പൂണെ: പിറന്നാൾ ആഘോഷത്തിന് ദുബായിൽ കൊണ്ടുപോകാത്ത ദേഷ്യത്തിൽ ഭാര്യ മൂക്കിലിടിച്ച ഭർത്താവ് മരിച്ചു. പൂണെയിലെ സമ്പന്നർ താമസിക്കുന്ന വാനവ്ഡി മേഖലയിലെ റസിഡൻഷ്യൽ സൊസൈറ്റിയിലെ ദമ്പതിമാരുടെ അപ്പാർട്ട്‌മെന്റിലാണ് സംഭവം.

36 കാരനായ നിഖിൽ ഖന്നയാണ് മരണമടഞ്ഞത്. നിർമ്മാണ മേഖലയിലെ വ്യവസായിയാണ് നിഖിൽ. ആറ് വർഷം മുമ്പാണ് 38 കാരിയായ രേണുകയെ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. പിറന്നാൾ ആഘോഷത്തിന് തന്നെ നിഖിൽ ദുബായിൽ കൊണ്ടുപോകാത്തതാണ് രേണുകയെ പ്രകോപിപ്പിച്ചത്. മാത്രമല്ല, വിവാഹ വാർഷികത്തിനും, പിറന്നാളിനും വില കൂടിയ സമ്മാനങ്ങൾ നൽകിയതുമില്ല. ചില ബന്ധുക്കളുടെ പിറന്നാൾ ആഘോഷിക്കാൻ ഡൽഹിക്ക് പോകാനുള്ള തന്റെ താൽപര്യത്തോട് നിഖിൽ അനുകൂലമായി പ്രതികരിക്കാത്തതും രേണുകയെ അസ്വസ്ഥയാക്കിയിരുന്നു.

വഴക്കിനിടെ, രേണുക നിഖിലിന്റെ മുഖത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ കരുത്തിൽ, നിഖിലിന്റെ മൂക്ക് മാത്രമല്ല, ചില പല്ലുകളും തകർന്നു. രക്തം വാർന്നതോടെ നിഖിൽ ബോധരഹിതനായി.

രേണുകയ്ക്ക് എതിരെ ഐപിസി 302 ം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത യുവതിയെ ചോദ്യം ചെയ്തുവരികയാണ്.