മലപ്പുറം: രണ്ടാഴ്ചത്തെ ഉംറക്കുപോകാൻ ചെലവായ ഒരു ലക്ഷം രൂപക്കുവേണ്ടി റമദാൻ മാസം സ്വർണം കടത്തി യുവാവ്. ജിദ്ദയിൽ നിന്നും വന്ന കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ 32കാരനായ ഷാപ്പുള്ളപറമ്പിൽ മുഹമ്മദ് യൂനസിൽ നിന്നും 1123 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂൾ സ്വർണമാണ് മലാശയത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യൂനസിന്റെയും അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുമെന്നു കസ്റ്റംസ് ഉദ്യേഗസ്ഥർ പറഞ്ഞു. യൂനസിന് അദ്ദേഹത്തിന്റെ രണ്ടാഴ്ചത്തെ ഉംറ പാക്കേജിന്റെ ചെലവായ ഏകദേശം ഒരു ലക്ഷം രൂപയാണ് സ്വർണക്കടത്ത് സംഘം ഓഫർ ചെയ്തിരുന്നതെന്നാണു ഇയാൾ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു.

ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.40 കോടി രൂപ വില മതിക്കുന്ന 2.5 കിലോഗ്രാമോളം സ്വർണമാണു യൂനുസിൽ നിന്നും ഉൾപ്പെടെ മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

യൂനുസിനു പുറമെ എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിൽ ദോഹയിൽനിന്നും വന്ന മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ നെല്ലിപ്പകുണ്ടൻ മുനീറിൽ (38) നിന്നും 1064 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്‌സൂൾ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം മുനീറിന്റെയും അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവർക്കു പുറമെ എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന പാലക്കാട് സ്വദേശിയായ തയ്യിൽ സന്ദീപിൽ നിന്നും (27) അദ്ദേഹം കൊണ്ടുവന്ന ബാഗേജിന്റെ ഉള്ളിലുണ്ടായിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങുളുടെ കാർഡ്‌ബോർഡ് പെട്ടികൾ കസ്റ്റീസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ ഈ പെട്ടികളിൽ അതിവിദഗദ്ധമായി സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു മനസ്സിലായി. അതിന്റെ അടിസ്ഥാനത്തിൽ 1201 ഗ്രാം തൂക്കമുള്ള ഈ കാർഡ്‌ബോർഡ് കഷണങ്ങൾ പിടിച്ചെടുത്തു. അവയിൽ നിന്നും അതിലടങ്ങിയ സ്വർണം ഒരു സ്വർണപണിക്കാരന്റെ സഹായത്തോടെ പിന്നീട് വേർതിരിച്ചെടുക്കുന്നതാണ്. ഈ മൂന്നു കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റീസ് സമഗ്ര അന്വേഷണം നടത്തി വരികയാണ്. കള്ളക്കടത്തുസംഘം മുനീറിന് ഒരു ലക്ഷം രൂപയും സന്ദീപിന് 20000 രൂപയും ആണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.