മലപ്പുറം: മലപ്പുറത്ത് പത്താംക്ലാസുകാരിയെ പീഡിപ്പിച്ചതിന് മലപ്പുറം തിരൂരിൽ പോക്‌സോ കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തിൽ നിന്ന് ചാടി പ്രതിയായ ബസ് ഡ്രൈവറുടെ ആത്മഹത്യാശ്രമം. തിരൂർ പോക്‌സോ കോടതിയിൽ ഇന്ന് ഉച്ചയ്ക്കു ഒരു മണിയോടെയാണ് സംഭവം. പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ആത്മഹത്യക്ക് ശ്രമിച്ചത് കോട്ടക്കൽ ആട്ടീരി സ്വദേശി ജബ്ബാറാണ്. കോട്ടക്കൽ പൊലീസ് 2016ൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിലെ പ്രതിയായ ജബ്ബാറിനെ കോടതി ഇന്ന് 18 വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് സംഭവം.

വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതിയിലുള്ളവരെ വെട്ടിച്ച് പുറത്ത് കടന്ന ഇയാൾ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ ഒന്നാം നിലയിലാണ് കോടതി പ്രവർത്തിക്കുന്നത്. കോടതിയിലുള്ളവരെ അമ്പരിപ്പിച്ച് കൊണ്ട് നൊടിയിടയിലായിരുന്നു ജബ്ബാർ പുറത്തെത്തിയത്. പിടിക്കാൻ പൊലീസെത്തുമ്പോഴേക്കും താഴേക്ക് ചാടുകയായിരുന്നു. കോടതി കെട്ടിടത്തിലുണ്ടായിരുന്ന പൊലീസുകാർ ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്ത് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.

ജബ്ബാറിന് തലയിലുൾപ്പടെ പരിക്കേറ്റിട്ടുണ്ട്. ഏഴൂവർഷം മുമ്പാണ് 10-ാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയായ ജബ്ബാറിനെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോടതി പ്രതിക്ക് മൂന്നു വകുപ്പുകളിലായി 10 വർഷം കഠിന തടവും 50,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 1 വർഷം കഠിന തടവും, 7 വർഷം കഠിന തടവും 10,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം കഠിന തടവും, 1 വർഷം കഠിന തടവും 5,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 2 മാസം കഠിന തടവും അടക്കം 18 വർഷം കഠിന തടവിനും 65,000/ രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു.

ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രതി കോട്ടക്കൽ പുൽപാട്ടിൽ ആട്ടീരി അബ്ദുൽ ജബ്ബാറിനെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ ദിനേശ് ആണ് ശിക്ഷ വിധിച്ചത്. കോട്ടക്കൽ സബ് ഇൻസ്പെക്ടറായിരുന്ന മഞ്ജിത് ലാൽ, തിരൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന മുഹമ്മദ് ഹനീഫ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അയിഷ പി ജമാൽ, അശ്വിനി കുമാർ എന്നിവർ ഹാജരായി. തിരൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സീമ പ്രോസിക്യൂഷനെ സഹായിച്ചു.