മലപ്പുറം: മലപ്പുറം കോട്ടക്കുന്ന് പ്രവേശന കവാടത്തിന് സമീപത്തു വെച്ച് വില്‍പനക്കുള്ള എം.ഡി.എം.എയുമായി അറസ്റ്റിലായ 43കാരനു് മഞ്ചേരി എന്‍ഡിപിഎസ് കോടതി 12 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് കുഞ്ഞത്തൂര്‍ ഗുഢ ഹൗസില്‍ അബ്ദുല്‍ ഖാദര്‍ (43)നെയാണ് ജഡ്ജ് എം പി ജയരാജ് ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

മയക്കു മരുന്നു കടത്തുന്നതിനിടെ മലപ്പുറം പൊലീസാണു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. 2022 ഡിസംബര്‍ 15ന് വൈകീട്ട് അഞ്ചുമണിക്കാണ് കേസിന്നാസ്പദമായ സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന എ നിതിന്‍ ആണ് മലപ്പുറം കോട്ടക്കുന്ന് പ്രവേശന കവാടത്തിന് സമീപത്തു വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയില്‍ നിന്നും വില്‍പ്പനക്കായി കൊണ്ടു വന്ന 198 ഗ്രാം എം ഡി എം എയും കണ്ടെടുത്തിരുന്നു. മലപ്പുറം പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ജോബി തോമസ് ആണ് കേസന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഏഴ് സക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.

22 രേഖകളും 10 തൊണ്ടി മുതലുകളും ഹാജരാക്കി. എസ് ഐ സുരേഷ് ബാബുവാണ് പ്രോസിക്യൂനന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍. അറസ്റ്റിലായതു മുതല്‍ നാളിതുവരെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ ഇളവുചെയ്യണമെന്നും കോടതി വിധിച്ചു.