- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രധാന രജിസ്റ്ററുകൾ സുപ്രീം കോടതിക്ക് കൈമാറിയില്ലെന്ന് ആരോപണം; ആക്ഷേപം മാമോദിസ രജിസ്റ്റർ, സംസ്‌കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ തുടങ്ങിയവയുടെ കാര്യത്തിൽ; താനിപ്പോഴും പറയ സമുദായത്തിൽ പെട്ട വ്യക്തി; താൻ ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് തെളിയിക്കാൻ ഉള്ള രേഖകൾ ഒന്നും ഹർജിക്കാരൻ ഹാജരാക്കിയില്ലെന്ന് രാജയുടെ സത്യവാങ്മൂലം
ന്യൂഡൽഹി: ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സുപ്രീംകോടതിയുടെ തുടർവാദം പരിഗണിക്കവേ കേസിലെ സുപ്രധാനമായ മൂന്ന് രിദസ്റ്ററുകൾ സുപ്രീംകോടതിക്ക് കൈമാറിയില്ലെന്ന് ആരോപണം. കോൺഗ്രസ് സ്ഥാനാർത്ഥിയായ ഡി കുമാറാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. മാമോദിസ രജിസ്റ്റർ, സംസ്‌കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ എന്നിവ സുപ്രീംകോടതിക്ക് കൈമാറിയില്ലെന്നാണ് ആരോപണം.
ഹൈക്കോടതിയിൽ പരിഗണിച്ച രേഖകൾ സുപ്രീംകോടതി മുമ്പാകെ എത്തിയില്ലെന്നാണ് കുമാർ പ്രധാനമായും വാദിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനൽ കൈമാറാൻ ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ അധ്യക്ഷതയിലുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് മുമ്പാകെയാണ് ഇന്ന് ദേവികുളം തിരഞ്ഞെടുപ്പ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹൈക്കോടതിയിൽ നിന്ന് ലഭിച്ചതായി സുപ്രീം കോടതി രജിസ്ട്രി പുറത്തിറക്കിയ ഓഫീസ് ഓർഡറിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിൽ മൂന്ന് സുപ്രധാനമായ രേഖകളില്ലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയും ഹർജിക്കാരനുമായ ഡി കുമാറിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നരേന്ദ്രർ ഹൂഡയും, അഭിഭാഷകൻ അൽജോ കെ ജോസഫും ചൂണ്ടിക്കാട്ടി.
ഇതേ തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അപേക്ഷ ഫയൽ ചെയ്യാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കേസ് അടുത്ത ബുധനാഴ്‌ച്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ഇതിനിടെ താൻ ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് തെളിയിക്കാൻ ഉള്ള രേഖകൾ ഒന്നും ഹർജിക്കാർക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി എ രാജ സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തു.
താൻ ഇപ്പോഴും ഹിന്ദു പറയ വിഭാഗത്തിൽ പെട്ട വ്യക്തിയാണ്. ഹിന്ദു പറയ വിഭാഗത്തിലല്ലെന്ന് തെളിയിക്കുന്ന ഒരു രേഖകളും ഹാജരാക്കാൻ എതിർ കക്ഷികൾക്ക് കഴിഞ്ഞിട്ടില്ലെന്നും മറുപടി സത്യവാങ്മൂലത്തിൽ രാജ പറഞ്ഞു. രാജയക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരി, അഭിഭാഷകൻ ജി പ്രകാശ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.
നേരത്തെ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി താൽക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. തുടർന്നമാണ് കേസിൽ വിശദമായ വാദങ്ങളിലേക്ക് കടന്നത്. എ രാജയ്‌ക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡി കുമാറാണ് കോടതിയെ സമീപിച്ചത്. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ടയാളാണ് രാജയെന്നും പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി .ഇത് അനുവദിച്ചാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്.
ജാതിവ്യവസ്ഥ നിലനിൽക്കുന്നതായി അംഗീകരിക്കുന്ന ഹിന്ദു മതത്തിൽ പെട്ട പട്ടിക ജാതിക്കാർക്ക് മാത്രമാണ് രാജ്യത്തെ നിയമപ്രകാരം പട്ടിക ജാതി സീറ്റിൽ മത്സരിക്കാൻ അവകാശം ഉള്ളത്. ക്രിസ്ത്യൻ, മുസ്ലിം മതങ്ങൾ ജാതി വ്യവസ്ഥ ഇല്ലാത്ത സമത്വം ഉള്ള മതങ്ങൾ ആയാണ് നിയമത്തിനു മുന്നിൽ കണക്കാക്കപ്പെടുന്നത്.
ക്രിസ്തുമത വിശ്വാസികളായ അന്തോണിഎസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ.രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നുമാണു ഡി.കുമാറിന്റെ വാദം. എ.രാജയുടെയും ഷൈനിപ്രിയയുടെയും വിവാഹഫോട്ടോ പ്രാഥമിക തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. ക്രിസ്ത്യൻ ആചാരപ്രകാരമാണ് രാജയുടെ അമ്മയെ സംസ്‌കരിച്ചത്. കുടുംബം പതിവായി പള്ളിയിൽ പോകുന്നവരാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഡി.കുമാറിനെ 7848 വോട്ടിനാണ് എ രാജ ദേവികുളത്ത് പരാജയപ്പെടുത്തിയിരുന്നത്.
മറുനാടന് ഡെസ്ക്