- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുടൂബിൽ മോഷണ ദൃശ്യങ്ങൾ കണ്ട് പരീക്ഷിച്ചു വിദഗ്ധനായി; കള്ളന്മാരുടെ കഥ പറയുന്ന 'ഉറുമ്പുകൾ ഉറങ്ങാറില്ല' സിനിമ കണ്ടതിന് കണക്കില്ല; തലസ്ഥാനത്ത് കണ്ടല പമ്പിൽ സെക്യൂരിറ്റിയെ വെട്ടിയത് മോഷണം മുടങ്ങുമെന്ന് ഭയന്ന്; മാറനല്ലൂരിലെ യുവ മോഷ്ടാവിനെ പിടികൂടിയത് സിസിടിവിയിലെ മങ്ങിയ ബൈക്കിന്റെ ദൃശ്യത്തിൽ നിന്ന്
തിരുവനന്തപുരം. കണ്ടല പെട്രോൾ പമ്പിൽ ആക്രമണം നടത്തി മോക്ഷണത്തിന് ശ്രമിച്ച പ്രതിയ പിടിക്കാനായി മാറനല്ലർ പൊലീസ് പല അടവും പയറ്റിയിരുന്നു. സി സി ടിവിയിൽ പതിഞ്ഞ മങ്ങിയ ബൈക്കിന്റെ ദൃശ്യത്തിൽ നിന്നും യാഥാർത്ഥ പ്രതിയിലേക്ക് എത്തിയത് സർക്കിൾ ഇൻസ്പെക്ടർ സന്തോഷ്കുമാറിന്റെ അന്വേഷണ മികവു തന്നെയാണ്.
കൊറ്റംപള്ളി തൊടുവട്ടപ്പാറ സ്വദേശിയായ പ്രിൻസ് എന്ന ഉണ്ണി, വയസ്സ് (21) നെ യാണ് മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് അഞ്ചിന് രാത്രി 01.45 മണിയോട് കൂടിയാണ് പെട്രോൾ പമ്പിലെ സെക്യൂരിറ്റി ജീവനക്കാരനായ സുകുമാരന് വെട്ടേറ്റത്. യാതൊരു തെളിവും ഇല്ലാതിരുന്ന കേസ് അതിവിദഗ്ധമായി ആണ് മാറനല്ലൂർ പൊലീസ് തെളിയിച്ചത്.
തിരുവനന്തപുരം റേഞ്ച് ഡി ഐ ജി യുടെയും നിർദ്ദേശാനുസരണം തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ ഐ പി എസ് ന്റെ നേതൃത്വത്തിൽ, ാട്ടാക്കട ഡി വൈ എസ് പി അനിൽകുമാറിന്റെയും മാറനല്ലൂർ ഇൻസ്പക്ടർ സന്തോഷ് കുമാറിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സൈബർസെല്ലുമായി ചേർന്ന് ഏകദേശം 1000ൽ പരം ഫോൺനമ്പരുകൾ പരിശോധിക്കുകയും നൂറിൽപ്പരം ക്യാമറകൾ പരിശോധിക്കുകയും ചെയ്തു. സംഭവസമയത്തിന് ശേഷം പ്രതി ബൈക്കിൽ സഞ്ചരിച്ച് പോകുന്നതിന്റെ അവ്യക്തമായ ദൃശ്യം സിസി ടിവി ക്യാമറയിൽ നിന്ന് ലഭിച്ചിരുന്നു. തുടർന്ന് നൂറോളം ക്യാമറ ദൃശ്യങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തു നോക്കിയതിൽ നീല നിറത്തിലുള്ള യമഹ FZ വാഹനം ആണ് മോഷ്ടാവ് ഉപയോഗിച്ചതന്നെ് വ്യക്തമായി.
മോട്ടോർ വാഹന വകുപ്പിൽ നിന്നും ഇത്തരത്തിലുള്ള നീല വാഹനങ്ങളുടെ ലിസ്റ്റ് വാങ്ങി പരിശോധിച്ചു. പ്രതി എന്ന് സംശയിക്കുന്ന നിരവധി പേരെ ചോദ്യം ചെയ്തു. പലരെയും നിരീക്ഷിച്ചതിലും സഞ്ചരിച്ച വഴികളിലും സമീപ പ്രദേശങ്ങളിലും ഉള്ള യമഹ മോഡൽ ബൈക്കുകൾ പരിശോധിച്ചതിലും സംശയം തോന്നിയ കൊറ്റംപള്ളി തൊടുവട്ടിപ്പാറ സ്വദേശി പ്രിൻസിനെ നിരന്തരം പൊലീസ നിരീക്ഷിച്ചു. പിന്നീട് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത സമയത്താണ് ഇയാൾ കണ്ടല പമ്പിൽ ആക്രമണം നടത്തിയത് തെളിഞ്ഞത്.
