- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമയക്രമം നിഷ്കർഷിക്കാനാകില്ല; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയമനുവദിച്ച് സുപ്രീംകോടതി; വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യം അംഗീകരിച്ചു
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം അനുവദിച്ചു സുപ്രീംകോടതി. എട്ടു മാസത്തെ സാവകാശമാണ് സുപ്രിംകോടതി അനുവദിച്ചത്. വിചാരണ നടപടികൾ പൂർത്തിയാക്കുന്നതിന് 2024 മാർച്ച് 31 വരെ സമയം അനുവദിക്കണെമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് വിസ്താരം പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം അനുവദിച്ചത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയ പരിധി ജൂലൈ 31 ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും ആറ് സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചതെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ കത്തിലൂടെ അറിയിച്ചു.
വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആരോപിച്ചു. അതിനാൽ മൂന്ന് മാസത്തിന് ശേഷം വിചാരണ സംബന്ധിച്ച പുരോഗതി സുപ്രീം കോടതി വിലയിരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി തള്ളി.
വിചാരണയ്ക്ക് സമയ ക്രമം നിശ്ചയിക്കാൻ കഴിയില്ലെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അനിരുദ്ധ ബോസ് ചൂണ്ടിക്കാട്ടി. പ്രോസിക്യുഷൻ അല്ല മറിച്ച് വിചാരണ കോടതി ജഡ്ജി ആണ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുന്നത് എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ കോടതിയിൽ ചൂണ്ടിക്കാട്ടി.
മറുനാടന് ഡെസ്ക്