപ്പുലർ ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻ.സി.എച്ച്.ആർ.ഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ എന്നിവയെല്ലാം നിരോധിച്ചവയിൽ ഉൾപ്പെടും.

കേരളമടക്കം 15 സംസ്ഥാനങ്ങളിലായിരുന്നു കേന്ദ്ര ഏജൻസികളായ എൻ.ഐ.എ, ഇ.ഡി എന്നിവരുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസികളും നേതാക്കളുടെ വീടുകളിലുമായി റെയ്ഡ് നടത്തിയത്. റെയ്ഡിൽ സംഘടനയുടെ ദേശീയ നേതാക്കളടക്കം അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.