പമ്പിൽ മോഷണത്തിന് വന്ന പ്രതി സെക്യൂരിറ്റി കിടന്നുറങ്ങുന്നത് കണ്ട് സെക്യൂരിറ്റി ഉണർന്നാൽ മോഷണം നടക്കില്ലാ എന്ന് മനസിലാക്കി സെക്യൂരിറ്റിയെ തട്ടാൻ തീരുമാനിച്ചു. കൊല്ലണം എന്നുള്ള ഉദ്ദേശത്തോട് കൂടി കൈവശം സൂക്ഷിച്ചിരുന്ന വാൾ കൊണ്ട് കഴുത്തിലും മുതുകിലും വെട്ടി. വെട്ട് കൊണ്ട സെക്യൂരിറ്റി ഞെട്ടി ഉണർന്ന് ബഹളം വച്ചതിനെ തുടർന്ന് പ്രതി പമ്പിന്റെ പുറക് വശം വഴി ചാടി രക്ഷപ്പെട്ട് പോകുകയുമാണ് ചെയ്തത്
തുടർന്ന് സെക്യൂരിറ്റി പമ്പിൽ പാർക്ക് ചെയ്തിരുന്ന ടാങ്കർ ലോറിയിൽ കിടന്ന് ഉറങ്ങിയിരുന്ന ക്ളീനറിനെ വിളിച്ച് ഉണർത്തുകയും ക്ലീനർ ഉടൻ വിവരം മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. പിന്നീട് മാറനല്ലൂർ പൊലീസ് എത്തിയാണ് ഗുരുതരമായി പരിക്കു പറ്റിയ സുരക്ഷാ ജീവനക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയത്.
9-ാം ക്ളാസിൽ പഠനം നിർത്തിയ പ്രതി യൂ ട്യൂബ് വഴി പൂട്ട് പൊട്ടിക്കുന്ന മോഷണ ദൃശ്യങ്ങൾ കണ്ടാണ് മോഷണത്തിനിറങ്ങിയത്. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമ പ്രതി പല പ്രാവശ്യം കണ്ടു. വ്യത്യസ്ത സ്വഭാവമുള്ള അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ് ഉറുമ്പുകൾ ഉറങ്ങാറില്ല. ഒരിക്കൽ നഗരത്തിലെ തിരക്കേറിയ ബസിൽ വച്ച് മനോജ് എന്ന ചെറുപ്പക്കാരൻ റിട്ടയേഡ് കള്ളനായ കേളുവാശാന്റെ ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുന്നു. അവനെ കൈയോടെ പിടികൂടുന്ന കേളുവാശാൻ തന്റെ പഴയ ശിഷ്യനായ കള്ളൻ ബെന്നിയുടെ അടുത്ത് പരിശീലനത്തിനായി എത്തിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുടെ അത്യന്തം രസാവഹമായ ചലച്ചിത്രാവിഷ്കരണമാണ് ഈ ചിത്രം.
ഈ സിനിമയിലെ മോഷണ ദൃശ്യങ്ങൾ പ്രതിയെ സ്വാധീനിച്ചു. ഇക്കാര്യം പ്രതി പൊലീസിനോടു സമ്മതിച്ചു. സ്വന്തമായി നിർമ്മിച്ച വാളാണ് പ്രതി കൃത്യത്തിനായി ഉപയോഗിച്ചത്. മോഷണം നടത്തി കിട്ടുന്ന പണം മുഴുവൻ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ച് വന്നത്.
നഗരത്തില വമ്പൻ ഹോട്ടലുകളിൽ മുറിയെടുത്ത താമസിക്കാനും മദ്യപാനത്തിനും നിശാ ക്ലബ്ബുകളിൽ പോകാനും പ്രതി ഈ പണം ചെലവഴിച്ചിരുന്നു.
നീണ്ട 20 ദിവസങ്ങൾ പൊലീസ് വിവിധ സംഘങ്ങൾ ആയി തിരിഞ്ഞ് നടത്തിയ വിപുലമായ അന്വോഷണത്തിലാണ് ഒരു തുമ്പും ഇല്ലായിരുന്ന കേസ് മാറനല്ലൂർ പൊലീസ് തെളിയിച്ചത്. പ്രതി സി സി ടിവി ക്യാമറയിൽ പെടാതിരിക്കുവാൻ പരമാവധി ക്യാമറയുള്ള റോഡ് ഒഴിവാക്കിയാണ് സഞ്ചരിച്ചിരുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് ഇയാൾ വ്യാജ നമ്പർ പ്ളേറ്റ് ഫിറ്റ് ചെയ്ത ബൈക്ക് ആണ് ഉപയോഗിച്ചിരുന്നത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ കൂവള ശ്ശേരി മഹാദേവ ക്ഷേത്രം, അരുവിക്കര ധർമ്മ ശാസ്താ ക്ഷേത്രം, തൊട്ടിക്കര ഭദ്രകാളി ക്ഷേത്രം, വലിയറത്തല തമ്പുരാൻ ക്ഷേത്രം, തൃക്കാഞ്ഞിരപുരം ശിവ ക്ഷേത്രം,കാലാട്ട് കാവ് തമ്പുരാൻ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയതും പ്രതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. മാറനല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പക്ടർ എസ് സന്തോഷ് കുമാർ, പ്രിൻസിപ്പൽ എസ് ഐ ശാല, ഗ്രേഡ് എസ് ഐ ജയരാജ് ,ഗ്രേഡ് എസ് ഐ മോഹനൻ, സി പി ഒ മാരായ വിപിൻ, സുധീഷ് കുമാർ, കൃഷ്ണ കുമാർ അഖിൽ ഹോംഗാർഡ് വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്