ന്യൂഡൽഹി: ഭൂമി കയ്യേറ്റത്തിന്റെ പേരിൽ, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി അവരുടെ ഡൽഹിയിലെ ആസ്ഥാനം ഒഴിയണമെന്ന് സുപ്രീം കോടതി. ഹൈക്കോടതിക്ക് വേണ്ടി കണ്ടുവച്ച സ്ഥത്താണ് എഎപിയുടെ ആസ്ഥാനം. ജൂൺ 15 വരെ കോടതി സാവകാശം അനുവദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ദീർഘമായ സമയപരിധി അനുവദിച്ചത്. എഎപിക്ക് പകരം മറ്റൊരു ഭൂമിക്കായി കേന്ദ്ര ഭൂമി വികസന വകുപ്പിനെ സമീപിക്കാം.

നാലാഴ്ചയ്ക്കകം അപേക്ഷ കൈകാര്യം ചെയ്ത് എൽ ആൻഡ് ഡി ഒ വിവരം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ച് നിർദ്ദേശിച്ചു. നിലവിലെ ഭൂമിയിൽ തുടരാൻ എഎപിക്ക് നിയമപരമായി അവകാശം ഇല്ല.

ഡൽഹി ഹൈക്കോടതി വികസന പദ്ധതിക്കായി മാറ്റി വച്ച സ്ഥലം എഎപി കയ്യേറിയെന്ന് വെള്ളിയാഴ്ച കോടതി നിരീക്ഷിച്ചിരുന്നു. റൗസ് അവന്യു കോടതിക്ക് കൂടുതൽ കോടതി മുറികൾ പണിയുന്നതിന് വേണ്ടിയാണ് ഭൂമി മാറ്റി വച്ചത്. കോടതി ഉത്തരവിനെ തുടർന്ന് ഫെബ്രുവരി 15 ന് ചേർന്ന യോഗത്തിൽ, മറ്റൊരു സ്ഥലം അനുവദിച്ചാൽ, രണ്ടുമാസത്തിനകം നിലവിലെ ആസ്ഥാനം ഒഴിയാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടാകിരുന്നതിനെ ജഡ്ജിമാർ ചോദ്യം ചെയ്തു.

ആർക്കും നിയമം കയ്യിലെടുക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ' എങ്ങനെയാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് അവിടെ തുടരാനാകുക? എല്ലാ കയ്യേറ്റങ്ങളും നീക്കം ചെയ്യും. ഹൈക്കോടതിക്ക് ഭൂമി കിട്ടിയാൽ അത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കും, ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. .

എഎപിക്ക് പകരം ഭൂമി നൽകുന്നതിനെ സോളിസിറ്റർ ജനറൽ ചോദ്യം ചെയ്തു. എന്തിനാണ് ഇത്തരമൊരു ഉപാധി മുന്നോട്ടു വയ്ക്കുന്നതെന്നും തുഷാർ മേത്ത ചോദിച്ചു. ആറ് ദേശീയ പാർട്ടികളിൽ ഒന്നെന്ന നിലയ്ക്ക് എഎപിക്ക് ഭൂമിക്ക് അവകാശം ഉണ്ടെന്നായിരുന്നു പാർട്ടിക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വിയുടെ വാദം.