കോതമംഗലം: നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിൽ പഴമ്പിള്ളിച്ചാലിലെ വനഭൂമിയിൽ നിന്നും വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മേഖലയിലെ കൈവശ ഭൂമിയിൽ നിന്നും അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയതിനാണ് വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മരം മുറിക്കൽ സംബന്ധിച്ച് മറുനാടൻ മലയാളി ചിത്രങ്ങൾ സഹിതം വാർത്ത റിപ്പോർട്ടുചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വനംവകുപ്പ് കേസ് ചാർജ്ജ് ചെയ്ത്,അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

വനംവകുപ്പ് അധികൃതരുടെ മൗനസമ്മതത്തോടെയാണ് തടി ലോഡുകൾ കാടുകടത്തിയതെന്നാണ് മേഖലയിൽ മറുനാടൻ നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന വിവരം. ഒരു ലോഡിന് 15000 രൂപ എന്ന കണക്കിൽ തങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയെന്ന് മരം മുറിച്ച് കടത്തിയവരിൽ ചിലർ രഹസ്യമായി സമ്മതിക്കുന്നുണ്ട്. വാളറ ഫോറസ്റ്റ് സ്റ്റേഷന്റെയും നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസിന്റെയും മുന്നിലൂടെ കടന്നുപോകുന്ന കൊച്ചി ധനുഷ്‌കോടി പാതയിലൂടെ തടി ലോഡുകൾ കൊണ്ടുപോയിട്ടുള്ളതെന്നാണ് സൂചന. ഈ രണ്ട് ഓഫീസുകൾക്ക് പുറമെ തലക്കോട് ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷനും പിന്നിട്ടാണ് ലോഡുകൾ പെരുമ്പാവൂരിലെ തടി മാർക്കറ്റിൽ എത്തിച്ചിരുന്നത്.

മരം മുറിച്ചുകടത്തൽ അധികൃതരുടെ അറിവോടെയായിരുന്നെന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ വിവരങ്ങൾ ആരായാൻ മറുനാടൻ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസറെ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ മരം മുറിക്കാൻ ആർക്കും അനുവാദം നൽകിയിട്ടില്ലന്നായിരുന്നു പ്രതികരണം. കഴിഞ്ഞ രണ്ട് മാസത്തോളമായി പഴമ്പിള്ളിച്ചാൽ മേഖലയിലെ കൈവശ ഭൂമിയിൽ വ്യാപകമായി മരം മുറിക്കൽ നടക്കുന്നുണ്ട്. രേഖകൾ പ്രകാരം റിസർവ്വ് വനഭൂമിയായി നിലനിൽക്കുന്ന ഏക്കറുകണക്കിന് പ്രദേശത്ത് നിന്നിരുന്ന വിലപിടിപ്പുള്ള മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.ഇഞ്ചത്തൊട്ടി മേഖലയിലും സമാന രീതിയിൽ മരം മുറിച്ചുകടത്തൽ നടന്നിട്ടുണ്ട്.

നിയമപ്രശ്‌നങ്ങൾ നേരിടേണ്ടിവരില്ലന്നുള്ള ആശ്വാസത്തിലാണ് കൈവശക്കാരിൽ ഒട്ടുമിക്കവരും മരം വിൽക്കാൻ തയ്യാറയത് എന്നാണ് വിവരം.നിയമപ്രകാരം മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി ലഭിക്കില്ലന്നിരിയ്‌ക്കെ ,രേഖകൾ തങ്ങൾ ശരിയാക്കിക്കോളാം എന്ന വ്യവസ്ഥയിൽ മേഖലയിലെ തടിവ്യാപാരികളിൽ ചിലർ കൈവശക്കാരെ സമീപിച്ച് ചുളുവിലയ്ക്ക് മരങ്ങൾ സ്വന്തമാക്കുകയായിരുന്നെന്നാണ് നാട്ടുകാർക്കിടിയിൽ പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

കൈവശ ഭൂമിയിലെ മരം മുറിക്കലിന്റെ മറവിൽ ജണ്ടയ്ക്കുള്ളിൽ നിന്നും വന്മരങ്ങൾ മുറിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.ആന ശല്യം വ്യാപകമാണെന്നും അതിനാൽ വീടിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് വനഭൂമി കൈവശത്തിലുള്ളവർ അപേക്ഷയുമായി എത്തിയിരുന്നെന്നും എന്നാൽ മരങ്ങൾ മുറിച്ചുമാറ്റാൻ രേഖമൂലം അനുമതി നൽകിയിട്ടില്ലന്നുമാണ് ഇപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

മരം മുറിക്ക് പിന്നിൽ ആസുത്രിത നീക്കം നടന്നെന്നും ഇതുമൂലമാണ് ഇക്കാര്യത്തിൽ വനംവകുപ്പ് ജീവനക്കാർ ശ്രദ്ധിക്കാതിരുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മേഖലയിൽ ആന ശല്യം നേരിടുന്ന പശ്ചാത്തലത്തിൽ വീടിന് സമീപത്തെ മരങ്ങൾ കൈവശക്കാർ സ്വന്തം നിലയിൽ മുറിച്ചുനീക്കിയിരുന്നു. പരാതികൾ ഇല്ലങ്കിൽ ഇത്തരം സംഭവങ്ങളിൽ വനംവകുപ്പ് കേസെടുക്കാറില്ല.ഈ സാഹചര്യം മുതലെടുത്താണ് തടിവ്യാപാരികൾ മരം മുറിക്കൽ പദ്ധതിക്ക് രൂപം നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

മാസങ്ങളായി ഇവിടെ മരം മറിക്കൽ നടന്നിട്ടും തങ്ങൾ അറിഞ്ഞില്ലന്ന ബന്ധപ്പെട്ട അധികൃതരുടെ വാദഗതി നാട്ടുകാർ പുച്ഛിച്ച് തള്ളുകയാണ്.ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇവിടെ നിന്നും ചുള്ളികമ്പുകൾ പോലും എടുക്കാനാവില്ലന്നാണ് ഇവിടുത്തുകാരിൽ ഏറെപ്പേരുടെയും നിലപാട്. എത്ര മരങ്ങൾ മുറിച്ചെന്നോ ഏത് ഇനത്തിൽപ്പെട്ട മരങ്ങളാണ് മുറിച്ചതെന്നോ അധികൃതരുടെ പക്കൽ കൃത്യമായ വിവരങ്ങൾ ഇല്ലന്നും മറ്റുമുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.

സർക്കാർ രേഖകളിൽ വനഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള മേഖലകളിൽ നിന്നും വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടെന്നും ഇത് നിയമലംഘനമാണെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.വഴിതെറ്റി വനത്തിൽ പ്രവേശിച്ചാൽ പോലും വനംവകുപ്പ് അധികൃതർ കേസെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഈ സഹചര്യത്തിലാണ് ഏക്കറുകണക്കിന് വനഭൂമി വെട്ടി വെളിപ്പിച്ച്,ലോഡുകണക്കിന് തടി കടത്തിയിട്ടുള്ളത്.

ഉദ്യോഗസ്ഥരെ വിശ്വസിച്ച് തടി വാങ്ങിയവർ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.കൈയിലുള്ളതെല്ലാം നുള്ളിപ്പെറുക്കിയും പലരോടും കടം വാങ്ങിയും പലിശയ്ക്കെടുത്തും മറ്റുമാണ് ഇവരിൽ ചിലർ സ്ഥലം ഉടമകളിൽ നിന്നും മരം വാങ്ങിയത്.പണിക്കൂലിയും വനംവകുപ്പ് ഉദ്യോഗസ്ഥർക്കുള്ള വിഹിതവും കഴിച്ച് നാമമാത്രമായ തുക മാത്രമാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ളു എന്നതാണ് യാഥാർത്ഥ്യം. അധികൃതരുടെ വേട്ടയാടൽ ഭയന്ന് പേരുവിരങ്ങൾ വെളിപ്പെടുത്തരുത് എന്ന ആമുഖത്തോടെയാണ് ഇവരിൽ ചിലർ ഇടപാടിന് പിന്നിലെ വിവരങ്ങൾ മറുനാടനുമായി പങ്കിട്ടത്. ഇനി കേസ് നടപടികൾ നേരിടേണ്ടി വന്നാൽ കോടതി നടപടകൾക്കായും പണം കണ്ടെത്തേണ്ട ഗതികേടിലാണ് തങ്ങളെന്നും ഇവർ ചൂണ്ടിക്കാട്ടി.